ഇ-കൊമേഴ്‌സ് നയം ഡബ്ല്യുടിഒ ചര്‍ച്ചകളില്‍ ഇന്ത്യയെ സഹായിക്കും: വാണിജ്യ മന്ത്രാലയം

ഇ-കൊമേഴ്‌സ് നയം ഡബ്ല്യുടിഒ ചര്‍ച്ചകളില്‍ ഇന്ത്യയെ സഹായിക്കും: വാണിജ്യ മന്ത്രാലയം

വിവിധ അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷം പുതിയ കരട് നയം ഉടന്‍ തന്നെ പുറത്തിറക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തിന്മേലുള്ള ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) യുടെ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നതിന് വികസിത രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ ഇന്ത്യയ്ക്ക് ഒരു ആഭ്യന്തര ഇ കൊമേഴ്‌സ് നയം ആവശ്യമാണെന്ന് വ്യക്തമാക്കി വാണിജ്യ മന്ത്രാലയം രംഗത്ത്. കൂടാതെ ഡിജിറ്റല്‍ ഇടത്തില്‍ ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനും ഇത്തരമൊരു നയം വേണമെന്നും മന്ത്രാലയ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കരട് ഇ കൊമേഴ്‌സ് നയത്തിനെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക് ഇത്തരമൊരു നയത്തിന്റെ ആവശ്യമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

ആഭ്യന്തര സമ്പദ്ഘടനയുടെ മികച്ച പശ്ചാത്തലം, ഇ കൊമേഴ്‌സ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കല്‍, രാജ്യത്തെ വ്യക്തിഗത-കമ്മ്യൂണിറ്റി ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കല്‍, ഡബ്ല്യുടിഒ ചട്ടങ്ങള്‍ പാലിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് നയത്തിന് പിന്നിലുള്ളതെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

71 രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഇ- കൊമേഴ്‌സിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡബ്ല്യടിഒ അംഗത്വത്തിന്റെ പകുതിയും ആഗോള വ്യാപാരത്തിന്റെ 77 ശതമാനവും വരുന്നവയാണ് ഈ രാജ്യങ്ങള്‍. ഇ- കൊമേഴ്‌സില്‍ മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചകളോട് ഇന്ത്യ ഇതുവരെ എതിര്‍പ്പാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഈ മേഖല വ്യാപാര ഉടമ്പടികളിലേക്ക് ഉള്‍പ്പടെ വ്യാപിക്കുന്നതിനാല്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകളില്‍ ഇടപെടുന്നതിനും മേഖലയില്‍ സന്തുലിതമായ മത്സരം നിലനില്‍ക്കേണ്ടതിനും ഇത്തരം സമീപനം ആവശ്യമാണെന്നാണ് കരട് നയം വ്യക്തമാക്കുന്നത്. സുരക്ഷിതമായ വിപണി പ്രവേശനത്തിനുള്ള പിന്‍വാതിലായി ഇ- കൊമേഴ്‌സ് പാറ്റ്‌ഫോമിനെ വന്‍കിടക്കാല്‍ ഉപയോഗിക്കുന്നതിനെ നയം എതിര്‍ക്കുന്നുണ്ട്.

വിവിധ വകുപ്പുകള്‍, വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അഭിപ്രായം ശേഖരിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷം പുതിയ കരട് നയം ഉടന്‍ തന്നെ വാണിജ്യ മന്ത്രാലയം പുറത്തിറക്കും. നിലവിലെ കരട് നയം മുന്നോട്ടുവെച്ച ഡാറ്റ പ്രാദേശികവല്‍ക്കരണം, ഇ-കൊമേഴ്‌സ് റെഗുലേറ്ററെ നിയമിക്കല്‍, ഇന്‍വെന്ററി അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കല്‍, അമിത ഡിസ്‌കൗണ്ടുകളുടെ നിയന്ത്രണം, ഇന്ത്യയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ റൂപേ പേമെന്റ് ഓപ്ഷനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തല്‍ തിടങ്ങിയ വിഷയങ്ങളില്‍ വ്യാപകമായ വാദപ്രതിവാദങ്ങള്‍ നിലവില്‍ നടന്നുവരികയാണ്.

Comments

comments

Categories: Business & Economy
Tags: e- commerce, WTO