ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സമാഹരിച്ചു

ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സമാഹരിച്ചു

 

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ട്രയല്‍ റൂം സ്റ്റാര്‍ട്ടപ്പായ ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു മില്യണ്‍ ഡോളര്‍( 7 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. ഫണ്ടിംഗ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ പ്ലാറ്റ്‌ഫോമായ വെന്‍ച്വര്‍ കാറ്റലിസ്റ്റില്‍ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്.

ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങളും മറ്റും ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ ധരിച്ചുനോക്കി ശരീരത്തിന് ഇണങ്ങിയത് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് ഒരുക്കുന്നത്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ത്രീഡി മാതൃക സൃഷ്ടിച്ച് വസ്ത്രങ്ങള്‍ ധരിച്ചുനോക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ട്രൈ ആന്‍ഡ് ബൈയുടേത്.

ഇപ്പോള്‍ നടത്തിയ ഫണ്ടിംഗിലൂടെ ആഗോളതലത്തില്‍ ബിസിനസ് വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. കഴിവും കാര്യക്ഷമതയുമുള്ള ജീവനക്കാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വിപുലീകരണത്തിന്റെ ഭാഗമായി ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ഓഫീസുകളും ട്രൈ ആന്‍ഡ് ബൈ സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

2015 ഡിസംബറില്‍ നിതിന്‍ വാട്‌സ്, രാഹുല്‍ ഗാര്‍ഗ്, നിക്കി, കുനാല്‍ രാജ്‌വന്‍ഷി എന്നിവര്‍ ചേര്‍ന്നാണ് ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചത്.

കമ്പനിയുടെ വലിയ തോതിലുള്ള വിപുലീകരണമാണ് ഈ നിക്ഷേപ സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഇന്നൊവേഷന്‍ മേധാവി നിക്കി പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ ഷോപ്പിംഗിന്റെ അതേ അനുഭവം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 200 ഓളം മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാനാണ് കമ്പനി ഈ ഫണ്ടിംഗിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷവോമി ടെക്‌നോളജി ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മുരളികൃഷ്ണന്‍ ബി, ഹഗ്‌സ് സിസ്ടിക്ക് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വിനോദ് സൂദ്, റെഡ്ബസ് സഹസ്താപകന്‍ ഭാസ്‌കര്‍ രാജു എന്നിവര്‍ കമ്പനിയിലെ വ്യക്തിഗത നിക്ഷേപകരാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരുകൂട്ടം നിക്ഷേപകരില്‍ നിന്നും കമ്പനി നിക്ഷേപം സമാഹരിച്ചിരുന്നു. ഈ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കാറ്റലിസ്റ്റ്‌സ്. 2015 ല്‍ അനില്‍ ജെയ്ന്‍, അപൂര്‍വ് രഞ്ജന്‍ ശര്‍മ, അനൂജ് ഗൊലേഛ, ഗൗരവ് ജെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചത്. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ 250,000 ഡോളറിനും ഒരു മില്യണ്‍ ഡോളറിനും ഇടയില്‍ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

 

Comments

comments

Tags: Try And Buy

Related Articles