വൈഫൈയേക്കാള്‍ ഇന്ത്യക്കാരുടെ മുന്‍ഗണന മൊബീല്‍ നെറ്റ്‌വര്‍ക്ക്

വൈഫൈയേക്കാള്‍ ഇന്ത്യക്കാരുടെ മുന്‍ഗണന മൊബീല്‍ നെറ്റ്‌വര്‍ക്ക്

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം 40മില്യണിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഡാറ്റയുടെ ഏറ്റവും വലിയ ആവശ്യക്കാരായി ഇന്ത്യക്കാര്‍ മാറുകയാണെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റ് പ്രവേശനത്തിന് ഇന്ത്യക്കാര്‍ വൈഫൈയേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൊബീല്‍ ഇന്റര്‍നെറ്റാണെന്നും. ഗൂഗിള്‍, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ സഹകരണത്തില്‍ ബെയ്ന്‍ ആന്‍ഡ് കമ്പനി നടത്തിയ പഠനം വ്യക്തമാക്കുന്നു.

ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വൈഫൈയെ കൂടുതലായി ആശ്രയിക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രവണതയാണ് ഇന്ത്യക്കാരില്‍ കണ്ടുവരുന്നത്. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് സമ്പദ്ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും 3-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അവസരങ്ങള്‍ തുറന്നേക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം 40മില്യണിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. നിലവില്‍ ചൈന കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. എന്നാല്‍ ജനസംഖ്യയിലെ ഇന്റര്‍നെറ്റ് വ്യാപനത്തില്‍ ചൈനയേക്കാളും ബ്രസീലിനേക്കാളും ഏറെ പിന്നിലാണ് ഇന്ത്യ. ബ്രസീലിന്റെ ഇന്റര്‍നെറ്റ് വ്യാപനം 64 ശതമാനവും ചൈനയുടെത് 53 ശതമാനവുമാണ്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് വ്യാപനമാകട്ടെ 28 ശതമാനം മാത്രമാണ്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 മില്യണിലധികം പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളെയും ഓണ്‍ലൈന്‍ ഉപഭോക്താക്കളെയും കൂട്ടിച്ചേര്‍ക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നിലവില്‍ 390 മില്യണാണ് ഉപഭോക്തൃ അടിത്തറ. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് റീട്ടെയ്ല്‍ വില്‍പ്പന 2017ല്‍ 20 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ വില്‍പ്പനയുടെ 2 ശതമാനം വരുമിതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Tech