ജിയോയില്‍ നിന്ന് ചാനലുകളും സിനിമകളും പിന്‍വലിച്ച് സീ എന്റര്‍ടെയ്ന്‍മെന്റ്

ജിയോയില്‍ നിന്ന് ചാനലുകളും സിനിമകളും പിന്‍വലിച്ച് സീ എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: കരാര്‍ മൂല്യത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് റിലയന്‍സ് ജിയോയുമായി സഹകരണം അവസാനിപ്പിച്ച് സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്. ജിയോക്ക് നല്‍കിയിരുന്ന എല്ലാ വീഡിയോ ഉള്ളടക്കങ്ങളും സീ നീക്കം ചെയ്തു. പ്രതിഫലത്തിന്റെ വിഷയത്തില്‍ മുകേഷ് അബാനിയുടെ ജിയോ ഇന്‍ഫോകോമുമായി ധാരണയിലെത്താനാവാത്തതിനെ തുടര്‍ന്ന് 35 തല്‍സമയ ടിവി ചാനലുകളും രണ്ട് ലക്ഷത്തിലധികം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വരുന്ന വീഡിയോ ഉള്ളടക്കങ്ങളുമാണ് പിന്‍വലിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് റിലയന്‍സ് ജിയോ ഡിജിറ്റല്‍ സര്‍വീസസിന് നല്‍കിയ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാന്‍ സീ മാനേജ്‌മെന്റ് തീരുമാനിച്ചത്. 2016 ന്റെ പകുതിയില്‍ ഇരു കമ്പനികളും തമ്മില്‍ ഒപ്പു വച്ച ദീര്‍ഘകാല കരാറാണ് റദ്ദാക്കപ്പെട്ടത്.

സീ ടിവി, സീ സിനിമ, സീ മറാത്തി, അടക്കം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 35 ചാനലുകളും ജിയോ ടിവിയില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായി. സീ ടിവിയുടെ ലൈബ്രറി ഉള്ളടക്കങ്ങളടക്കം നീക്കം ചെയ്തിട്ടുണ്ട്. തല്‍സമയമല്ലാത്ത പരിപാടികളും സിനിമകളുമാണ് ഇപ്രകാരം മാറ്റിയത്. ജിയോ സിനിമ ആപ്പ് വഴിയാണ് ഉപഭോക്താക്കള്‍ക്ക് ഇവ നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പ് വരെയുള്ള ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരുന്നു. നിലവില്‍ 21.5 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്.

മെച്ചപ്പെട്ട വാണിജ്യ ഇടപാടിന്റെ സാധ്യതകളാണ് തങ്ങള്‍ അന്വേഷിച്ചതെന്ന് സീ വ്യക്തമാക്കി. എന്നാല്‍ ജിയോ ഇത് അംഗീകരിച്ചില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വിശാലമായ ഡിജിറ്റല്‍ സേവനങ്ങളും ആപ്ലിക്കേഷനുകളും വിനോദോപാദികളും തങ്ങളുടെ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ജിയോ വക്താവ് വ്യക്തമാക്കി. സീ ടിവിയുമായുള്ള തര്‍ക്കത്തില്‍ അഭിപ്രായപ്രകടങ്ങള്‍ നടത്താതിരുന്ന അദ്ദേഹം ഉപഭോക്താക്കള്‍ക്കും ബ്രോഡ്കാസ്‌റ്റേഴ്‌സിനും മറ്റുള്ളവര്‍ക്കും ഒരുപോലെ പ്രയോജനകരമായ ബന്ധം സൃഷ്ടിക്കുന്ന ഒരു സംവിധാനത്തിലൂടെയാണ് ജിയോ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

 

Comments

comments

Categories: FK News, Top Stories