റഷ്യയ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

റഷ്യയ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ ചാരനെതിരേ രാസായുധ പ്രയോഗം നടത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ച് ഈ മാസം 22 മുതല്‍ യുഎസ് റഷ്യയ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യ കൈമാറ്റം, ആയുധ വില്‍പന തുടങ്ങിയവയ്ക്കായിരിക്കും നിയന്ത്രണം വരുന്നത്. ഇത് റഷ്യയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് റഷ്യ ശ്രമിച്ചില്ലെങ്കില്‍ മൂന്ന് മാസങ്ങള്‍ക്കു ശേഷം വീണ്ടും ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. ഇത് നയതന്ത്ര ബന്ധം വിച്ഛേദിപ്പിക്കല്‍, കയറ്റുമതി, ഇറക്കുമതി എന്നിവയിലുള്ള നിയന്ത്രണമായിരിക്കും. ഇത് മോസ്‌കോയ്ക്കു താങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.

 

ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ വച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവര്‍ക്കെതിരേ രാസായുധ പ്രയോഗം നടത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ റഷ്യയ്‌ക്കെതിരേ ഈ മാസം 22 മുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നു യുഎസ് അറിയിച്ചിരിക്കുകയാണ്. Chemical and Biological Weapons (CBW) Control and Warfare Elimination Act ഉപയോഗിച്ചാണ് പുതിയ ഉപരോധമേര്‍പ്പെടുത്തുന്നതായി ഈ മാസം എട്ടാം തീയതി യുഎസ് പ്രഖ്യാപിച്ചത്.
റഷ്യയിലേക്കു തന്ത്രപ്രധാനമായ സാങ്കേതികവിദ്യ കയറ്റി അയയ്ക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമം ലംഘിച്ചു കൊണ്ട് രാസ, ജൈവ ആയുധങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടോ എന്ന് അറിയാന്‍ റഷ്യയിലെ ശാസ്ത്രീയ, സുരക്ഷാ സംവിധാനങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കു പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്നാണു യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. 90 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ റഷ്യയുടെ ഏറ്റവും വലിയ വിമാനസര്‍വീസ് കമ്പനിയായ എയ്‌റോഫ്‌ളോട്ടിന് ലാന്‍ഡ് ചെയ്യാനുള്ള അവകാശം റദ്ദ് ചെയ്യുന്നതു മുതല്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചു വരെ ചിന്തിക്കേണ്ടി വരുമെന്നു യുഎസ് അറിയിച്ചിട്ടുണ്ട്.
ഇൗ വര്‍ഷം മാര്‍ച്ചിലായിരുന്നു ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ വച്ച് റഷ്യയുടെ മുന്‍ ചാരനെതിരേ നോവിഷോക് എന്ന നെര്‍വ് ഏജന്റ് പ്രയോഗിച്ച്് അപായപ്പെടുത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ചാരന്റെ മകള്‍ക്കും അപകടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് റഷ്യയുമായുള്ള പാശ്ചാത്യലോകത്തിന്റെയും അമേരിക്കയുടെയും ബന്ധം മോശമാവുകയും ചെയ്തു. യുഎസ് ഇതുവരെയായി സംശയനിഴലിലുള്ള റഷ്യയുടെ 60 ചാരന്മാരെയാണു പുറത്താക്കിയത്.

ജിആര്‍യു എന്ന റഷ്യന്‍ ചാരസംഘടന

പാശ്ചാത്യലോകവുമായി റഷ്യ നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ ഒരു ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടുകള്‍ തീര്‍ക്കുന്നത്. ജിആര്‍യു ( GRU) എന്നാണ് ആ ഇന്റലിജന്‍സ് ഏജന്‍സിയുടെ പേര്. റഷ്യന്‍ സൈന്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് (Main Intelligence Directorate) ജിആര്‍യു. സമീപകാലത്തായി റഷ്യ നടത്തിയ ഏറ്റവും കുപ്രസിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഥവാ ആക്രമണോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതു ജിആര്‍യു ആണ്. രഹസ്യമായി ദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ള, little green men എന്നു പേരുള്ള സൈനികരെ ഉപയോഗിച്ച് 2014-ല്‍ ക്രിമിയ പിടിച്ചെടുത്തതും, അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റിയുടെയും ഹിലരി ക്ലിന്റന്റെയും ഇ-മെയ്‌ലുകള്‍ ഹാക്ക് ചെയ്തതുമൊക്കെ ജിആര്‍യു ആയിരുന്നു. ബാല്‍ക്കണ്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍ പരാജയപ്പെട്ട ഒരു അട്ടിമറിയുടെ ആസൂത്രണവും ജിആര്‍യു ആയിരുന്നു നിര്‍വഹിച്ചതെന്നും പറയപ്പെടുന്നുണ്ട്. 2014 ജുലൈയില്‍ 298 പേര്‍ കൊല്ലപ്പെടാനിടയായ മലേഷ്യന്‍ ജെറ്റ് ലൈനര്‍ വിമാനം എംഎച്ച് 17, വെടിവച്ചിട്ടതിനു ശേഷം കിഴക്കന്‍ ഉക്രൈനിലേക്കു anti-aircraft weapons (ശത്രുവിമാനത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍) എത്തിക്കാന്‍ ഒരു ജിആര്‍യു ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിച്ചതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബ്രിട്ടനില്‍ സാലിസ്‌ബെറിയില്‍ വച്ച് മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവര്‍ക്കെതിരേ രാസായുധ ആക്രമണം നടത്താന്‍ ഉത്തരവിട്ടതും ജിആര്‍യു ആയിരുന്നു. ഈ സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് റഷ്യന്‍ പൗരന്മാരെ തങ്ങള്‍ക്കു കൈമാറണമെന്നു നിര്‍ദേശിച്ചു കൊണ്ടു അപേക്ഷ (extradition request) സമര്‍പ്പിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം.
റഷ്യയുടെ മൂന്ന് പ്രധാന ഇന്റലിജന്‍സ് ഏജന്‍സികളിലൊന്നാണു ജിആര്‍യു. ഇതില്‍ വളരെ കുറച്ചു മാത്രമാണു ജിആര്‍യുവിനെ കുറിച്ച് എഴുതിയിരിക്കുന്നത്. മറ്റ് രണ്ട് ഇന്റലിജന്‍സ് ഏജന്‍സികളെ കുറിച്ചും ലോകത്തിന് ഏറെക്കുറെ അറിയാവുന്നതാണ്. സോവിയറ്റ് യുഗത്തിലുണ്ടായിരുന്ന കെജിബിയും, അതിന്റെ പിന്‍ഗാമി എഫ്എസ്ബിയുമാണ് ആ രണ്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍. ഇതില്‍ കെജിബിയുടെ മുന്‍ തലവന്‍ കൂടിയായിരുന്നു ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍.
യുദ്ധകാലത്തേതു പോലുള്ള മാനസികാവസ്ഥയിലും പ്രവര്‍ത്തിക്കാനും, റിസ്‌ക് എടുക്കാനുള്ള സന്നദ്ധതയുമാണു ജിആര്‍യുവിനെ വ്യത്യസ്തമാക്കുന്നത്. സിറിയയിലും, ഉക്രൈയ്‌നിലും ഉള്‍പ്പെടെയുള്ള യുദ്ധ മേഖലയിലുള്ള അനുഭവവും, സ്‌പെറ്റ്‌സ്‌നാസ് സ്‌പെഷ്യല്‍ ഫോഴ്‌സിനെ ഉള്‍പ്പെടുത്തിയതും ജിആര്‍യുവിന്റെ സ്വാഭവരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്. വിവിധ റഷ്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സസിനെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു രൂപമാണു സ്‌പെറ്റ്‌സ്‌നാസ്. യുദ്ധരംഗത്തെ ഒരു ഉപകരണമായിട്ടാണ് ജിആര്‍യു സ്വയം വിശേഷിപ്പിക്കുന്നത്. സാധാരണ രീതിയിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കിലും ജിആര്‍യുവിന്റെ സ്വഭാവത്തില്‍ ഒരു സൈനിക ടച്ച് ഉണ്ടെന്നു ആ ഏജന്‍സിയെ സൂക്ഷ്മമായി നിരീക്ഷിച്ചവര്‍ക്ക് മനസിലാക്കുവാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ ജിആര്‍യു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, ആഭ്യന്തരയുദ്ധ മേഖലയിലായിരുന്നെങ്കില്‍ ഇപ്പോള്‍ സൈബര്‍ സ്‌പേസിലും സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു.
1992 മേയ് ഏഴിനാണ് ജിആര്‍യു രൂപീകരിച്ചത്. മോസ്‌കോയിലാണ് ആസ്ഥാനം. റഷ്യന്‍ പ്രസിഡന്റിന്റെ അധികാരപരിധിയിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. റഷ്യയുടെ പ്രതിരോധ മന്ത്രിലായത്തിനാണ് ഏജന്‍സിയുടെ നിയന്ത്രണം. ജിആര്‍യു, Main Intelligence Directorate എന്ന് ഇപ്പോഴും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഏജന്‍സി 2010-ല്‍ Main Directorate അഥവാ ജിയു എന്ന് പേര് മാറ്റി. ജിആര്‍യുവിന്റെ വിവര ശേഖര (intelligence-gathering) രീതികള്‍ക്കു ശീതയുദ്ധ കാലഘട്ടത്തോളം പഴക്കമുണ്ട്. അന്ന് സോവിയറ്റ് യൂണിയന്റെ വിവിധ രാജ്യങ്ങളിലുള്ള എംബസികളില്‍ കെജിബി എന്ന ചാരസംഘടനയിലെ ചാരന്മാരോടൊപ്പം ജിആര്‍യു ഓഫീസര്‍മാരേയും നിയമിച്ചിരുന്നു. ജിആര്‍യു ശ്രദ്ധേയമായത് റഷ്യ, ക്രിമിയ പിടിച്ചടക്കിയപ്പോഴായിരുന്നു. 2014 മാര്‍ച്ചിലായിരുന്നു അത്. അന്ന് ജിആര്‍യുവിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു റഷ്യയ്ക്ക് ക്രിമിയയില്‍ അധിനിവേശം നടത്താന്‍ സഹായകരമായത്.

