റോഡില്‍ വീണ് മകന്റെ ദാരുണമരുണം; കുഴിയടയ്ക്കാന്‍ പുതിയ ആപ്പുമായി പിതാവ്

റോഡില്‍ വീണ് മകന്റെ ദാരുണമരുണം; കുഴിയടയ്ക്കാന്‍ പുതിയ ആപ്പുമായി പിതാവ്

 

പതിനാറു വയസുള്ള ഏകമകന്റെ അപകട മരണം മുംബൈ സ്വദേശി ദാദാറൂവിനെ സാമൂഹ്യ പ്രതിബന്ധയുള്ള പൗരനാക്കിയിരിക്കുകയാണ്. റോഡിലെ കുഴികളടയ്ക്കാന്‍ സ്വന്തമായി ആപ്ലിക്കേഷന്‍ വികസിപ്പിച്ച അദ്ദേഹം അധികൃതര്‍ കണ്ണടച്ചാല്‍ ആ ഉദ്യമം നേരിട്ട് ഏറ്റെടുത്താണ് മാതൃകയാകുന്നത്

റോഡിലെ കുഴികളില്‍ വീണ് ജീവന്‍ പൊലിയുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുമ്പോഴാണ് മുംബൈ സ്വദേശിയുടെ പുതിയ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നത്. എസ്പതോള്‍ (ടുീവേീഹല) എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ റോഡില്‍ എവിടെയൊക്കെ ഗുരുതരമായ കുഴികളുണ്ടെന്ന് ജനങ്ങള്‍ക്ക് നേരിട്ടറിയിക്കാം. അതു പരിഹരിക്കാന്‍ മുംബൈ സ്വദേശി ദാദാറാവു ബില്‍ഹോറും സംഘവും എപ്പോള്‍ ഏതു സമയവും റെഡിയാണ്.

മൂന്നു വര്‍ഷം മുമ്പ് ജൂലൈ മാസം 28 ന് ദാദാറാവുവിന്റെ മകന്‍ പ്രകാശ് അപകടത്തില്‍ മരണമടഞ്ഞതോടെയാണ് റോഡിലെ കുഴികളടയ്ക്കാന്‍ അദ്ദേഹം നേരിട്ട് രംഗത്തിറങ്ങിയത്. മരിക്കുമ്പോള്‍ പ്രകാശിന് വെറും പതിനാറ് വയസായിരുന്നു പ്രായം. ബൈക്കില്‍ സഞ്ചരിച്ച പ്രകാശ് കുഴിയില്‍ അകപ്പെട്ട് റോഡില്‍ തെന്നിവീണാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയിലെ ജോഗേശ്വരി-വിഖ്‌റോലി ലിങ്ക് റോഡില്‍ നടന്ന ആ ദാരുണമായ അപകടത്തില്‍ പൊലിഞ്ഞത് ദാദാറാവുവിന്റെ കൂടുംബത്തിലെ ഏകമകനാണ്.

തന്റെ മകനുണ്ടായ ദുരന്തം ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കാന്‍ നിരവധി തവണ ബ്രിഹന്‍ മുംബൈ മുനിസിപ്പാലിറ്റിയില്‍ അദ്ദേഹം കയറിയിറങ്ങി. അധികൃതര്‍ക്ക് പ്രകാശിന്റെ മരണം നിരവധി അപകടങ്ങളില്‍ ഒന്നുമാത്രമായിരുന്നു. റോഡിലെ കുഴിയടയ്ക്കാന്‍ നടപടികളുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് ദാദാറാവു കുഴിയടയ്ക്കാന്‍ നേരിട്ട് രംഗത്തിറങ്ങുന്നത്. അതോടെ നടുറോഡില്‍ അത്യന്തം അപകടാവസ്ഥയിലുള്ള കുഴികള്‍ അടയ്ക്കുന്ന ദാദാറാവുവിനെ കണ്ട് അപരിചിതരും സൂഹൃത്തുക്കളും ഒപ്പം കൂടുന്നതും പതിവാക്കി. അന്നു തുടങ്ങിയ യജ്ഞത്തില്‍ ഇതുവരെ 550 ഓളം കുഴികള്‍ ദാദാറാവു നികത്തി സുഗമമായ യാത്രയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. ” എന്റെ മകന്റെ അവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹം. റോഡിലുള്ള കുഴികള്‍ മുഴുവന്‍ അടയ്ക്കും വരെ ഞാന്‍ ഈ ഉദ്യമം തുടരുക തന്നെ ചെയ്യും. എനിക്കു പ്രായമായി വരുന്നു, എങ്കിലും ഈ ശ്രമം ഉപേക്ഷിക്കില്ല,’ ദാദാറാവു പറയുന്നു.

ജിപിഎസും ഇന്റര്‍നെറ്റും കാമറയുമുണ്ടെങ്കില്‍ എസ്പതോള്‍ ആപ്ലിക്കേഷനിലൂടെ റോഡിലെ കുഴിയെ സംബന്ധിക്കുന്ന വിവിരങ്ങള്‍ അധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കാനാകുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ താന്‍ സ്വയം അവ പരിഹരിക്കാന്‍ തയാറാണെന്നും ദാദാറാവു പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുംബൈയില്‍ കനത്തി മഴ പെയ്തതോടെ, ഇതുവരെ ആറുപേരാണ് വിവിധ അപകടങ്ങളില്‍ മരണമടഞ്ഞത്. 2017 ല്‍ മാത്രം റോഡിലെ കുഴികളില്‍ അകപ്പെട്ട് രാജ്യത്ത് മരിച്ചവരുടെ എണ്ണം 3600 ആയി. ഈ വിഷയത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ദാദാറാവുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വ്യക്തി ഒറ്റയ്ക്ക് വിചാരിച്ചാലും ചില മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായിരിക്കുന്നു.

Comments

comments

Categories: FK Special
Tags: Road Repair