പുതിയ വ്യവസായ നയം ഉടന്‍; വന്‍പ്രതീക്ഷയില്‍ ഇന്ത്യ ഇന്‍ക്!

പുതിയ വ്യവസായ നയം ഉടന്‍; വന്‍പ്രതീക്ഷയില്‍ ഇന്ത്യ ഇന്‍ക്!

30 വര്‍ഷത്തിനിടയിലെ വമ്പന്‍ പരിഷ്‌കരണമാണ് വ്യവസായ നയത്തില്‍ വരുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നയം അനുമതിക്കായി സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: പുതിയ വ്യാവസായിക നയം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നയത്തിന്റെ അന്തിമ രൂപം തയാറാക്കുന്നതിനുള്ള ശ്രമത്തിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) എന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നയം മന്ത്രിസഭയുടെ അനുമതിക്ക് വിടുമെന്നുമാണ് സൂചന.

ബിസിനസുകളുടെ മത്സരക്ഷമത കൂട്ടുന്നതിനും രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നിയമ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാനും വെദ്യുതി താരിഫുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ വ്യവസായ നയം.

തൊഴില്‍ നിയമങ്ങള്‍, നികുതി വ്യവസ്ഥകള്‍ എന്നിവയുടെ പുനര്‍നിര്‍മാണം പോലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ട് ജിഎസ്ടി കൗണ്‍സിലിനു സാമനമായ ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്നും പുതിയ നയം വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രിയായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിമാര്‍ സമിതിയില്‍ അംഗങ്ങളാകും.

കര്‍ഷകര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും സബ്‌സിഡിയോടു കൂടിയ വൈദ്യുതി വിതരണം ലഭ്യമാക്കുന്നതിന് ആധാര്‍ അധിഷ്ഠിത ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനം ഉപയോഗപ്പെടുത്താനും പുതിയ വ്യാവസായിക നയത്തില്‍ നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും സബ്‌സിഡിയോടു കൂടി വൈദ്യുതി വിതരണം ചെയ്യുന്നതിനാല്‍ വ്യവസായങ്ങള്‍ക്കുമേലുള്ള വൈദ്യുതി താരിഫ് ഉയര്‍ന്ന തലത്തിലാണ്. ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുകയെന്ന അജണ്ടയുടെ ഭാഗമാണ് വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി താരിഫ് കുറയ്ക്കാനുള്ള വ്യവസായ നയത്തിലെ നിര്‍ദേശം.

രാജ്യത്ത് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടകൂടൊരുക്കാനും നയം നിര്‍ദേശിച്ചിട്ടുണ്ട്. അക്കാഡമിക് ഇന്‍സ്റ്റിറ്റിയൂഷനുകളും ബിസിനസുകളും തമ്മില്‍ പര്‌സപരം ബന്ധിപ്പിച്ചുകൊണ്ടായിരിക്കണം ഇത് നടപ്പാക്കേണ്ടത്. ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച നയം പുനര്‍നിര്‍മിക്കണമെന്നും പുതിയ വ്യവസായ നയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഏകദേശം 30 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യയുടെ വ്യവസായ നയത്തില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്. അടുത്ത വര്‍ഷം മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ വ്യവസായ നയം കൊണ്ടുവരനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബിസിനസുകളുടെ മത്സരക്ഷമത കൂട്ടുക, സുസ്ഥിര വികസന ഉറപ്പാക്കുക, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തുക എന്നീ മൂന്ന് ഘടകങ്ങളിലായിരിക്കും നയം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യവസായ മേഖലയില്‍ മത്സരസ്വഭാവം സൃഷ്ടിക്കപ്പെടുന്നതോടെ ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര തലത്തില്‍ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയിട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതികളുടെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് പുതിയ സമഗ്ര വ്യവസായ നയം കൊണ്ടുവരുന്നത്.

മാനുഫാക്ചറിംഗ് മേഖല കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നയം ആവശ്യമായിരുന്നുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രോണാബ് സെന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപിയില്‍) 29 ശതമാനം വിഹിതമാണ് രാജ്യത്തെ വ്യവസായ മേഖലയ്ക്കുള്ളത്. പുതിയ നയം അവതരിപ്പിക്കുന്നതോടെ ഈ വിഹിതം ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ ഉല്‍പ്പാദനമേഖല ജിഡിപിയിലേക്ക് നല്‍കുന്ന സംഭാവനയും കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Inidan ink