ഓഹരി വിപണി യില്‍ കുതിപ്പ് തുടരും

ഓഹരി വിപണി യില്‍ കുതിപ്പ് തുടരും

ചൈനയടക്കമുള്ള രാജ്യങ്ങളിലെ വിപണി കൂപ്പു കുത്തുന്നതിനിടയിലും ഇന്ത്യയില്‍ ഓഹരി വിപണിയിലെ ഊര്‍ജസ്വലമായ മുന്നേറ്റം തുടരുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ മെച്ചപ്പെട്ട ഫലങ്ങളുടെ ആവേശം തടര്‍ന്നും വിപണിയില്‍ പ്രകടമാവുന്നതായാണ് കാണുന്നത്. പൊതുമേഖലാ ബാങ്കുകളും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. യുഎസ് വ്യാപാര യുദ്ധത്തിന്റെ ആശങ്കകളും കാര്യമായി ഏശിയിട്ടില്ല.

 

മെച്ചപ്പെട്ട ഒന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെ പ്രതിവാര അടിസ്ഥാനത്തില്‍ ചെറിയ നേട്ടങ്ങളുമായി വിപണി ഉയരത്തിലേക്കു കുതിക്കുകയാണ്. ഒപ്പം തന്നെ അഭ്യന്തര ആഗോള വിപണികളിലെ പതിവിനു വിരുദ്ധമായ ചലനങ്ങള്‍ ഉത്കണ്ഠയുളവാക്കുകയും ചെയ്യുന്നു. ഓഹരി വിലകളിലും പരമാവധി മൂല്യനിര്‍ണയത്തിലും ഉണ്ടായ വര്‍ധനയും ഫലങ്ങളുടെ നേട്ടത്തിലുണ്ടായ കുറവും കാരണം റിസ്‌കെടുക്കാനുള്ള കഴിവ് കുറഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ വിപണിയിലെ നിലവിലുള്ള അവസ്ഥ തുടരാനാണിട. വരുമാന നേട്ടം തിരിച്ചെത്തുന്നതോടെ ഈ അനുകൂല കാലാവസ്ഥ കൂടുതല്‍ ഗുണകരമായിത്തീരും. മിതമായ നിരക്കില്‍ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ഓഹരികളില്‍ കണ്ണുവെക്കാന്‍ ചില്ലറ നിക്ഷേപകര്‍ക്ക് ഇതിലൂടെ സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം ചില ഓഹരികളുടെ വില വളരെ ആകര്‍ഷകം തന്നെയാണ്.

നടപ്പു വര്‍ഷത്തില്‍ പ്രധാന പട്ടികയിലുള്ള (നിഫ്റ്റ്ി 50) ഓഹരികള്‍ക്ക് തികച്ചും അനുകൂല കാലാവസ്ഥയാണെങ്കിലും ഇവയില്‍ 15 എണ്ണത്തിനു മാത്രമേ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയൂ. ബാക്കിയുള്ള ഓഹരികള്‍, 15 ശതമാനം എന്ന തോതില്‍ തിരുത്തലുകള്‍ക്ക് വിധേയമായേക്കും. അതേ സമയം വിപണിയെ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ 20 ശതമാനത്തിലേറെ താഴെയാണെന്നു കാണാം. ചുരുക്കിപ്പറഞ്ഞാല്‍ വന്‍കിട, പ്രതിരോധാത്മക ഓഹരികളില്‍ നിക്ഷേപമിറക്കിയ അഭ്യന്തര നിക്ഷേപകരുടെ സമ്പത്തില്‍ കുറവു വരികയാണു ചെയ്യുന്നത്. നല്ല പ്രകടനം കാഴ്ചവെച്ച ഓഹരികളില്‍ ഐടി, സ്വകാര്യ ബാങ്കുകള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്നു. ജനുവരി മുതല്‍ തന്നെ ഭാവിയില്‍ വന്നേക്കാവുന്ന അനിശ്ചിതത്വം മുന്നില്‍ കണ്ട് ലാര്‍ജ് കാപുകളിലേക്ക് തങ്ങളുടെ നിക്ഷേപം മാറ്റുന്നതാണ് നല്ലതെന്ന് കക്ഷികളെ ഞങ്ങള്‍ ഉപദേശിക്കാറുണ്ട്. മുകളില്‍ പറഞ്ഞ മേഖലകളിലും ഉയര്‍ന്ന നിലവാരമുള്ള മിഡ് കാപുകളിലും ശ്രദ്ധ പതിപ്പിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കാറുമുണ്ട്. മിഡ് കാപുകളിലെ ഇത്തരം ഓഹരികളുടെ വിലകള്‍ കഴിഞ്ഞ ആറുമാസത്തില്‍ നടന്ന ഏകീകരണത്തെ തുടര്‍ന്ന് കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മൂന്നാഴ്ചയായി പൊതുമേഖലാ ബാങ്കുകള്‍ നല്ല പ്രകടനം കാഴ്ച വെക്കുന്നു. എന്നാല്‍ ഇവയേക്കാള്‍ സ്വകാര്യ ബാങ്കുകളെ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ഉപദേശിക്കാറ്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കണമെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ ഭരണവും നടത്തിപ്പും മാറിയേ തീരൂ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ വിപണിയിലെ പങ്കാളിത്തം ശക്്തമാക്കി മുന്നേറുന്ന സ്വകാര്യ ബാങ്കുകളെ മറി കടക്കാന്‍ അവ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും. ഹ്രസ്വ കാലാടിസ്ഥാനത്തില്‍ അവസരങ്ങള്‍ തുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കഴിയും. കാരണം ഹ്രസ്വകാലത്തേക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളുടെ ഗുണപരമായ പ്രയോജനം നേടിയെടുക്കാന്‍ അവര്‍ക്കാണ് കൂടുതല്‍ സാധ്യമാവുക. അവരുടെ മൂലധന ആവശ്യങ്ങളും ഏകീകരണ പദ്ധതികളും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ കഴിയും.

വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള വാചാടോപങ്ങളും റിസര്‍വ് ബാങ്കിന്റെ 25 ബിപിഎസ് നിരക്കു വര്‍ധനയും ഉണ്ടായിട്ടും ആഭ്യന്തര വിപണികള്‍ ശുഭകരമായാണ് പോയവാരം വ്യാപാരം നടത്തിയത്. എണ്ണവിലയിലെ സ്ഥിരതയും മികച്ച പാദവാര്‍ഷിക നേട്ടവും ജിഎസ്ടിയില്‍ വരുത്തിയ കുറവും ശുഭ പ്രതീക്ഷ കൊണ്ടുവരികയായിരുന്നു. പ്രതീക്ഷിച്ചതുപോലെ യു.എസ് ഫെഡറല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നതും നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വര്‍ധന അനുക്രമമാക്കിയതും ഈ അവസ്ഥക്ക് അനുകൂലമായിത്തീര്‍ന്നു. ഈയാഴ്ച പ്രധാന പട്ടികകളെല്ലാം 0.7 ശതമാനം നേട്ടമുണ്ടാക്കി. ഒപ്പം മികച്ച നേട്ടങ്ങളുടെ ഫലമായി വലിയ വിപണികള്‍ നല്ല പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ഏറെക്കാലത്തിനു ശേഷമാണ് സ്മാള്‍, മിഡ് കാപുകള്‍ ശക്തമായ തിരിച്ചു വരവു നടത്തുന്നത്. ഇവയില്‍ യഥാക്രമം 2.3 ശതമാനം, 1.8 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടായി. ഇനം തിരിച്ചു പരിശോധിച്ചാല്‍ കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ അനുകൂല നടപടികളുണ്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ വക മൂലധന നിക്ഷേപവും പൊതുമേഖലാ ബാങ്കുകള്‍ക്ക് 5 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ഭക്ഷ്യ ഔഷധ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതും മൂല്യാധിഷ്ഠിതമായ വാങ്ങല്‍ ആരംഭിച്ചതും ഫാര്‍മ മേഖലയില്‍ 5.1 ശതമാനം നേട്ടത്തിനു കാരണമായി.

വിലക്കയറ്റവും വികസനവും തമ്മിലുള്ള സന്തുലനം നില നിര്‍ത്തുന്നതിന് റിസര്‍വ് ബാങ്ക് ക്രമാനുഗതമായി നടപടികള്‍ കര്‍ശനമാകുന്നത് സ്വാഗതാര്‍ഹമാണ്. വിതരണം സുഗമമായതിനെത്തുടര്‍ന്ന് എണ്ണവിലയിലുണ്ടായ മിതത്വവും മെച്ചപ്പെട്ട പാദവാര്‍ഷിക നേട്ടവും ഇപ്പോഴത്തെ അനുകൂല കാലാവസ്ഥ തുടരാന്‍ വഴി തെളിക്കും.

 

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

 

Comments

comments

Categories: Business & Economy, Slider
Tags: share market