രേഖകളുടെ ചുവപ്പ് നാട അഴിയുന്നില്ല

രേഖകളുടെ ചുവപ്പ് നാട അഴിയുന്നില്ല

തൊഴില്‍ മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വരെ വിവിധ മേഖലകളില്‍ സ്വയം സാഖ്യപ്പെടുത്തി രേഖകള്‍ ഹാജരാക്കിയാല്‍ മതിയന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തിരുന്നത്. ഗസറ്റഡ് ഓഫീസര്‍മാരെ തപ്പിയുള്ള പരക്കംപാച്ചില്‍ ഏറെക്കുറെ അവസാനിപ്പിക്കാന്‍ ഇതുകൊണ്ടായി. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മിക്കയിടത്തും പഴയ സംവിധാനം തന്നെ തുടരുന്നു എന്നാണ് കാണാനാവുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് സത്യവാംഗ്മൂലം ആവശ്യപ്പെടുകയാണ് പല സര്‍ക്കാരോഫീസുകളും. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

 

ഹിമാന്‍ഷു കെ കെ

കാലാവധി പൂര്‍ത്തീകരിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാര്‍ രേഖകളുടെയും പ്രമാണങ്ങളുടെയും കാര്യത്തില്‍ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവക്കായി ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത 2014 ല്‍ ആണ് സര്‍ക്കാര്‍ റദ്ദാക്കിയത്. എന്നാല്‍ ഇനിയും നിരവധി പഴുതുകള്‍ അടയ്ക്കാനുണ്ടെന്നതാണ് വാസ്തവം.

മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും സത്യവാംഗ്മൂലങ്ങള്‍ ഇപ്പോഴും ആവശ്യപ്പെടുന്നെന്നതാണ് അനുഭവം. ഉദാഹരണത്തിന്, ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനോ പ്രാദേശിക ഗതാഗത ഓഫീസില്‍ നിന്ന് രേഖകള്‍ കിട്ടാനോ സത്യവാംഗ്മൂലം സമര്‍പ്പിക്കുകയും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തേണ്ടതും ഇപ്പോഴും നിര്‍ബന്ധമുള്ള കാര്യമാണ്. പാന്‍ കാര്‍ഡിന്് അപേക്ഷിക്കുമ്പോള്‍, ജനന തിയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കുന്നതില്‍ അപേക്ഷകന്‍ പരാജയപ്പെട്ടാലും സത്യവാംഗ്മൂലം സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

നിരക്ഷരരും അര്‍ധ നിരക്ഷരരുമായ മിക്ക ആളുകളെയും സംബന്ധിച്ച് ഇത് ഒരു പ്രശ്‌നം തന്നെയാണ്. കൂടാതെ, നിയമങ്ങള്‍ രാജ്യത്തുടനീളം വിഭിന്നവുമാണ്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഏകീകൃതമായ നിയമങ്ങളുണ്ടാക്കാന്‍ വിവിധ സംസ്ഥാനങ്ങളും വ്യത്യസ്ത വകുപ്പുകളും നടപടികളെടുക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

രക്ഷിതാക്കളെ സംബന്ധിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് വളരെ സങ്കീര്‍ണമായ പ്രശ്‌നമായി മാറിയിരിക്കുന്നു. ഗുരുഗ്രാം പോലെയുള്ള ഏതാനും മുന്‍സിപ്പാലിറ്റികള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കുട്ടിയുടെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്ലാതെ ആധാര്‍ നമ്പര്‍ നല്‍കുകയുമില്ല. കാര്യങ്ങള്‍ ലളിതമാക്കാന്‍, ജനന സര്‍ട്ടിഫിക്കറ്റ് ആധാറുമായി സ്വമേധയാ ബന്ധിപ്പിക്കുകരയോ മുനിസിപ്പാലിറ്റികള്‍ രക്ഷിതാവിന്റെ ആധാര്‍ നമ്പര്‍ തെളിവായി സ്വീകരിക്കുകയോ വേണം.

