ആമസോണ്‍, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായി സഹകരിച്ച് യുപി സര്‍ക്കാര്‍

ആമസോണ്‍, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായി സഹകരിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ: സംസ്ഥാനത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളെയും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി യുപി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍, വിപ്രോ ജിഇ ഹെല്‍ത്തകെയര്‍, ക്വാളിറ്റി സര്‍ക്കിള്‍ ഓഫ് ഇന്ത്യ (ക്യുസിഐ), ഓഹരി വിപണികളായ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്. ഇതുവഴി ഒഡിഒപി (ഒരു ജില്ല, ഒരു ഉല്‍പ്പന്നം) പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒഡിഒപി സ്‌കീം സംസ്ഥാനത്ത് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ലഖ്‌നൗവില്‍ നടന്ന ഒഡിഒപി ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തേക്ക് 25,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി എംഎസ്എംഇകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ മികച്ച വളര്‍ച്ച സാധ്യത പ്രകടമാക്കുന്ന 117 ജില്ലകളുടെ പട്ടികയില്‍ എട്ട് എണ്ണം ഉത്തര്‍പ്രദേശിലാണ്. ഈ ജില്ലകളില്‍ വിപ്ലകരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള വഴി എന്ന നിലയിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ആധൂനിക ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഹാന്‍ഡ്‌മെയ്ഡ് ഉല്‍പ്പന്നങ്ങളെ എങ്ങനെ വിപണിയില്‍ ആകര്‍ഷകമാക്കാനാകുമെന്ന് ചില വികസിത രാജ്യങ്ങളില്‍ നിന്നു പഠിക്കേണ്ടതുണ്ട്. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.

സംസ്ഥാനത്തിന്റെ നിക്ഷേപാന്തരീക്ഷത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിദഗ്ധരായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. ബിസിനസുകള്‍ക്ക് മതിയായ സഹായവും നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ 250 കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കയറ്റുമതി വിപണി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാനത്തെ കുടില്‍ വ്യവസായങ്ങളെ പ്രാപ്തമാക്കുകയാണ് വിവിധ കമ്പനികളുമായുള്ള സഹകരണത്തിന്റെ ലക്ഷ്യമെന്ന് സംസ്ഥാന എംഎസ്എംഇ വകുപ്പ് മന്ത്രി സത്യദേവ് പചൗരി പറഞ്ഞു. ഒഡിഒപി സ്‌കീം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. തങ്ങളുടെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അധികം വൈകാതെ തന്നെ മറ്റ് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Tags: Amazon, BSE, up