റിയല്‍റ്റി രംഗം സ്വരൂപിച്ചത് 24,011 കോടി രൂപയുടെ നിക്ഷേപം

റിയല്‍റ്റി രംഗം സ്വരൂപിച്ചത് 24,011 കോടി രൂപയുടെ നിക്ഷേപം

കോര്‍പ്പറേറ്റ് ലീസിംഗ് പ്രവര്‍ത്തനങ്ങളില്‍ 54 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഏകദേശം 24,011 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സംരംഭമായ ജെഎല്‍എല്ലും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഹോം ബയേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിച്ചതും റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ആക്റ്റ്) നടപ്പാക്കിയതും മൂലധന മൂല്യം മെച്ചപ്പെട്ടതുമാണ് റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം ഉയരാനുള്ള കാണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഐടി പാര്‍ക്കുകളിലേക്കും കൊമേഴ്‌സ്യല്‍ റിയല്‍റ്റി രംഗത്തേക്കുമാണ്് ജൂണ്‍ വരെയുള്ള അറ് മാസക്കാലയളവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ മെത്തിയത്, ഏകദേശം 13,151 കോടി രൂപ. ഇക്കാലയളവില്‍ റീട്ടെയ്ല്‍ റിയല്‍റ്റി മേഖല 1,898 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.
2017ല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും ഇന്ത്യന്‍ കമ്പനികളും തമ്മിലുള്ള ചില വമ്പന്‍ കരാറുകള്‍ക്ക് റിയല്‍റ്റി രംഗം സാക്ഷ്യം വഹിച്ചിരുന്നു. മൊത്തം 44 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ ഇക്വറ്റി നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖല സമാഹരിച്ചത്. മേഖലയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ആരോഗ്യകരമായ രീതിയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും നടപ്പു വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം മൊത്തമായി റിയല്‍റ്റി മേഖല 45 ബില്യണ്‍ ഡോളറിലധികം സ്വകാര്യ ഇക്വറ്റി നിക്ഷേപം സ്വരൂപിക്കുമെന്നാണ് സിഐഐയും ജെഎല്‍എല്ലും പ്രതീക്ഷിക്കുന്നത്.

ജനുവരി-ജൂണ്‍ വരെയുള്ള കാലയളവില്‍ ഭവന വില്‍പ്പന വേഗതയില്‍ 25 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളും റെറ നിയമം നടപ്പാക്കിയതിന്റെയും മൂലധന മൂല്യം സ്ഥിരതയാര്‍ജിച്ചതിന്റെയും ഫലമായി ഹോം ബയേഴ്‌സിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനായതാണ് ഭവന വില്‍പ്പന വേഗം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ മാസം നടന്ന ധനനയ അവലോകന യോഗത്തില്‍ ഭവന വായ്പാ നിരക്ക് ഉയര്‍ത്തികൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയെങ്കിലും ഭവന വില്‍പ്പന വളര്‍ച്ചാ പ്രവണത തുടരുമെന്ന് ജെഎല്‍എല്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രമേഷ് നായര്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് ലീസിംഗ് പ്രവര്‍ത്തനങ്ങളില്‍ 54 ശതമാനം വാര്‍ഷിക വര്‍ധനയാണ് ജൂണ്‍ വരെയുള്ള ആറ് മാസ കാലയളവില്‍ ഉണ്ടായത്. വന്‍കിട ടെക് കമ്പനികളും കോ-വര്‍ക്കിംഗ്, ധനകാര്യ സേവന സ്ഥാപനങ്ങളും ആഗോള ഇന്‍-ഹൗസ് ഡാറ്റ സെന്ററുകളുമാണ് ഈ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ളത്. ഏകദേശം 24 മില്യണ്‍ ചതുരശ്രയടി വരുന്ന ഓഫിസ് സ്‌പേസാണ് കമ്പനികള്‍ ഇക്കാലയളവില്‍ പാട്ടത്തിന് നല്‍കിയത്. 2017 ആദ്യ പകുതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ എട്ട് മില്യണ്‍ ചതുരശ്രയടി കൂടുതലാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയത് ബെംഗളൂരുവിലാണ്. ഏറ്റവും കൂടുതല്‍ ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയത് ബെംഗളൂരുവിലും ദേശീയ തലസ്ഥാന മേഖലയിലുമാണ്.

Comments

comments

Categories: Business & Economy
Tags: realty