ഗ്രാസിമിന്റെ ആദ്യ വൈസ് ചെയര്‍മാനായി കപാനിയയെ നിയമിച്ചേക്കും

ഗ്രാസിമിന്റെ ആദ്യ വൈസ് ചെയര്‍മാനായി കപാനിയയെ നിയമിച്ചേക്കും

 

മുംബൈ: ടെലികോം മേഖലയിലെ എക്കാലത്തെയും വമ്പന്‍ ഇടപാടായ വോഡഫോണ്‍-ഐഡിയ ലയനത്തിന് ശേഷം ഐഡിയയുടെ എംഡിയും സിഇഒയുമായ ഹിമാന്‍ഷു കപാനിയയുടെ ഭാവി എന്താകുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. അല്‍പം കൂടി വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി കപാനിയയെ ചേര്‍ത്തു പിടിക്കാന്‍ തന്നെയാണ് തന്നെയാണ് ആദിത്യ ബിര്‍ളയുടെ തീരുമാനമെന്നാണ് സൂചന. ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ പ്രഥമ വൈസ് ചെയര്‍മാന്‍ പദവിയാണ് കപാനിയക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ബിര്‍ള ഗ്രൂപ്പിന്റെ വിവിധോല്‍പ്പന്ന ഉല്‍പ്പാദക കമ്പനിയായ ഗ്രാസിമിന്റെ ആദ്യ വൈസ് ചെയര്‍മാനും കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായി കപാനിയയെ നിയമിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള ആഭ്യന്തര വൃത്തങ്ങളില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ബിര്‍ള ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വൈസ് ചെയര്‍മാന്‍ എന്ന പദവി സൃഷ്ടിക്കപ്പെടുന്നതെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

2006 ല്‍ ഐഡിയ സെല്ലുലാറിന്റെ ഭാഗമായ കപാനിയ വോഡഫോണ്‍-ഐഡിയ ലയന കമ്പനിയുടെയും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനാകും. ലയനം പൂര്‍ത്തിയായതിന് ശേഷം ടെലികോം വ്യവസായത്തില്‍ ബിര്‍ളയുടെ ഉപദേശകനായിരിക്കും കപാനിയയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിട്ടിരിക്കുന്ന പുതിയ സംരംഭത്തെ നയിക്കുന്നത് ബിര്‍ളയായിരിക്കും. വോഡഫോണ്‍ ഇന്ത്യയുടെ നിലവിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ബലേഷ് ശര്‍മ ആയിരിക്കും കമ്പനിയുടെ സിഇഒ.

Comments

comments

Categories: Business & Economy
Tags: Grasim