ആറ് റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം

ആറ് റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം

 

മുംബൈ-അഹമ്മദാബാദ് പദ്ധതി 2022 ഓഗസ്‌റ്റോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം അതിവേഗ കണക്റ്റിവിറ്റി സൗകര്യം ലഭ്യമാക്കുന്നതിന് ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. അതിവേഗ ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി ആറ് റൂട്ടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഡെല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ആറ് റൂട്ടുകളാണ് സാധ്യതാ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഡെല്‍ഹി-മുംബൈ, ഡെല്‍ഹി- (ലഖ്‌നൗ വഴി) കൊല്‍ക്കത്ത, മുംബൈ-ചെന്നൈ, ഡെല്‍ഹി-ചെന്നൈ, മുംബൈ-കൊല്‍ക്കത്ത, ചെന്നൈ-ബെംഗളൂരു-മൈസൂരു എന്നീ ആറ് റൂട്ടുകളിലാണ് സാധ്യതാ പഠനം നടത്തുന്നത്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫ്രാന്‍സ്, സ്‌പെയിന്‍, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ സഹായവും സര്‍ക്കാര്‍ സ്വീകരിക്കും.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്കു പുറമെയാണ് ഈ ആറ് റൂട്ടുകളിലും അതിവേഗ കണകറ്റ്‌വിറ്റി സൗകര്യമൊരുക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പദ്ധതി 2022 ഓഗസ്‌റ്റോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ യാത്ര ചെയ്യുന്നതിന് ഏകദേശം ഏഴ് മണിക്കൂര്‍ സമയമെടുക്കും. ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.
ജപ്പാനീസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജെഐസിഎ) 88,000 കോടി രൂപയുടെ ധനസഹായമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്കായി നല്‍കുക. 50 വര്‍ഷത്തേക്ക് 0.1 ശതമാനം വാര്‍ഷിക പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. റെയ്ല്‍വേക്ക് 15 വര്‍ഷത്തെ മൊറട്ടോറിയവും ജപ്പാന്‍ നല്‍കും. അതായത് വായ്പ അനുവദിച്ച് 15 വര്‍ഷത്തിനുശേഷം മാത്രം റെയ്ല്‍വേ വായ്പ കുടിശ്ശിക അടച്ചു തുടങ്ങിയാല്‍ മതി. ഏകദേശം 17 ബില്യണ്‍ ഡോളറാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: bullet train