സമൂഹ പുരോഗതിക്കായി ഇന്നൊവേഷന്‍ നടത്തുക: നരേന്ദ്രമോദി

സമൂഹ പുരോഗതിക്കായി ഇന്നൊവേഷന്‍ നടത്തുക:  നരേന്ദ്രമോദി

മുംബൈ: മാനവസമൂഹത്തിന്റെ പുരോഗതിക്കായി ഇന്നൊവേഷനുകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഈ ലക്ഷ്യത്തോടെ കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ട് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, മലിനീകരണ വിമുക്തമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക, ജല സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്നൊവേഷനുകള്‍ നടത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചു. ഐഐടി ബോംബൈയുടെ 56ാമത് ബിരുദദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഐഐടി ബോംബെയെ ഇന്ത്യയിലുണ്ടായ പരിവര്‍ത്തനങ്ങളുടെ കാരണക്കാരായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യ എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ വളര്‍ത്തുന്നതിനും സാങ്കേതിക തലത്തില്‍ ഉയര്‍ന്ന ലോകരാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് സഹായിച്ചതായി അഭിപ്രായപ്പെട്ടു. ഐഐടി പോലെ നിലവാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇന്നൊവേഷനെയും സംരംഭകത്വത്തെയും പരിപോക്ഷിപ്പിക്കുന്ന നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐഐടികളിലും ഐഐടി ബിരുദധാരികള്‍ കൈവരിച്ച നേട്ടങ്ങളിലും രാജ്യം അഭിമാനിക്കുന്നു. ഇവരുടെ വിജയം രാജ്യത്തെ എന്‍ജിനീയറിംഗ് കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ട്. ഇതാണ് ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക ശക്തിയുടെ കേന്ദ്രമാക്കി മാറ്റുന്നത്. ഈ നേട്ടങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഇനിയും നാം മുന്നോട്ട് വളരണം. ഇന്ത്യയെ ഇന്നൊവേഷന്റെ ഏറ്റവും ആകര്‍ഷകമായ കേന്ദ്രമാക്കി മാറ്റണം. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങള്‍ മാത്രം പോരാ രാജ്യത്തെ യുവജനങ്ങളും ഈ പരിശ്രമത്തിന്റെ ഭാഗമാകണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല യുവാക്കളുടെ മനസിലാണ് ഏറ്റവും മികച്ച ആശയങ്ങള്‍ ഉല്‍ഭവിക്കുന്നത്.

ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്നൊവേഷന്റെയും കേന്ദ്രമായി വളര്‍ന്നു വരികയാണ്. യുണികോണ്‍ (ഒരു ബില്യണ്‍ വിപണി മൂല്യം) സ്റ്റാര്‍ട്ടപ്പുകളുടെ ഒരു വിളനിലമായിട്ടാണ് ഇന്ത്യയെ ഇപ്പോള്‍ കാണാനാകുന്നത്. ഇത് വെറും തുടക്കം മാത്രമാണ്. ഭാവിയില്‍ മൂല്യം ഉയര്‍ന്ന് ഒരു ട്രില്യണ്‍ ആകും. ഇന്നത്തെ പല കോര്‍പ്പറേഷനുകളും ഇന്നലെ സ്റ്റാര്‍ട്ടപ്പുകളായിരുന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Comments

comments