എച്ച്പിസിഎലിന്റെ പ്രമോട്ടര്‍ ഒഎന്‍ജിസി തന്നെയെന്ന് കേന്ദ്രം

എച്ച്പിസിഎലിന്റെ പ്രമോട്ടര്‍ ഒഎന്‍ജിസി തന്നെയെന്ന് കേന്ദ്രം

രാഷ്ട്രപതിയാണ് പ്രമോട്ടറെന്ന എച്ച്പിസിഎല്‍ വാദം തള്ളി; പണം നിക്ഷേപിച്ച ഒഎന്‍ജിസിക്ക് തന്നെ നിയന്ത്രണാധികാരമെന്ന് ധര്‍മേന്ദ്ര പ്രധാന്‍

 

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ-പ്രകൃതിവാതക കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) ഉടമസ്ഥര്‍ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ കമ്പനി (ഒഎന്‍ജിസി) തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണ പ്രസ്താവന നടത്തിയത്. ‘ഉടമസ്ഥാവകാശം ഇന്ന് ഒഎന്‍ജിസിക്കാണ്. അതിന്റെ സാങ്കേതിക വശങ്ങളിലേക്ക് പോകേണ്ടതില്ല. എച്ച്പിസിഎലില്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഒഎന്‍ജിസിയാണ്,’ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

എച്ച്പിസിഎലില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന 51.11 ശതമാനം ഭൂരപക്ഷ ഓഹരികള്‍ 37,000 കോടി രൂപയ്ക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒഎന്‍ജിസി വാങ്ങിയിരുന്നു. എന്നാല്‍ ഒഎന്‍ജിസിയെ പ്രമോട്ടറായി അംഗീകരിക്കാന്‍ എച്ച്പിസിഎല്‍ വിസമ്മതിക്കുകയായിരുന്നു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ച കമ്പനിയുടെ ഓഹരി പങ്കാളിത്ത വിശദാംശങ്ങളില്‍, ഒരു ഓഹരി പങ്കാളിത്തവുമില്ലാത്ത രാഷ്ട്രപതിയാണ് എച്ച്പിസിഎലിന്റെ പ്രമോട്ടറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒഎന്‍ജിസിയെ പൊതു ഓഹരി ഉടമസ്ഥര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പൊതുമേഖലാ കമ്പനിയായതിനാല്‍ എച്ച്പിസിഎലിന്റേത് പ്രത്യേക വിഷയമാണെന്നാണ് കമ്പനി മാനേജ്‌മെന്റിന്റെ വാദം. ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തുന്നത് സര്‍ക്കാരാണെന്നും ഒഎന്‍ജിസിയല്ലെന്നും എച്ച്പിസിഎല്‍ ഉയര്‍ത്തിയിന്നു. അതിനാല്‍ കമ്പനിയെ ആത്യന്തികമായി നിയന്ത്രിക്കുന്ന പ്രമോട്ടറായി ഒഎന്‍ജിസിയെ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു നിലപാട്. ‘പൊതു മേഖലാ സ്ഥാപനങ്ങളില്‍ പ്രമോട്ടര്‍മാരെ തരംതിരിക്കുന്നതിനുള്ള നിയമ പുസ്തകത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍, ഇനി ചെയ്യാന്‍ പോകുന്നുണ്ടെങ്കില്‍ അതെല്ലാം കമ്പനി നിയമങ്ങളും സെബി നിര്‍ദശേങ്ങളും മനസിലാക്കിക്കൊണ്ട് മാത്രമാണ്,’ എച്ച്പിസിഎല്‍ ചെയര്‍മാന്‍ മുകേഷ് കുമാര്‍ സുരാന വ്യക്തമാക്കി.

 

എന്നാല്‍ ഭൂരിപക്ഷ ഓഹരികളുടെ ഉടമകളെ പ്രമോട്ടര്‍മാരായി അംഗീകരിക്കാത്തതിലെ അപകടങ്ങളെ കുറിച്ച് താക്കീത് ചെയ്തും പൊതു രേഖകളില്‍ ഇത് വേഗം തന്നെ തിരുത്തണമെന്നും ഉപദേശിച്ചുകൊണ്ട് ഒഎന്‍ജിസി എച്ച്പിസിഎലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശമുള്ളവര്‍ സ്വമേധയാ പ്രമോട്ടറായി മാറുമെന്നാണ് ഒഎന്‍ജിസി വ്യക്തമാക്കുന്നത്. ഗ്രൂപ്പ് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ചെയര്‍മാന്‍ ഇല്ല എന്നതിനാല്‍ എച്ച്പിസിഎല്‍ മേധാവി, ചെയര്‍മാന്‍ സ്ഥാനത്ത് തുടരരുതെന്നും ഒഎന്‍ജിസി ആവശ്യപ്പെട്ടിരുന്നു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്.

 

Comments

comments

Categories: FK News
Tags: HPCL