ചിറകുകള്‍ തളര്‍ന്ന് ജെറ്റ് എയര്‍വേസ്

ചിറകുകള്‍ തളര്‍ന്ന് ജെറ്റ് എയര്‍വേസ്

 

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിലുണ്ടായ പ്രതിസന്ധികള്‍ ലോകത്തെയൊന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ധന വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കനത്ത നഷ്ടത്തിലേക്ക് നയിച്ചതോടെ ചെലവു ചുരുക്കല്‍ നയത്തിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ജെറ്റ് എയര്‍വേസ്

 

വ്യോമയാന മേഖലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ജെറ്റ് എയര്‍വേസ് വിപണി വിഹിതത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനാണ്. ജെറ്റ് എയര്‍വേസിന്റെ ആപ്തവാക്യം സൂചിപ്പിക്കും പോലെ പറക്കലിന്റെ സന്തോഷം (ഖീ്യ ീള എഹ്യശിഴ) അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് അനുഭവഭേദ്യമാക്കിയ എയര്‍ലൈന്‍ തന്നെയാണിവര്‍. ബിസിനസ് ടൈക്കൂണ്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ എയര്‍ലൈന്‍ കമ്പനി മാര്‍ക്കറ്റ് ഷെയറിലും യാത്രക്കാരുടെ എണ്ണം കൊണ്ടും അതിസമ്പന്നമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് കമ്പനിയില്‍ പ്രതിസന്ധികള്‍ ഇത്ര രൂക്ഷമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ദേശീയ അന്തര്‍ദേശീയ സര്‍വീസുകളുമായി സുഗമമായി സഞ്ചരിച്ച കമ്പനി കഴിഞ്ഞയാഴ്ച പുറത്തുവിട്ട പ്രസ്താവന കേട്ട് ലോകം ഒന്നടങ്കം ഞെട്ടി. നിലവിലെ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇനി ഒരു അറുപതു ദിവസത്തേക്കു മാത്രമേ മുന്നോട്ടു പോകൂ എന്ന വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഞെട്ടിച്ചത്.

കഴിഞ്ഞ മേയ് മാസത്തില്‍ 25ാം വാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടിയപ്പോഴും പ്രതിസന്ധിയുടെ നിഴലുകള്‍ ആരിലും ദര്‍ശിച്ചിരുന്നില്ല. മാത്രവുമല്ല ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലില്‍ എല്ലാവരും വിശ്വാസമര്‍പ്പിക്കുന്ന കാഴ്ചയും കാണാനിടയായി. എന്നാല്‍ ആ സന്തോഷകരമായ മുഖം വെറും മൂന്നു മാസത്തിനുള്ളില്‍ ഇക്കഴിഞ്ഞയാഴ്ച മങ്ങാനിടയായിരിക്കുന്നു. ഇന്ധന വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കനത്ത നഷ്ടത്തിലേക്ക് നയിച്ചതായി ജെറ്റ് വ്യക്തമാക്കിയിരിക്കുന്നു.

