നോ ഡീല്‍ ബ്രെക്‌സിറ്റ് ആശങ്ക പൗണ്ട് വീണു

നോ ഡീല്‍ ബ്രെക്‌സിറ്റ് ആശങ്ക പൗണ്ട് വീണു

ബ്രെക്‌സിറ്റ് പൂര്‍ണതോതില്‍ പ്രാബല്യത്തിലാകുന്ന 2019 മാര്‍ച്ച് 29-നു മുമ്പ് ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയനുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ ഔദ്യോഗികതലത്തില്‍ വാണിജ്യഉടമ്പടികള്‍ ഉണ്ടാകൂവെന്നാണ് നോ ഡീല്‍ ബ്രെക്‌സിറ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്

 

ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യം യൂറോപ്യന്‍ യൂണിയന്‍ പൊതുകറന്‍സിയായ യൂറോയോടും അമേരിക്കന്‍ ഡോളറിനോടും ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുകയാണ്. ആഗോള ഓഹരിവിപണികളില്‍ ബ്രിട്ടണ്‍ കനത്ത തിരിച്ചടി നേരിടുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോരാനുള്ള ബ്രെക്‌സിറ്റ് ജനഹിതമനുസരിച്ചുള്ള നടപടികളാണ് ഇതിനു കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വ്യാപാര ഉടമ്പടികളില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടണ്‍ നിര്‍ബന്ധിതമായിരിക്കുന്നു.

വരും മാസങ്ങളില്‍ ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കേ, സ്റ്റെര്‍ലിംഗിന്റെ മൂല്യം ഒട്ടു മിക്ക രാജ്യങ്ങളുടെ കറന്‍സികളോടും മൂല്യത്തകര്‍ച്ച നേരിടുകയാണ്. പൗണ്ടിന്റെ മൂല്യത്തകര്‍ച്ച ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും വിദേശ യാത്രക്കും ചെലവേറ്റുമ്പോള്‍ത്തന്നെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയുന്നതും വിലക്കയറ്റമുണ്ടാകുന്നതും അനിയന്ത്രിതമായ പണപ്പെരുപ്പമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതിനെതിരേ നിക്ഷേപകര്‍ സ്വയം കരുതല്‍ നടപടികളെടുക്കണമെന്നാണ് ആഗോള സാമ്പത്തികരംഗത്തു നിന്നു നിര്‍ദേശങ്ങള്‍ വരുന്നത്. പൗണ്ടിന്റെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പത്തിനു കാരണമാകുകയും ജനങ്ങളുടെ ജീവിത നിലവാരം താഴാന്‍ ഇടവരുത്തുകയും ചെയ്യുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്നതിനു സര്‍ക്കാരിനുള്ള ജനങ്ങള്‍ക്ക് ഇടയില്‍ നിന്നുള്ള പിന്തുണ കുത്തനെ ഇടിയുന്ന സാഹചര്യമാണ് ഉള്ളത്.

പൗണ്ട് വീഴുന്നതിന്റെ ആഘാതങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച കാര്‍ഡിഫ് വിമാനത്താവളത്തിലെ വിദേശനാണയവിനിമയ എക്‌സ്‌ചേഞ്ച് ബ്യൂറോയിലെ വോക്കപ്പ് നിരക്ക് യൂറോക്കെതിരേ 0.90 പൗണ്ട് ആയിരുന്നു. 200 പൗണ്ടിന് വാങ്ങാനാകുന്നത് വെറും 177 യൂറോ മാത്രമാണ്. തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് വിദേശയാത്ര ഓപ്പറേറ്റര്‍മാരെയാണ്. പൗണ്ടിനെതിരേയുള്ള ഊഹാപോഹങ്ങളെ ബലപ്പെടുത്തുന്ന വസ്തുതകളാണ് പോയവാരം വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണുമായി വാണിജ്യ ഇടപാടുകള്‍ ഉണ്ടാകില്ലെന്നു ഭയക്കുന്നവരാണ് ഉപജാപങ്ങള്‍ക്കു ശ്രമിക്കുന്നത്. ബ്രിട്ടണുമായി വാണിജ്യ വിലക്കുണ്ടായാല്‍ അത് തങ്ങളുടെ സാമ്പത്തികതാല്‍പര്യങ്ങള്‍ക്കു ദോഷകരമാണെന്ന് ഇവര്‍ മനസിലാക്കുന്നു. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും അംഗീകാരത്തോടെ വിലപേശലിനായാണ് മിഷല്‍ ബാര്‍ണിയറെപ്പോലുള്ളവരുടെ നീക്കം. ഭാവിയിലെ ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ചര്‍ച്ച ചെയ്യാനാകില്ല എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്.