പാര്‍പോര്‍ട്ട് നല്‍കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയയാണ് യുവാക്കളെ സംബന്ധിച്ച് ഏറ്റവും പ്രശ്‌നമുള്ള മേഖല. മെട്രോ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ത്യയില്‍ ഒരു പുതിയ പ്രവണതയല്ല. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും ജോലിക്കാരുമാണ് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും തേടി പുതിയ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. മിക്ക ആളുകള്‍ക്കും പുതിയ വാസസ്ഥലത്തെ മേല്‍വിലാസത്തിന്റെ കൃത്യമായ രേഖ ഇല്ല എന്നതിനാല്‍ ഈ സമൂഹത്തെ സംബന്ധിച്ച് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നത് ഒരു തടസമായി മാറിയിട്ടുണ്ട്. വെരിഫിക്കേഷന്റെ സമയത്ത് നല്‍കിയിട്ടുള്ള വിലാസത്തില്‍ അപേക്ഷകന്റെ ഭൗതിക സാന്നിധ്യം ഉണ്ടാവണമെന്ന് പോലീസുകാര്‍ നിര്‍ദേശിക്കുന്നു. അങ്ങനെയില്ലാത്ത സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് നിരസിക്കപ്പെടും. ഇതുകാരണം, ഓരോ വര്‍ഷവും ഏതാണ്ട് 30 ശതമാനം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്. വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണിത്. എല്ലാ അപേക്ഷകരും പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിര്‍ബന്ധമായും ഹാജരാകുന്ന പക്ഷം പോലീസ് വെരിഫിക്കേഷന്റെ യാതൊരു ആവശ്യവുമില്ല. സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വഴി തുടര്‍ന്നുള്ള പരിശോധനകളും നടത്താം.

ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ ലളിതമാക്കേണ്ട മറ്റൊരു മേഖല. നികുതി ഫയലിംഗ് ലളിതമാക്കുന്നതിനെ കുറിച്ച് മാറി വരുന്ന എല്ലാ സര്‍ക്കാരുകളും സംസാരിക്കാറുണ്ട്. എന്നാല്‍ മിക്ക നികുതിദായകര്‍ക്കും സങ്കീര്‍ണതകള്‍ കാരണം ഇത് ഗ്രാഹ്യമല്ല. ഒരു സര്‍വെ റിപ്പോര്‍ട്ട് പ്രകാരം, 90 ശതമാനം പേരും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയ മാര്‍ഗങ്ങളെ ആശ്രയിക്കുന്നു. പ്രൊഫഷണലായ ആളുകളുടെ സഹായം കൂടാതെ വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമ്പോഴാണ് ശരിയായ ലാളിത്യം ഉണ്ടാകുന്നത്.

ഈ പ്രക്രിയകളെ കൂടുതല്‍ ഉപഭോക്തൃ സൗഹൃദപരമാക്കി മാറ്റേണ്ടതുണ്ട്. നികുതിദായകര്‍ സാമ്പത്തിക സാക്ഷരരാണ് എന്നതാണ് നിലവിലെ അനുമാനം. എന്നാല്‍ ഭൂരിഭാഗം സാഹചര്യങ്ങളിലും ഇത് ശരിയല്ല. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പോലും മിക്കവാറും ലഭ്യമല്ല. ഇവിടെ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലെ ചാറ്റ്‌ബോട്ട് പോലെ എളുപ്പമുള്ള സംവിധാനങ്ങള്‍ സഹായകരമാണ്.

പൗരന്‍മാരെ നിരാശയിലാക്കുന്ന മറ്റൊരു മേഖല റെയ്ല്‍ ടിക്കറ്റ് ബുക്കിംഗാണ്; പ്രത്യേകിച്ച് തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ്. സീറ്റുകളുടെ ആവശ്യകതയും വിതരണവും തമ്മില്‍ പൊരുത്തപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. റെയ്ല്‍വേ ഒരു സുതാര്യമായ രീതിയില്‍ സീറ്റുകളുടെ ലഭ്യതയും കോച്ചുകളുടെ എണ്ണവും പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ട്രെയ്ന്‍ റിസര്‍വേഷന്റെ എല്ലാ വശങ്ങളെ കുറിച്ചും ജനങ്ങളെ പൂര്‍ണമായും അറിയിക്കാന്‍ ബിഗ് ഡാറ്റ അനാലിസിസും കൃത്രിമ ബുദ്ധിയും ഉപയോഗിക്കാന്‍ കഴിയും.

 

മിക്ക പ്രശ്‌നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. കാര്യക്ഷമമായും സുതാര്യമായും ക്ലേശം കുറച്ചും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പരിഹാര മാര്‍ഗവും സാങ്കേതികവിദ്യയും കൊണ്ടുവരാന്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം സഹായിക്കും. എല്ലാ പൗരന്‍മാരും ഇത് അര്‍ഹിക്കുന്നുണ്ട്.

 

(സര്‍ക്കാരിന്റെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇറ്റ്‌സ്ഈസി ഡോട്ട് ഇന്നിന്റെ സ്ഥാപകനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider