ദുബായില്‍ 40 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി വോക്ക്ഹാര്‍ട്ട്

ദുബായില്‍ 40 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി വോക്ക്ഹാര്‍ട്ട്

 

ജെബെല്‍ അലി ഫ്രീസോണില്‍ ഉല്‍പ്പാദനകേന്ദ്രം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയിലെ പ്രമുഖ ഫാര്‍മ കമ്പനിയായ വോക്ക്ഹാര്‍ട്ട്

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് സ്ഥാപനമായ വോക്ക്ഹാര്‍ട്ട് ദുബായില്‍ വലിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കമ്പനി ജെബെല്‍ അലി ഫ്രീസോണി(ജെഫ്‌സ)ല്‍ ഉല്‍പ്പാദനകേന്ദ്രം തുടങ്ങും. 40 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് കമ്പനി ജെബെല്‍ അലി ഫ്രീസോണില്‍ തുടങ്ങുന്നത്.

ആഗോള വിപണികളെ ലക്ഷ്യമിട്ടുള്ള മരുന്നുകളായിരിക്കും ഇവിടെ നിര്‍മിക്കുക. മരുന്ന് നിര്‍മാണത്തില്‍ സുപ്രധാനമായ പദ്ധതികളാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് വോക്ക്ഹാര്‍ട്ടിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ഹബീല്‍ ഖൊരകിവാല പറഞ്ഞു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഡ്രഗ്‌സിലായിരിക്കും കമ്പനി ശ്രദ്ധ വെക്കുക.

10,000 സ്‌ക്വയര്‍ മീറ്ററിലാണ് ജെബെല്‍ അലി ഫ്രീസോണിലെ ഉല്‍പ്പാദനസൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഓട്ടോമേറ്റഡ് മാനുഫാക്ച്ചറിംഗ് സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വെയര്‍ഹൗസിംഗ്, മാനുഫാക്ച്ചറിംഗ് ഓപ്പറേഷന്‍സ്, പ്രൊഡക്റ്റ് ടെസ്റ്റിംഗ്, പ്രൊഡക്റ്റ് സ്റ്റെബിലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളുമുണ്ടാകും. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്ക്ഹാര്‍ട്ടിന് യുകെ, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഉല്‍പ്പാദനസൗകര്യങ്ങളുണ്ട്.

യുഎഇയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ മികച്ച വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ 12.4 ബില്ല്യണ്‍ എഇഡി അധികമൂല്യം കൈവരിക്കാന്‍ ഫാര്‍മ മേഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫാര്‍മ മേഖലയിലേക്ക് 2.5 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ ദുബായ്ക്ക് സാധിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2021 ആകുമ്പോഴേക്കും യുഎഇയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വില്‍പ്പന 3.84 ബില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ല്‍ ഇത് 2.62 ബില്ല്യണ്‍ ഡോളറായിരുന്നു. ബിഎംഐ റിസര്‍ച്ചിന്റേതാണ് ഈ കണക്കുകള്‍. 2021 ആകുമ്പോഴേക്കും ഹെല്‍ത്ത്‌കെയര്‍ ചെലവിന്റെ 18 ശതമാനത്തോളം ഫാര്‍മ മേഖലയ്ക്കായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: Dubai