കാനഡയിലെ ചികില്‍സാ പരിപാടികള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി

കാനഡയിലെ ചികില്‍സാ പരിപാടികള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി

അമേരിക്കയിലെ സൗദി ഉദ്യോഗസ്ഥരുടെ സഹായത്തോടെ രോഗികളെ മാറ്റും

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മില്‍ തുടരുന്ന നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാനഡയില്‍ നിന്നുള്ള ചികില്‍സാ സഹായ പരിപാടികള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. കാനഡയില്‍ നിന്ന് മെഡിക്കല്‍ സഹായം തേടുന്നതില്‍ നിന്നും പൗരന്‍മാരെ വിലക്കിയിട്ടുമുണ്ട്. ഇതിനൊടൊപ്പം കാനഡയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന സൗദി പൗരന്‍മാരെ ഉടന്‍തന്നെ കാനഡയ്ക്കു പുറത്തേക്കു മാറ്റും. അമേരിക്കയിലെ സൗദി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രോഗികളെ മാറ്റുന്നത്. പുതിയ തീരുമാനം എത്ര രോഗികളെ ബാധിക്കുമെന്നത് സംബന്ധിച്ച കണക്കുകള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതേസമയം സൗദിയുടെ നടപടിയില്‍ പ്രശ്‌നമില്ലെന്ന് ഉറച്ച നിലപാടുമായി കാനഡ രംഗത്തുവന്നു കഴിഞ്ഞു.

സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നതു സംബന്ധിച്ച് കാനഡ നടത്തിയ ട്വീറ്റിനെ ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലെ പ്രതിസന്ധി ഉടലെടുത്തത്. ഇതിന്റെ ഭാഗമായി കനേഡിയന്‍ അംബാസഡറെ സൗദി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തുടര്‍ന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവെക്കുകയും ചെയ്തു. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരികെ വിളിച്ചിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളും മരവിപ്പിച്ചിരുന്നു. കാനഡയിലെ വിവിധ വിദ്യാഭ്യാസ പരിപാടുകള്‍ റദ്ദ് ചെയ്തതിന്റെ ഭാഗമായി സൗദി സ്‌കോളര്‍ഷിപ്പ് നേടി വിദ്യാര്‍ത്ഥികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും തങ്ങള്‍ നിലകൊള്ളുമെന്ന് സൗദി നടപടിയോട് കാനഡ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചു. വനിതാ ആക്റ്റിവിസ്റ്റ് അടക്കം 15 ഓളം പ്രവര്‍ത്തകരെ സൗദി അന്യായമായി തടങ്കലില്‍ വെച്ചതായി അടുത്തിടെ യുഎന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ എട്ടു പേരെ വിട്ടയക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണെന്നു സംബന്ധിച്ച് ഇതുവരെ അറിവുണ്ടായിട്ടില്ല. സൗദിയും കാനഡയും തമ്മില്‍ 400 കോടി ഡോളറിന്റെ വ്യാപാര ഇടപാട് നിലവിലുണ്ട്. കൂടാതെ 1300 കോടി ഡോളറിന്റെ ആയുധ ഇടപാടും. ഈ രണ്ട് കരാറുകളുടേയും ഭാവി ഇപ്പോള്‍ അനിശ്ചതത്വത്തിലായിരിക്കുകയാണ്.

 

Comments

comments

Categories: Arabia
Tags: Canada