അടുത്ത മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതോടെ ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കര്‍ണിയും അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറി ലിയാം ഫോക്‌സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ ബ്രിട്ടണ്‍ വിജയപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഈഹക്കച്ചവടക്കാര്‍ ഉടനെ രംഗത്തു വന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യം ഏറെക്കുറെ ഓഹരിവിപണികള്‍ മനസിലാക്കിയിട്ടുമുണ്ട്.

ഇപ്പോള്‍ ബ്രെക്‌സിറ്റിന്റെ അപകടസാധ്യതകളെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയാണെന്നാണ് വിദഗ്ധാഭിപ്രായം. ബ്രിട്ടന്റെ വിടുതലിനു വെറും എട്ടുമാസം മാത്രം ബാക്കി നില്‍ക്കേ ഓഹരിവിപണികള്‍ ലാഭസാധ്യതകള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയാണ്. അയല്‍രാജ്യങ്ങളുമായുള്ള വാണിജ്യം താറുമാറാക്കപ്പെടുന്നതും വിതരണശൃംഖലകളിലെ തകരാറും ഓഹരിവിപണിയില്‍ ചാകരക്കോള് കൊണ്ടുവരുന്നുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ മുതലെടുക്കുന്നതാണ് ഓഹരിവിപണിയില്‍ ലാഭസാധ്യത നിലനിര്‍ത്തുന്നത്.

ത്രൈമാസ പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താനുള്ള കഴിഞ്ഞ ആഴ്ചത്തെ തീരുമാനത്തെ തുടര്‍ന്നാണ് ബ്രെക്‌സിറ്റിന്റെ അപകടസാധ്യത അസ്വാസ്ഥ്യകരമായ വിധം ഉയര്‍ന്നതെന്ന് മാര്‍ക് കര്‍ണി ചൂണ്ടിക്കാട്ടി. അതേസമയം, ഫോക്‌സിന്റെ അഭിപ്രായത്തില്‍ നോഡീലിന് ബ്രെക്‌സിറ്റാനന്തരം 60 ശതമാനം സാധ്യത നിനില്‍ക്കുന്നുവെന്നാണ്. സ്റ്റെര്‍ലിംഗിനുണ്ടായിരിക്കുന്ന മൂല്യത്തകര്‍ച്ച ദൂരവ്യാപകമാണെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയിലെ സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ കിന്‍സല്ല നിരീക്ഷിക്കുന്നു.
ഈ പ്രവണത നീണ്ടു നില്‍ക്കുമെന്ന് അദ്ദഹം പറയുന്നു.

2017 ഓഗസ്റ്റിനു ശേഷം ആദ്യമായി പൗണ്ട് മൂല്യം അര സെന്റ് താഴ്ന്ന് 1.29 ഡോളര്‍ എന്ന നിരക്കിലെത്തി. യൂറോക്കെതിരേയും അര സെന്റ് കുറഞ്ഞ് ഒമ്പതുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജാപ്പനീസ് യെന്നിനും സ്വിസ് ഫ്രാങ്കിനുമെതിരേയും പൗണ്ടിന്റെ വില താഴ്ന്നിരിക്കുന്നു. ഏപ്രിലില്‍ യുഎസ് ഡോളറിനു 1.43 ഡോളറിനു മുകളില്‍ വ്യാപാരം നടത്തിയ സ്റ്റെര്‍ലിംഗിന്റെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്.

സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും രണ്ടു വ്യത്യസ്ത തലത്തിലാണ് പുരോഗമിക്കുന്നത്.
പൗണ്ടിന്റെ മൂല്യം ഇടിയുമ്പോള്‍ത്തന്നെ ഓഹരിവിപണികളില്‍ അത് വലിയ മാറ്റം ഉണ്ടാക്കുന്നു. എഫ്ടിഎസ്ഇ 100 പട്ടികയില്‍ ചേര്‍ക്കപ്പെട്ട നിക്ഷേപ കമ്പനികളാകട്ടെ ഇതിന്റെ ആനുകൂല്യം നേടിയെടുത്ത് വിദേശപ്പണം കൊയ്യുന്നു. അത് മൂല്യനിര്‍ണയത്തിന്റെ ഘട്ടത്തിലെത്തുമ്പോഴാകട്ടെ ബ്രിട്ടണ്‍ ഇപ്പോഴും ഇപ്പോഴും വിലപേശുന്ന കൂട്ടത്തില്‍ ആണ്. എവിടെ നിക്ഷേപിക്കണമെന്നു തീരുമാനിക്കേണ്ടതാണു വെല്ലുവിളി. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ബ്രിട്ടീഷ് വിപണിയെക്കുറിച്ച് അറിയുവാനുള്ളത്.

മൂല്യമോ വളര്‍ച്ചയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അടങ്ങിയതാണ് ബ്രിട്ടീഷ് വിപണി. ഇക്കാലത്തെ വലിയ നിക്ഷേപചര്‍ച്ചകളെല്ലാം വളര്‍ച്ചയും മൂല്യവും തമ്മിലുള്ള സംഘര്‍ഷവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
കാലക്രമേണ വരുമാനം വളരുവാന്‍ സാധ്യതയുള്ള ഉയര്‍ന്ന നിലവാരമുള്ള കമ്പനികളില്‍ നിക്ഷേപം നടത്താനായിരിക്കും വളര്‍ച്ചാകാംക്ഷികളായ നിക്ഷേപകര്‍ ശ്രദ്ധിക്കുക. എന്നാല്‍ മറുവശത്ത്, മൂല്യത്തെ ആശ്രയിക്കുന്ന നിക്ഷേപകരാകട്ടെ, വിലകുറഞ്ഞതും വിപണികളല്ലാത്തതുമായ സ്റ്റോക്കുകളെയാകും പരിഗണിക്കുക.

സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം അനുഭവിച്ച നിരവധി നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപത്തിന് മുന്‍കൈയെടുത്തിരുന്നു. ആഗോളതലത്തിലുള്ള കമ്പോളങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സമാനമായിരിക്കുമ്പോഴും ബ്രിട്ടണ്‍ ഇതില്‍ നിന്നു മാറി നില്‍ക്കുന്നു. 2014, 2015 വര്‍ഷങ്ങളില്‍ മൂല്യാടിസ്ഥാനത്തിലുള്ള ഓഹരികള്‍ വളര്‍ച്ച കാണിക്കുന്നവയേക്കാള്‍ മോശം പ്രകടനമായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍, 2016-നു ശേഷം ഈ പ്രവണതയില്‍ വലിയ മാറ്റം വന്നു. മൂല്യാടിസ്ഥാനത്തില്‍ പ്രകടനം നടത്തുന്ന ഓഹരികള്‍ ആഗോള പ്രവണതയ്ക്ക് അനുസൃതമായി അതിഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങി.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയനും സ്വന്തം പാര്‍ട്ടിക്കും സ്വീകാര്യമായ ഒരു ബ്രെക്‌സിറ്റ് പദ്ധതി കണ്ടെത്തുന്നതുവരെ ഈ നില തുടര്‍ന്നു. കഴിഞ്ഞ മാസം കാബിനറ്റ് അംഗീകാരം ലഭിച്ച പുതിയ ബ്രിട്ടീഷ്- യൂറോപ്യന്‍ കസ്റ്റംസ് കണ്‍സള്‍ട്ടന്‍സി നിര്‍ദേശങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് മേയ് ശ്രമിക്കുന്നത്. അടുത്ത മാസം ഓസ്ട്രിയയില്‍ നടക്കുന്ന അനൗപചാരിക ഉച്ചകോടിയില്‍ 27 യൂറോപ്യന്‍ യൂണിയന്‍നേതാക്കളുമായി ബ്രക്‌സക്‌സിനെ കുറിച്ച് മേയ് ചര്‍ച്ച നടത്തും. ഒക്‌റ്റോബറില്‍ ബ്രെക്‌സിറ്റ് തീരുമാനം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയുണ്ട്.

