പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികളോട് സര്‍ക്കാര്‍

പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികളോട് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പൊതു വൈഫൈ സംവിധാനം എങ്ങനെ സജ്ജീകരിക്കുമെന്നത് സംബന്ധിച്ച മൂന്ന് വര്‍ഷത്തെ രൂപ രേഖ നല്‍കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. രാജ്യത്ത് പൊതു വൈഫൈ സംവിധാനം നടപ്പാക്കുന്നതിന് ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്നതിന്റെ സൂചനകളായാണ് നീക്കത്തെ വിലയിരുത്തുന്നത്.

സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഒഎഐ), ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎസ്പിഎഐ) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഈ ആഴ്ച്ച ആദ്യം നടത്തിയ യോഗത്തില്‍ ഡിഒടി സെക്രട്ടറി അരുണ സുന്ദരരാജന്‍ സര്‍ക്കാരിന്റെ പൊതു വൈഫൈ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നടപ്പിലാക്കുന്നതിനുള്ള തടസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

പദ്ധതിയുടെ രൂപ രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രതീക്ഷകള്‍ തങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളെ ഈ ദൗത്യം ഏല്‍പ്പിക്കുമെന്നാണ് ഡിഒടി പറഞ്ഞിട്ടുള്ളതെന്നും യോഗത്തില്‍ പങ്കെടുത്ത ഒരു എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. അതേസമയം ലൈസന്‍സില്ലാത്ത അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭങ്ങള്‍ക്ക് പൊതു വൈഫൈ സംവിധാനം നല്‍കുന്നത് അല്ലെങ്കില്‍ നല്‍കാതിരിക്കുന്നത്, രാജ്യത്ത് വൈഫൈ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിന് ടെലികോമുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ടെലികോം സെക്രട്ടറി ാേഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മറ്റൊരു എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.

2018ന്റെ അവസാനത്തോടെ രാജ്യത്ത് 500,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ അതിവേഗത്തില്‍ സ്ഥാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.

ലൈസന്‍സ് ഉള്ള മൊബീല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരും ഇന്റര്‍നെറ്റ് സേവനദാതാക്കളും വൈഫൈ വിഷയത്തില്‍ തുടര്‍ച്ചയായി ഡിഒടിയെ സമീച്ചുകൊണ്ടിരിക്കുകയാണ്. ലൈസന്‍സില്ലാത്ത, അല്ലെങ്കില്‍ രജിസ്റ്റര്‍ മാത്രം ചെയ്തിട്ടുള്ള സംരംഭങ്ങള്‍ക്ക് പൊതു സ്ഥലങ്ങളില്‍ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കം നിയമ ലംഘനമാണെന്നും മേഖലയില്‍ അസന്തുലിതമായ മത്സരം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ട്രായിയുടെ നീക്കത്തിനെതിരെ ടെലികോം കമ്പനികളും എതിര്‍പ്പുയര്‍ത്തിയിരുന്നു. ലൈസന്‍സില്ലാത്ത ഓപ്പറേറ്റര്‍മാര്‍ വരുമാനം സര്‍ക്കാരുമായി പങ്കിടേണ്ടതില്ല എന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലികോമകള്‍ എതിര്‍പ്പ് ശക്തമാക്കിയത്.

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ (ഐഎസ്പി) തമ്മിലുള്ള അടിസ്ഥാനസൗകര്യ പങ്കിടലിനെ തടയുന്ന ലൈസന്‍സിംഗ് നിയന്ത്രണങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തുമെന്ന് യോഗത്തില്‍ ഡിഒടി സെക്രട്ടറി ഉറപ്പുനല്‍കി. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ട് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് അടിസ്ഥാനസൗകര്യ പങ്കിടല്‍ നടത്താനാകില്ല.

Comments

comments

Categories: Tech