2019ല്‍ ലാഭം നേടുമെന്ന് സ്റ്റാര്‍സ്‌പ്ലേ

2019ല്‍ ലാഭം നേടുമെന്ന് സ്റ്റാര്‍സ്‌പ്ലേ

ഈ മാസം അവസാനമാകുമ്പോഴേക്കും പാക്കിസ്ഥാനിലേക്കും സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍സ്‌പ്ലേ

ദുബായ്: പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍സ്‌പ്ലേ അറേബ്യ ഒരു വര്‍ഷത്തിനുള്ളില്‍ ലാഭം നേടുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ മാസ് ഷേഖ്. 2019 അവസാനിക്കുമ്പോഴേക്കും കമ്പനി ലാഭത്തിലെത്തിയിരിക്കും. പദ്ധതിയിട്ട ബിസിനസുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പണം കമ്പനിയുടെ പക്കലുണ്ട്-അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അധിക ഫണ്ട് ആവശ്യമില്ല. ഇതുവരെ കമ്പനി ലാഭത്തിലെത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ ലാഭം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ-മാസ് ഷേഖ് പറഞ്ഞു.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കൂടുതല്‍ പണം ആവശ്യമായി വരും. എന്നാല്‍ ഇപ്പോള്‍ അതിന് പദ്ധതിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്ലാന്‍ അനുസരിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം തന്നെ പാക്കിസ്ഥാനിലേക്കും തങ്ങള്‍ സേവനം വ്യാപിപ്പിക്കുമെന്ന് ഷേഖ് പറഞ്ഞു. മുമ്പ് അവതരിപ്പിച്ച പദ്ധതിയുടെ ഭാഗം തന്നെയാണ് പാക്കിസ്ഥാനിലേക്കുള്ള വികസനവും. അവിടെയുള്ള ടെലികോം സേവനദാതാക്കളുമായി ഞങ്ങള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 14 മുതല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ-അദ്ദേഹം വ്യക്തമാക്കി.

ഈജിപ്റ്റ്, പാക്കിസ്ഥാന്‍ തുടങ്ങിയ വിപണികളില്‍ കറന്‍സിയുടെ മൂല്യമിടിയുന്നത് ബിസിനസുകള്‍ക്ക് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് ഷേഖ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ കറന്‍സിയില്‍ വന്‍ ഇടിവാണ് അടുത്തിടെയായി സംഭവിച്ചത്.

അതേസമയം സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് മാസ് ഷേഖ് നല്‍കിയത്. നിലവിലെ വളര്‍ച്ചാ നിരക്കില്‍ തുടരുകയാണെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനി ലാഭം നേടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷമാണ് ലാഭത്തിലെത്താനുള്ള സമയപരിധിയായി ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്-ഷേഖ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Starplus