എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ഇന്ധന ഇറക്കുമതി ചെലവില്‍ പ്രതിവര്‍ഷം 12,000 കോടി രൂപയുടെ ലാഭമുണ്ടാകും

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എഥനോള്‍ ഉല്‍പ്പാദനം 450 കോടി ലിറ്ററാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവഴി ഇറക്കുമതി ചെലവില്‍ പ്രതിവര്‍ഷം 12,000 കോടി രൂപ ലാഭിക്കാനാകുമെന്നും മോദി വ്യക്തമാക്കി. ‘ലോക ജൈവ ഇന്ധന ദിന’ത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ദേശീയ ജൈവ ഇന്ധന നയം മോദി അവതരിപ്പിച്ചു. ജൈവ ഇന്ധന പദ്ധതികളുടെ പാരിസ്ഥിതികാനുമതി വേഗത്തിലാക്കുന്നതിനു വേണ്ടിയുള്ള ‘പരിവേഷ്’ എന്ന വെബ് പോര്‍ട്ടലും മോദി ഉദ്ഘാടനം ചെയ്തു.

നിലവില്‍ 141 കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദനമാണ് രാജ്യത്ത് നടക്കുന്നത്. നാല് വര്‍ഷം കൊണ്ട് ഇത് മൂന്നിരട്ടിയായി ഉയര്‍ത്തി 450 കോടി ലിറ്ററിലെത്തിക്കാനാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതി ഗൗരവപൂര്‍വ്വം നടപ്പിലാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, മുന്‍ സര്‍ക്കാര്‍ പദ്ധതി വേണ്ടവിധം ഗൗനിച്ചില്ലെന്നാണ് മോദിയുടെ ആരോപണം.

രാജ്യത്തെ ഇന്ധന ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇന്ത്യ നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. വൈദ്യുതി ഉപയോഗത്തില്‍, പ്രത്യേകിച്ച് പുനഃസ്ഥാപിത സ്രോതസുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പുറമെ ക്രൂഡ് ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി ജൈവ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി 10,000 കോടി രൂപ നിക്ഷേപത്തില്‍ രാജ്യത്ത് 12 ജൈവ ഇന്ധന റിഫൈനറികള്‍ സ്ഥാപിക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ഒരു ജൈവ ഇന്ധന റിഫൈനറി വഴി 1,000-1,500 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

2022ഓടെ പത്ത് ശതമാനം എഥനോള്‍ പെട്രോളുമായി കൂട്ടികലര്‍ത്തുമെന്നും 2030ഓടെ ഇത് 20 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്ത് 175 ബയോ സിഎന്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കും. ജൈവ ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ വൈകാതെ ഇന്ത്യയുടെ നിരത്തുകളില്‍ കാണാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Slider
Tags: Ethanol