ഒക്‌റ്റോബറില്‍ അടുത്ത യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നതിന് മുമ്പുവരെ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച തുടരുമെന്ന് ജപ്പാനീസ് ബാങ്ക് നൊമുറയുടെ ഉദ്യോഗസ്ഥന്‍ ജോര്‍ദ്ദാന്‍ റോച്ചസ്റ്റര്‍ പ്രവചിക്കുന്നു. ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളില്‍ നിന്നു പുറത്തു കടക്കുന്നതോടെ പൗണ്ട് തിരിച്ചു കയറും. ഉച്ചകോടി കഴിയുന്നതോടെ പൗണ്ട് ഡോളറിനെതിരേ 1.27- 1.28 മൂല്യം തിരിച്ചു പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പൗണ്ടിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആദ്യമായി 0.5 ശതമാനം വരെ പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

ഔദ്യോഗിക വായ്പച്ചെലവുകള്‍ ഇരട്ടിയിലേറെ വര്‍ധിച്ച് 0.75 മുതല്‍ 1.5 ശതമാനം വരെ ആകാന്‍ ഇനിയൊരു മൂന്നു വര്‍ഷം കൂടി വേണ്ടിവരുമെന്ന കര്‍ണിയുടെ പ്രവചനത്തിനു പിന്നാലെ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ധൃതിപിടിച്ചു പോകാനിടയില്ലെന്ന് നിക്ഷേകര്‍ വിശ്വസിക്കുന്നു. വെള്ളിയാഴ്ച പുറത്തു വന്ന 2018- ലെ രണ്ടാം പാദത്തിലെ വളര്‍ച്ചാനിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ ശ്രദ്ധിക്കുക. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഇത് 0.4 ശതമാനം വളര്‍ച്ച കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോണിറ്ററി പോളിസി കമ്മിറ്റി മുന്‍ അംഗം ആന്‍ഡ്രൂ സെന്റന്‍സ് പറയുന്നത് പൗണ്ടിന്റെ അടുത്ത മൂല്യം 1.25 ഡോളര്‍ ആയിരിക്കുമെന്നും അവിടെ നിന്നു വീണാലും ആത്യന്തികമായി 1.10 ഡോളറിനു താഴെയെത്തി സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാല്‍, പൗണ്ടിന്റെ വീഴ്ച താത്കാലികമാണെന്ന് കരുതുന്നതായി അമേരിക്കന്‍ നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി വിശകലനം ചെയ്യുന്നു. അടുത്ത മാസം നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. എന്നാല്‍, യൂറോപ്യന്‍ യൂണിയനുമായുള്ള ഉടമ്പടിയിലേര്‍പ്പെടാമെന്ന ശുഭാപ്തിവിശ്വാസം ബ്രിട്ടണില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. എന്നാല്‍ ബ്രെക്‌സിറ്റ് നയം നടപ്പാക്കി കഴിഞ്ഞാല്‍, ബ്രിട്ടണ്‍ നിശ്ചയിച്ച നിരക്കുകളേക്കാള്‍ താഴെയാണെങ്കില്‍, സ്ഥാപനങ്ങള്‍ക്കു കൂടുതലായി വരുന്ന തീരുവകള്‍ തിരിച്ചടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും.

സാങ്കേതികവിദ്യയും നൂതന പരിശോധനയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ബദല്‍ നിര്‍ദേശം കൂടി അതിര്‍ത്തികടന്നുള്ള വാണിജ്യതര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ആവശ്യമായി വരും. 2019-ല്‍ ബ്രെക്‌സിറ്റിനൊപ്പം കസ്റ്റംസ് യൂണിയന്‍ അംഗത്വവും ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉചിതമായ വെച്ചുമാറല്‍ ആണ് പരമപ്രധാനം. ഇപ്പോഴത്തേത് ഹൃസ്വകാല ട്രേഡ് ആണെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. 2019- ന്റെ തുടക്കമാകുമ്പോഴേക്കും വ്യാപാര ചര്‍ച്ചകളുടെ ഫലമായിത്തന്നെ പൗണ്ട് ശക്തിപ്പെടും. അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ തന്നെ 2016 ജൂണില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വോട്ട് ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന 1.50 ഡോളര്‍ എന്ന നിരക്കില്‍ പൗണ്ട് വ്യാപാരം നടക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

Comments

comments

Categories: World
Tags: Brexit, No deal