സൗദിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടി കാനഡ

സൗദിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടി കാനഡ

ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് കാനഡ. നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലെന്ന സന്ദേശം നല്‍കി സൗദി അറേബ്യ

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുടലെടുത്ത നയതന്ത്രപ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. പ്രശ്‌നം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമം കാനഡ സജീവമാക്കിയിട്ടുണ്ട്. യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നേരത്തെ കാനഡ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷമാണ് ജര്‍മനിയെയും സ്വീഡനെയും സമീച്ചിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് നേരത്തെ സൗദി അറേബ്യയുമായി സമാന വിഷയങ്ങളില്‍ പോരടിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് എന്ത് സഹായം നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.

സൗദി ജയിലിലടച്ച ചില മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ പുറത്തുവിടണമെന്ന കാനഡയുടെ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണ് കാനഡയുടെ നടപടിയെന്ന് പറഞ്ഞ് അതിശക്തമായാണ് സൗദി തിരിച്ചടിച്ചത്. കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി നിര്‍ത്തി. അംബാസഡറെ പുറത്താക്കി. എന്തിന്, കാനഡയില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളെ അവിടെ നിന്നും മാറ്റാനുള്ള സജ്ജീകരണങ്ങള്‍ വരെ ഏര്‍പ്പെടുത്തി.

അതേസമയം കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ അഭിപ്രായപ്രകടനം സൗദിയെ വീണ്ടും പ്രകോപിതരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തും സ്വദേശത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാനഡ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ലോകത്തുള്ള ജനങ്ങള്‍ കാനഡയില്‍ നിന്നും അത്തരത്തിലുള്ള ഒരു നേതൃത്വമാണ് ആവശ്യപ്പെടുന്നതെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാതെയുള്ള നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. സൗദി അറേബ്യയുടെ അടുത്ത സുഹൃദ് രാജ്യമായാണ് ഇപ്പോള്‍ യുഎസ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തില്‍ ഇടപെടാതെ ഡൊണാള്‍ഡ് ട്രംപും അമേരിക്കയും മാറി നിന്നതില്‍ കാനഡയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതെര്‍ നോര്‍ട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയും കാനഡയും അമേരിക്കയുടെ സൗഹൃദ പങ്കാളികളാണ്. നയതന്ത്രപരമായി തന്നെ അവര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതാണ് നല്ലത്. വ്യക്തിഗത സ്വാതന്ത്ര്യത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും ഒരുപോലെ ബഹുമാനിക്കുന്ന സമീപനമാണ് യുഎസിന്റേത്-ഹീതെര്‍ നോര്‍ട്ട് പറഞ്ഞു.

വിഷയത്തില്‍ സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായാണ് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയത്. തെറ്റ് കാനഡയുടെ ഭാഗത്താണെന്ന് അറബ് ലീഗും അഭിപ്രായപ്പെട്ടിരുന്നു. പല പടിഞ്ഞാറന്‍ രാജ്യങ്ങളും വിഷയത്തില്‍ മിണ്ടാതെ നില്‍ക്കുന്നത് കാനഡയെ അലോസരപ്പെടുത്തുന്നുണ്ട്.

2015 മാര്‍ച്ചില്‍ സ്വീഡിഷ് വിദേശകാര്യമന്ത്രി സൗദിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സ്റ്റോക്‌ഹോമില്‍ നിന്ന് തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിച്ചിരുന്നു. സമാനമായ പ്രശ്‌നം ജര്‍മനിയുമായി ഉണ്ടായതിനെ തുടര്‍ന്ന് അവരുമായുള്ള വ്യാപാര ബന്ധം ദുര്‍ബലപ്പെടുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചതായി ഈ വര്‍ഷം ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ അഭിപ്രായം പറഞ്ഞാല്‍ അതിനെ സഹിഷ്ണുതയോടെ കാണില്ലെന്ന ഉറച്ച സന്ദേശമാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കുന്നത്.

Comments

comments

Categories: Arabia
Tags: Soudhi