ചെറുതോണി ഡാമില്‍ അഞ്ച് ഷട്ടറുകളും തുറന്നു, സെല്‍ഫികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

ചെറുതോണി ഡാമില്‍ അഞ്ച് ഷട്ടറുകളും തുറന്നു, സെല്‍ഫികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം, രാജ്‌നാഥ് സിംഗ് ഞായറാഴ്ച എത്തും

തിരുവനന്തപുരം: കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് സംസ്ഥാനത്ത് അപൂര്‍വമാണ്. ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നുവെച്ചിരിക്കുകയാണ്. സെക്കന്റില്‍ അഞ്ചു ലക്ഷത്തിലേറേ ലിറ്റര്‍ വെള്ളമാണ് ഡാമിന്റെ പുറത്തേക്കൊഴുകുന്നത്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹനങ്ങളുടെ വരവും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രി 12 വരെയുള്ള എല്ലാ പൊതുപരിപാടികളും ഒഴിവാക്കി തലസ്ഥാനത്ത് തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ആവശ്യമായ സജ്ജീകരണങ്ങള്‍ ലഭ്യമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഞായറാഴ്ച കേരളത്തിലെത്തും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കര്‍ണാടകയും തമിഴ്‌നാടും കേരളത്തിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് ജനങ്ങല്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ മഴ സംസ്ഥാനത്തെ പല ശുദ്ധജല പദ്ധതികളേയും ബാധിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ക്ക് സംഭവിച്ച കേടുപാട് പരിഹരിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നും. എന്നാല്‍ നദികളില്‍ വെള്ളം ഉയരുന്നത് ഈ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണെന്നും പിണറായി അറിയിച്ചു. പലയിടത്തും ശുദ്ധജല വിതരണം മുടങ്ങുമെന്നതിനാല്‍ സാഹചര്യത്തിനനുസരിച്ച് ജല ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എല്ലാവരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കര്‍ക്കട വാവു ബലിക്ക് എത്തുന്നവര്‍ പൊലീസും ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: Current Affairs