ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രം

ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ ഷെല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്ര കോപ്പറേറ്റ് കാര്യ മന്ത്രാലയം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 50,000 കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ അനധികൃത പണമിടപാടുകള്‍ക്ക് മറയാകുന്ന കമ്പനികളെയാണ് ഷെല്‍ കമ്പനികള്‍ എന്നുപറയുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 30,000ത്തിലധികം കമ്പനികളുടെ പേരുകളാണ് ഡെല്‍ഹി രജ്‌സ്ട്രാര്‍ ഓഫ് കമ്പനീസ് നീക്കം ചെയ്തത്. 11,000ത്തിലധികം കമ്പനികളുടെ പേരുകള്‍ മുംബൈ രജിസ്ട്രാര്‍ ഓഫ് കമ്പനീസും (ആര്‍ഒസി) നീക്കം ചെയ്തിട്ടുണ്ട്. രാജ്യത്തെ മറ്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസും ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഒരു തരത്തിലുള്ള ബിസിനസ് ഇടപാടുകളും നടത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികളുടെ പേരുകള്‍ ആര്‍ഒസികള്‍ നീക്കം ചെയ്തിട്ടുള്ളത്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനിടയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് കമ്പനികള്‍ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (20172018) ഏകദേശം 2,50,000 ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സാമ്പത്തിക വര്‍ഷവും ഇത്ര തന്നെ ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കേണ്ടതുണ്ടെന്നാണ് കേര്‍പ്പറേറ്റ് മന്ത്രാലയം കരുതുന്നത്. മന്ത്രാലയത്തിനുകീഴില്‍ രൂപീകരിച്ചിട്ടുള്ള ഒരു ടാസ്‌ക് ഫോഴ്‌സ് എല്ലാ ആര്‍ഒസികളുടെയും രജിസ്റ്ററുകള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്.

രാജ്യത്ത് സജീവമായി ബിസിനസ് പ്രവര്‍ത്തനം നടത്തുന്ന 1.1 മില്യണ്‍ കമ്പനികളാണുള്ളത്. കമ്പനീസ് നിയമത്തിലെ 248ാം വകുപ്പ് പ്രകാരം രണ്ട് വര്‍ഷത്തിലധികമായി യാതൊരു പ്രവര്‍ത്തനവും നടത്താത്ത നിഷ്‌ക്രിയ കമ്പനികള്‍ക്കെതിരെ നടപടികളെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വഴി സര്‍ക്കാര്‍ ഇത്തരം കമ്പനികള്‍ക്കും അതിന്റെ ഡയറക്റ്റര്‍മാര്‍ക്കും നോട്ടീസ് അയക്കും. ഇക്കാര്യത്തില്‍ ഇവര്‍ക്ക് പ്രതികരണമറിയിക്കാന്‍ 30 ദിവസത്തെ സമയവും സര്‍ക്കാര്‍ നല്‍കും. തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത്. തുടര്‍ച്ചയായി രണ്ട് വര്‍ഷകാലം യാതൊരു ബിസിനസും ചെയ്തിട്ടില്ലാത്ത എല്‍എല്‍പികളുടെ (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്‌സ്) പേരുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനോടകം ഇത്തരത്തിലുള്ള 4,000ത്തോളം എല്‍എല്‍പികളെ സര്‍ക്കാര്‍ കണ്ടെത്തിയതായാണ് വിവരം.

 

Comments

comments