ചെലവു ചുരുക്കല്‍ നയം വ്യക്തമാക്കി മാനേജ്‌മെന്റ്

ശമ്പളം അടക്കമുള്ളവ വെട്ടിക്കുറച്ച് കര്‍ശനമായ ചെലവു ചുരുക്കല്‍ നയമാണ് പ്രതിസന്ധി മറകടക്കാന്‍ കമ്പനി മുന്നോട്ടു വെച്ചിരിക്കുന്ന നയം. അങ്ങനെയല്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ പറക്കല്‍ മതിയാക്കേണ്ടി വരുമെന്നും അവര്‍ സൂചന നല്‍കി കഴിഞ്ഞു. നരേഷ് ഗോയലും ജെറ്റ് മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്ന സിഇഒ വിനയ് ദുബെയും ചേര്‍ന്ന് വിവിധ റാങ്കുകളിലുള്ള പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ ശമ്പളം 25 ശതമാനത്തോളം വെട്ടിക്കുറക്കാനാണ് ആലോചിച്ചിരിക്കുന്നത്. സാമ്പത്തിക ബുദ്ധുമുട്ടുകള്‍ കാരണം പൈലറ്റുമാരുടെ ശമ്പളം 15 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം കമ്പനി നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പൈലറ്റുമാര്‍ ഈ നീക്കത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ആ നീക്കം വേണ്ടെന്നു വെക്കുകയായിരുന്നു. പ്രതിവര്‍ഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരില്‍ നിന്നും അഞ്ച് ശതമാനവും ഒരു കോടിയും അതില്‍ കൂടുതലും വാങ്ങുന്നവരില്‍ നിന്ന് 25 ശതമാനവും തിരിച്ചു പിടിക്കാനാണ് ആലോചന. ചെലവു കുറച്ച് വരുമാനം കൂട്ടുന്നതു സംബന്ധിച്ച നടപടികളുടെ ഭാഗമായി നിരവധി ഓഹരിയുടമകളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കീശ കാലിയാക്കുന്ന പ്രവര്‍ത്തനം

വിമാന ഇന്ധന വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് കമ്പനിയെ ഇത്തരത്തിലുള്ള പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ചെലവ് കൂടിയ പറക്കലുകള്‍, വിമാന അറ്റകുറ്റപ്പണികള്‍, ശമ്പള വിതരണം എന്നിവയെല്ലാം കമ്പനിയെ അനുദിനം സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഓപ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം പ്രതിദിനം 5 മുതല്‍ 10 കോടി വരെ കമ്പനി ചെലവിടേണ്ടി വരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം 3000 കോടി രൂപയാണ് ജെറ്റ് എയര്‍വേസിന്റെ ശമ്പളബില്‍. ശമ്പളം വെട്ടിക്കുറച്ചാല്‍ 500 കോടി ലാഭമുണ്ടാകുമെന്നും കമ്പനി കണക്കു കൂട്ടുന്നുണ്ട്. മൂലധന വായ്പയിലാണ് കമ്പനിയുടെ ഏക പ്രതീക്ഷ. എന്നാല്‍ ജീവനക്കാരുടെ ശമ്പളമടക്കമുള്ളവ വെട്ടിക്കുറച്ച് ചെലവ് ചുരുക്കിയാലെ വായ്പ നല്‍കുകയുള്ളൂവെന്ന കടുത്ത നിലപാട് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നതും ജെറ്റിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

ഓഹരി വില്‍പ്പനയില്‍ കണ്ണുനട്ട്

ജെറ്റ് എയര്‍വേസിന്റെ ഓഹരികളില്‍ ഭൂരിഭാഗവും ഉടമസ്ഥന്‍ നരേഷ് ഗോയലിന്റെ കൈവശമാണുള്ളത്. 51 ശതമാനം ഓഹരികളാണ് അദ്ദേഹത്തിനുള്ളത്. ഈ ഓഹരികളും വില്‍ക്കാന്‍ ശ്രമിക്കുന്നതായി കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസിന് കമ്പനിയില്‍ 24 ശതമാനം ഓഹരികളുണ്ട്. ഏകദേശം കാല്‍ഭാഗത്തോളം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഇത്തിഹാദും ഇപ്പോള്‍ തങ്ങളുടെ പിടി കൂടുതല്‍ മുറുക്കിയിരിക്കുകയാണ്. കമ്പനിയുടെ നിയന്ത്രണം കൈവശപ്പെടുത്തുന്ന രീതിയില്‍ ജെറ്റിന്റെ ഓഹരികള്‍ വാങ്ങാന്‍ ഇത്തിഹാദ് ശ്രമിച്ചെങ്കിലും ഗോയല്‍ ഈ നീക്കത്തെ തള്ളിക്കളയുകയായിരുന്നു. മുമ്പ് ജെറ്റ് എയര്‍വേസിലെ മുഴുവന്‍ ഓഹരികളും ഡിസംബറോടുകൂടി ഇത്തിഹാദ് വില്‍ക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അവ വെറും അഭ്യൂഹം മാത്രമാണെന്ന് പറഞ്ഞ് ജെറ്റ് തള്ളിക്കളഞ്ഞിരുന്നു. 2013 ഏപ്രിലില്‍ 2,069 കോടി രൂപയ്ക്കാണ് ജെറ്റ് എയര്‍വേസിലെ ഓഹരികള്‍ ഇത്തിഹാദ് വാങ്ങിയത്.

