അഞ്ച് നഗരങ്ങളിലേക്ക് കൂടി കെയര്‍24

അഞ്ച് നഗരങ്ങളിലേക്ക് കൂടി കെയര്‍24

ഒരു വര്‍ഷത്തിനകം അഞ്ച് നഗരങ്ങളിലേക്ക് കൂടി സേവനങ്ങള്‍ വികസിപ്പിക്കാനൊരുങ്ങി ഹോം ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളായ കെയര്‍24. മുംബൈയിലും ഡെല്‍ഹിയിലും ഒന്നര വര്‍ഷമായി നല്‍കി വരുന്ന സേവനങ്ങലാണ് കൂടുതല്‍ ഇന്ത്യന്‍ ഗനരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി 12 ഓളം നഗരങ്ങളെ കണ്ടെത്തിക്കഴിഞ്ഞതായും ഇതില്‍ അഞ്ചിടത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിപിന്‍ പാഥക് വ്യക്തമാക്കി. ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, ചണ്ഡീഗഡ്, ലുധിയാന എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുക. ആളുകള്‍ക്ക് വീടുകളില്‍ തന്നെ താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇന്ത്യയിലെ അറുപത് വയസിന് മുകളിലുള്ളവരുടെ എണ്ണം നിലവില്‍ 10 കോടിക്കടുത്ത് വരും. 2050 ഓടെ ഇത് 32.5 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം വൃദ്ധരിലും ചെറുപ്പക്കാരിലും ഒരേ സമയം മാറാവ്യാധികള്‍ വര്‍ധിച്ച് വരികയാണെന്നാണ് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്ന കാര്യം. 2008 ല്‍ ജീവിത ശൈലീ രോഗങ്ങള്‍ മൂലം 56 ശതമാനം മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് 74 ശതമാനമായി ഉയരും.

മുംബൈയില്‍ ഹോം ഹെല്‍ത്ത് കെര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്നും അഞ്ച് മുതല്‍ ഏഴ് ലക്ഷം രോഗികള്‍ ഇത് പ്രയോജനപ്പെടുത്തിയെന്നും പാഥക് പറഞ്ഞു. 2015 ല്‍ തുടക്കം കുറിച്ച കെയര്‍24 ന് നേഴ്‌സുമാര്‍, ഫസിയോ തെറാപിസ്റ്റുകള്‍, അറ്റെന്‍ഡര്‍മാര്‍ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലും ഡെല്‍ഹിയിലുമായി 40,000 ഓളം രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിച്ചു. 3,000 വ്യക്തികള്‍ക്കാണ് കമ്പനി ആരോഗ്യപരിപാലന പരിശീലനം നല്‍കിയിട്ടുള്ളത്. നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളോട് സഹകരിക്കാന്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും പാഥക് പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: Care 24