പഴയ ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന് വിസിഎസ്‌സി

പഴയ ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന് വിസിഎസ്‌സി

കോഴിക്കോട്: 2016 ഒക്ടോബര്‍ 20 മുതല്‍ സോഷ്യല്‍ മീഡിയയുടെ സജീവ പിന്തുണയോടെ പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് വിന്റേജ് ആന്‍ഡ് ക്ലാസിക് സ്‌കൂട്ടേഴ്‌സ് ഗ്രൂപ്പ്. പഴയകാല സ്‌കൂട്ടര്‍ പ്രേമികളുടെ ഒരു കൂട്ടായ്മയാണിത്. വിപണിയില്‍ നിന്നും ഓര്‍മ്മകളായി മാറിയ പഴകാല സ്‌കൂട്ടറുകളുടെ സംരക്ഷണവും ഓര്‍മ്മപ്പെടുത്തലുമാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. ക്ലബ്ബിന്റെ ആദ്യ പരിപാടി നടന്നത് 2017 ജനുവരി 26 നായിരുന്നു. ഇത്തരം വാഹനങ്ങള്‍ കൈയില്‍ ഉള്ള ക്ലബ്ബ് മെമ്പേഴ്‌സ് ചേര്‍ന്ന ഒരു ഷോ ആയിരുന്നു അത്. പിന്നീട് അങ്ങോട്ട് വിവിധ പരിപാടികള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു.

പഴയകാലത്ത് ഇറങ്ങിയിട്ടുള്ള സ്‌കൂട്ടറുകള്‍ സംരക്ഷിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ രൂപീകൃതമായ ഈ സംഘടനയുടെ അഡ്മിന്‍ വാഴക്കാട് സ്വദേശിയായ ആഷിക് ആണ്. ആഷിക് അടക്കം 25 പേര്‍ മാത്രമാണ് കൂട്ടായ്മയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നുത്. എന്നാല്‍ ഇന്ന് വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ വഴി നിരവധി ആരാധകരും മെമ്പര്‍മാരും ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ വിസിഎസ്‌സിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ച് ഹോട്ടലിനു സമീപത്തായി 46 ഓളം ഇത്തരത്തിലുള്ള സ്‌കൂട്ടറുകളുടെ ഷോ സംഘടിപ്പിക്കുന്നുണ്ട്. 1960 മുതല്‍ 2004 വരെയുള്ള ടു സ്രോക്ക് സ്‌കൂട്ടറുകളാണ് ഷോയില്‍ ഉണ്ടാവുക. വിന്റേജ് ക്ലാസിക് സ്‌കൂട്ടറുകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഷോയുടെ ലക്ഷ്യമെന്ന് ആഷിക് പറയുന്നു.

പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന ഒരു ഷോ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വെറും ഷോകള്‍ മാത്രം നടത്തി വരികയല്ല ഈ കൂട്ടായ്മ ചെയ്യുന്നത് മറിച്ച് ട്രാഫിക് നിയമ ലംഘനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ട്രാഫിക് ബോധവത്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇത്തരം ക്ലാസുകള്‍ സ്‌കൂളുകള്‍ കോളജുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് നടത്താറുള്ളത്. ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക സ്‌കൂട്ടര്‍ കൂട്ടായ്മയാണ് വി സി എസ് സി.

 

Comments

comments

Categories: FK News, Slider