വ്യോമയാന മേഖലയിലെ നീണ്ട കാലത്തെ പരിചയ ശൃംഖലകളിലൂടെ ഒരുപക്ഷേ ഗോയല്‍ പുതിയ വാണിജ്യ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമവും തള്ളിക്കളയാനാകില്ല. ആകര്‍ഷങ്ങളായ ഓഫറുകളുമായി ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഈ വിഷയത്തില്‍ മുന്‍നിരയിലുള്ളത്. സ്ഥിതിഗതികള്‍ സുഗമമാക്കാന്‍ ഗോയല്‍ കളത്തിലിറക്കുന്ന തന്ത്രപരമായ തുറുപ്പുചീട്ട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണിപ്പോള്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍.

എതിരാളികള്‍ മുന്നേറുമ്പോള്‍ ചെലവ് താങ്ങാനാകാതെ ജെറ്റ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 636.45 കോടി രൂപയുടെ നഷ്ടമാണ് ജെറ്റ് എയര്‍വേസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം കമ്പനിയുടെ പ്രധാന എതിരാളികളായ സ്‌പൈസ് ജെറ്റ് 566. 66 കോടി രൂപ ലാഭം നേടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ ലാഭം 2242.37 കോടി രൂപയാണ്.

ചെലവിനൊത്ത വരുമാനം ആര്‍ജിക്കാനാകാത്തതാണ് കമ്പനി അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കമ്പനിയുടെ മൊത്തം ചെലവ് 2017 ജനുവരി- മാര്‍ച്ച് കാലയളവിലെ 5719.5 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം മാര്‍ച്ചോടെ 7,091 കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. മാര്‍ച്ച് മാസം അവസാനിച്ചപ്പോള്‍ കമ്പനിയുടെ ഡെറ്റ് 8,425 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടിക്കറ്റ് വില്‍പ്പനയിലെ ചെലവ് 84 ശതമാനം വര്‍ധിച്ച് 2,538 കോടി രൂപയായി, എന്നാല്‍ ശരാശരി യാത്രക്കാരുടെ തോത് 17 ശതമാനത്തോളം കുറയുകയും ചെയ്തു.

അറ്റകുറ്റപ്പണികളിലെ ചെലവേറുന്നതു കമ്പനിക്ക് അധിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഭാഗത്തിലുണ്ടായ ചെലവ് 22 ശതമാനം വര്‍ധിച്ച് 2,538 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍ വെറും നാലു വിമാനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് കമ്പനിക്കൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. വിമാന സര്‍വീസുകളുടെ കാര്യത്തിലും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ കമ്പനിക്ക് പറയാനുള്ളൂ. നഷ്ടത്തില്‍ ഓടുന്ന വിവിധ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ എയര്‍ ഫ്രാന്‍സ്- കെഎല്‍ എമ്മുമായി കരാറില്‍ ഏര്‍പ്പെട്ട ജെറ്റ് എയര്‍വേസ് യൂറോപ്പിനും ഇന്ത്യയ്ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ വികസിപ്പിച്ചിരുന്നു. എയര്‍ഫ്രാന്‍സ്- കെഎല്‍എം/ ഡെല്‍റ്റ തുടങ്ങിയ പുതിയ പങ്കാളിത്തങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍, സിംഗപ്പൂര്‍ എന്നീ വിദേശകാര്യ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി.

Comments

comments

Categories: Business & Economy
Tags: Jet Airways

Related Articles