എഐ, വിര്‍ച്വല്‍ റിയാലിറ്റിയില്‍ ദൃശ്യാനുഭമൊരുക്കാന്‍ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍

എഐ, വിര്‍ച്വല്‍ റിയാലിറ്റിയില്‍ ദൃശ്യാനുഭമൊരുക്കാന്‍ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍

15 കമ്പനികള്‍ ഉള്‍പ്പെട്ട നാലാഴ്ച നീണ്ടുനില്‍ക്കുന്ന ആക്‌സിലേറ്റര്‍ പ്രോഗ്രാമിന് തുടക്കമായി

ദുബായ്: സന്ദര്‍ശകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് (എഐ), വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ നവീന സാങ്കേതിക വിദ്യകളിലൂടെ പുതിയ ദൃശ്യാനുഭവമൊരുക്കാന്‍ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ പ്രഗല്‍ഭരായ മികച്ച 15 കമ്പനികളെ തെരഞ്ഞെടുത്തുകൊണ്ട് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ആക്‌സിലേറ്റര്‍ പ്രോഗ്രാമിന് തുടക്കമായി.

അടുത്ത വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന മ്യൂസിയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകള്‍ ഭാവിയിലേക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും വിഭാവനം ചെയ്യപ്പെടുക. സന്ദര്‍ശകരെ അതിനൂതന സാങ്കേതിക വിദ്യയില്‍ ഊന്നിയ വിവിധ നിര്‍മിതികള്‍ പരിചയപ്പെടുത്തുകയാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. ഭാവിയുടെ മായിക കാഴ്ചകള്‍ വരും തലമുറയ്ക്കായി കരുതിവെക്കുന്ന മ്യൂസിയത്തിന്റെ തന്ത്രപരമായ പങ്കാളികളായി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ ഇനി മുതല്‍ അറിയപ്പെടും. യുഎസ്, യുകെ, ഓസ്‌ട്രേലിയ കാനഡ, ഫ്രാന്‍സ്, തായ്‌വാന്‍, സിംഗപ്പൂര്‍, ചൈന, യുഎഇ എന്നിവിടങ്ങളില്‍ നിന്നായി എച്ച്ടിസി, ഹ്വാവെയ്, പോപിക്യു, സെന്‍സൊറീ, ആര്‍ട്ട് പ്രോസസേഴ്‌സ്, ഐഡന്റിജി, യൂണിഫൈഡ് ഇന്‍ബോക്‌സ്, ഡിജികോം, ഹോളോട്രോണികാ, സിനിപ്‌സ്, മെറ്റാവിആര്‍എസ്ഇ, സ്‌പെയ്‌സസ്, ഐടി സേര്‍വ്, അക്‌സിയോണ്‍ 360, ലേയേഴ്‌സ് ഓഫ് റിയാലിറ്റി എന്നിവരാണ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പങ്കാളികള്‍.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലൂടെ സന്ദര്‍ശകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ദൃശാനുഭവങ്ങള്‍ ഒരുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സിഇഒ ഖല്‍ഫാന്‍ ബെലോള്‍ അഭിപ്രായപ്പെട്ടു.

2014 മുതല്‍ ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വര്‍ഷം തോറും വിവിധ മള്‍ട്ടി സെന്‍സറി പ്രദര്‍ശനങ്ങള്‍ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ആരോഗ്യപരിപാലനം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രദര്‍ശനങ്ങളാണ് ഇവര്‍ ഏറ്റെടുത്തിരുന്നത്. ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും അവയുടെ പ്രാരംഭ മാതൃകകളും പരീക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള പ്ലാറ്റ്‌ഫോമാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. തിയറ്റര്‍, ക്ലാസ്‌റൂം, പാര്‍ട്ണര്‍ഷിപ്പ് ലാബുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പുതിയ ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തവര്‍ഷം തുറക്കുന്ന ദുബായിയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്നലെ വരെയുള്ളതോ ഇന്നു വരെയുള്ളതോ ആയ കാഴ്ചകളെയല്ല ഉള്‍പ്പെടുത്തുക, മറിച്ച് ഭാവിയിലേക്കുള്ള കണ്ടുപിടുത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. പുതിയ തലമുറയെ ശാസ്ത്ര, സാങ്കേതിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും മികച്ച സന്ദര്‍ശന അനുഭവം നല്‍കാനും പദ്ധതിയിട്ട് നിര്‍മിക്കുന്ന മ്യൂസിയം ദുബായിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌ന പദ്ധതികളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ദുബായ് ഷേക്‌സായ് റോഡിനടുത്തുള്ള എമിറേറ്റ്‌സ് ടവറിനോട് ചേര്‍ന്നാണ് ഭാവിയിലേക്കുള്ള മ്യൂസിയം ഒരുങ്ങുന്നത്.

Comments

comments

Categories: Arabia