ഹെലികോപ്ടറുകളും സൈനികരെയും പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാല്‍ദീവ്‌സ്

ഹെലികോപ്ടറുകളും സൈനികരെയും പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാല്‍ദീവ്‌സ്

ചൈനയുടെ പിടിയില്‍ മാല്‍ദീവ്‌സ്; ഇന്ത്യന്‍ മഹാസമുദ്രത്തിലെ സംയുക്ത പട്രോളിംഗും അവസാനിപ്പിക്കാന്‍ നീക്കം; സൈനികരെ പിന്ഡവലിക്കാതെ ഇന്ത്യ

 

ന്യൂഡെല്‍ഹി: ചൈനയുടെ വമ്പന്‍ നിക്ഷേപങ്ങളില്‍ മയങ്ങിയ മാല്‍ദീവ്‌സ് പരമ്പരാഗത സുഹൃത്തായ ഇന്ത്യയെ വീണ്ടും തള്ളിപ്പറയുന്നു. സമുദ്ര നിരീക്ഷണത്തിനും സൈനിക ഉപയോഗങ്ങള്‍ക്കുമായി നല്‍കിയ രണ്ട് ഹെലികോപ്ടറുകള്‍ തിരികെ കൊണ്ടുപോകാന്‍ കടുത്ത ചൈന പക്ഷപാതിയായ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. സംയുക്ത പട്രോളിംഗിനായി എത്തിയ സൈനികരെ തിരികെ വിളിക്കണമെന്നും മാല്‍ദീവ്‌സ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചൈനയെ സന്തോഷിപ്പിക്കാനാണ് യാമീന്റെ നടപടിയെന്നാണ് വിദേശകാര്യ വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

ഇന്ത്യ നല്‍കിയ സൈനിക ഹെലികോപ്ടറുകള്‍ വൈദ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ച് വരുന്നതെന്ന് ന്യൂഡെല്‍ഹിയിലെ മാല്‍ദീവ്‌സ് അംബാസഡര്‍ അഹമ്മദ് മൊഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹെലികോപ്ടറുകള്‍ മുന്‍പ് ഏറെ ഉപകാരപ്രദമായിരുന്നെന്നും എന്നാല്‍ മതിയായ അടിസ്ഥാന സൗകര്യം ദ്വീപില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതിനാല്‍ ഇനി അവയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്ടറുകള്‍ക്ക് പുറമെ പൈലറ്റുമാരും സാങ്കേതിക വിദഗ്ധരുമടക്കം 50 സൈനികരെയാണ് ഇന്ത്യ മാല്‍ദീവ്‌സിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വിസ കാലാവധി ജൂണില്‍ അവസാനിച്ചിരുന്നു. എങ്കിലും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാവാഞ്ഞതോടെയാണ് ഇക്കാര്യമാവശ്യപ്പെട്ട് അംബാസഡര്‍ രംഗത്ത് വന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന മാല്‍ദീവ്‌സിലെ ആഭ്യന്തര കാര്യങ്ങളിലടക്കം ഇടപെടാന്‍ മുന്‍പ് ഇന്ത്യക്ക് മേധാശക്തിയുണ്ടായിരുന്നു. ചൈനക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയിലുള്ള അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോടടുത്താണ് മാല്‍ദ്വീവ്‌സിന്റെ സ്ഥാനം. ഇന്ത്യ മേഖലക്ക് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നത് ഇതിനാലാണ്. സൈനികമായി ദ്വീപ് രാഷ്ട്രത്തിന് സംരക്ഷണം ഒരുക്കുകയും അടിസ്ഥാന വികസന പദ്ധതികളില്‍ സഹായിച്ചുമാണ് ഇന്ത്യ ദ്വീപുമായി ചങ്ങാത്തത്തിലായത്. എന്നാല്‍ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ചൈന വന്‍ നിക്ഷേപങ്ങള്‍ നടത്താനാരംഭിച്ചതോടെ മാല്‍ദ്വീവ്‌സ് ശത്രുപക്ഷത്തേക്ക് ചരിഞ്ഞു. 2011 ല്‍ മാല്‍ദ്വീവ്‌സില്‍ എംബസി തുറന്ന ചൈന വിമാനത്താവള വികസന കരാര്‍ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇന്ത്യയുടെ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 511 ദശലക്ഷം ഡോളറിന് തീര്‍ക്കാനിരുന്ന പദ്ധതി ബെയ്ജിംഗ് അര്‍ബന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് ഇപ്പോള്‍ പണിയുന്നത്.

ചൈനയോട് കൂറ് പുലര്‍ത്തുന്ന യാമീന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും പ്രതിപക്ഷ നേതാക്കളെയും ജഡ്ജിമാരെയും തടവിലിട്ടിരിക്കുന്നതിനെതിരെയും ഇന്ത്യ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. യാമീന്റെ മുഖ്യ എതിരാളിയും ഇന്ത്യാ പക്ഷപാതിയുമായ അബ്ദുള്‍ ഗയൂമിനെ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറിലെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന നല്‍കുന്ന പിന്തുണയുടെ ബലത്തില്‍ ഇവയെല്ലാം നിഷേധിച്ചു കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാനും പ്രകോപിപ്പിക്കാനുമാണ് യാമീന്റെ പദ്ധതി. അതേസമയം മാല്‍ദീവ്‌സിന്റെ തന്നിഷ്ട നടപടികളെ ഇന്ത്യക്ക് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയെയും യാമീനേയും നേരിടാനുള്ള ന്യൂഡെല്‍ഹിയുടെ മറുതന്ത്രമെന്താണെന്ന ആകാംക്ഷയിലാണ് വിദേശകാര്യ വിദഗ്ധര്‍.

Comments

comments

Categories: Current Affairs