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ജിആര്‍യുവിന്റെ പങ്ക്

2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യ നടത്തിയെന്നു പറയപ്പെടുന്ന അനധികൃത ഇടപെടലിനെ കുറിച്ച് അന്വേഷിച്ച യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയത് ജിആര്‍യുവിന് വ്യക്തമായ പങ്കുണ്ടെന്നാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റന്റെയും, ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെയും, ചെയര്‍മാന്‍ ജോണ്‍ ഡി.പൊഡേസ്റ്റയുടെയുമൊക്കെ ഇ-മെയ്ല്‍ ഹാക്ക് ചെയ്ത് പുറത്തുവിടാന്‍ ജിആര്‍യു Guccifer 2.0 എന്ന പേരില്‍ ഓണ്‍ലൈനില്‍ ഒരു വ്യാജ വ്യക്തിയെ സൃഷ്ടിച്ചു. DCLeaks.com എന്ന പേരിലൊരു വെബ്‌സൈറ്റിനും രൂപം കൊടുത്തു. ഇക്കാര്യം ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ജിആര്‍യു തലവന്‍ ഐഗര്‍ വി. കൊറോബോവിനും അദ്ദേഹത്തിന്റെ മൂന്ന് ഡപ്യൂട്ടിമാര്‍ക്കും 2016 ഡിസംബറില്‍ അന്ന് യുഎസ് പ്രസിഡന്റായിരുന്ന ഒബാമ ഉപരോധമേര്‍പ്പെടുത്തിയത്.

ഉക്രൈന്‍ സംഘര്‍ഷം

ഉക്രൈന്‍ സംഘര്‍ഷത്തെ കുറിച്ച് പരസ്യമായി ഗവേഷണം നടത്തുന്ന ഒരു സംഘമാണ് Bellingcat. 2014 ജുലൈയില്‍ മലേഷ്യന്‍ ജെറ്റ് ലൈനര്‍ വിമാനം എംഎച്ച് 17, വെടിവച്ചിട്ടത് ഒരു റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹം ജിആര്‍യു അംഗമാണെന്നും കണ്ടെത്തുകയുണ്ടായി.

Comments

comments

Categories: FK Special