മസ്‌ക്ക് സാധാരണക്കാരനല്ല, സാധാരണ വഴികളും ചേരില്ല

മസ്‌ക്ക് സാധാരണക്കാരനല്ല, സാധാരണ വഴികളും ചേരില്ല

ടെസ്ലയെ ഡീലിസ്റ്റ് ചെയ്യുകയാണെന്നുള്ള ഇലോണ്‍ മസ്‌ക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് വേണം വിലയിരുത്താന്‍

സാധാരണക്കാരനായ സംരംഭകനല്ല ഇലോണ്‍ മസ്‌ക്ക്. അതുകൊണ്ടുതന്നെ പൊതുവില്‍ സംരംഭകരെ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ വെച്ച് അദ്ദേഹത്തെ അളക്കാനും സാധിക്കില്ല. ഒരു ലിസ്റ്റഡ് കമ്പനിക്ക് വിപണിയുടെ സമ്മര്‍ദ്ദങ്ങളുണ്ട്, എപ്പോഴും. പാദഫലങ്ങളുടെ പേരില്‍ ലിസ്റ്റഡ് കമ്പനി എപ്പോഴും ചര്‍ച്ചയാകും, വാര്‍ത്തകളില്‍ നിറയും. ഓഹരിവിലയിലെ ഉയര്‍ച്ചയും താഴ്ച്ചയുമെല്ലാം സംരംഭകന് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യും.

മസ്‌ക്കിനെ പോലെ ഭാവിയെ തിരുത്താന്‍ ഇറങ്ങി തിരിച്ച ഒരു സംരംഭകന് ഈ ഉയര്‍ച്ച, താഴ്ച്ചകളില്‍ ഊര്‍ജ്ജം കളയേണ്ടതുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്. അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ഉല്‍പ്പാദനത്തിന്റെ പേരിലും ലാഭക്ഷമതയുടെ പേരിലും വാള്‍സ്ട്രീറ്റില്‍ പഴികേട്ടുകൊണ്ടിരിക്കുന്ന ടെസ്ലയെ പ്രൈവറ്റ് ആക്കുകയാണെന്ന് മസ്‌ക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. അദ്ദേഹത്തെ പോലൊരു സംരംഭകന് അതുതന്നെയാണ് നല്ലത്.

പ്രതിഓഹരിക്ക് 420 ഡോളര്‍ നിരക്കില്‍ 82 ബില്ല്യണ്‍ ഡോളറിന്റെ വിപണി വിലയില്‍ ടെസ്ലയെ പ്രൈവറ്റ് ആക്കി മാറ്റാനാണ് മസ്‌ക്ക് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള ഓഹരി തിരിച്ചെടുക്കലിന് താന്‍ പണം സമാഹരിച്ചിട്ടുണ്ടെന്നും മസ്‌ക്ക് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിലൂടെ ഇതെല്ലാം തുറന്നുപറഞ്ഞതിന്റെ പേരില്‍ മസ്‌ക്കിന് കടുത്ത വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്.

മസ്‌ക്കിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ടെസ്ലയുടെ ഓഹരിവിലയില്‍ മികച്ച വര്‍ധനയുണ്ടായി. പ്രഥമ ഓഹരി വില്‍പ്പന നടത്തിയ 2010 കാലത്ത് ടെസ്ലയുടെ പ്രതിഓഹരി വില 17 ഡോളറായിരുന്നു. അതിപ്പോള്‍ 370.34 ഡോളറില്‍ എത്തി നില്‍ക്കുന്നു. ലോകത്ത് ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് മസ്‌ക്കായിരുന്നു. സ്‌പേസ് എക്‌സിലൂടെ ബഹിരാകാശത്തിന്റെ സാധ്യതകളിലേക്ക് ഊളിയിട്ട് അദ്ദേഹം ലോകത്തിന് പുതിയ ദിശ നല്‍കാനും ശ്രമിക്കുന്നു. ലോകത്തിന്റെ ഊര്‍ജ്ജാവശ്യകതകള്‍ അഭിമുഖീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സൂര്യനെ ആശ്രയിക്കുകയാണെന്നും മസ്‌ക്ക് നേരത്തെ മനസിലാക്കി. അതിന്റെ ഫലമായിരുന്നു സോളാര്‍ സിറ്റി.

ഭാവിയിലെ പ്രകൃതി സൗഹൃദ വ്യവസായ മേഖലകള്‍ എന്തെല്ലാമാണെന്ന്, കാലത്തിന് മുമ്പേ നടന്ന് ബിസിനസ് ലോകത്തിന് കാണിച്ചുതന്ന സംരംഭകനാണ് അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കുന്നത് കണക്കിലെടുത്ത് ലോകം മുഴുവനും ഇന്ന് ഇലക്ട്രിക് കാറുകളിലേക്ക് തിരിയുകയാണ്. ഇതിന് കാരണമായത് ഇലക്ട്രിക് കാറുകള്‍ക്ക് ഒരു ബിസിനസ് എന്ന നിലയിലും അല്ലാതെയും നിലനില്‍ക്കാനാകുമെന്നും അതാണ് പിന്തുടരേണ്ടതെന്നും ടെസ്ല ലോകത്തിനെ ബോധ്യപ്പെടുത്തിയതാണ്.

ടെസ്ലയെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് മസ്‌ക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലിസ്റ്റ്ഡ് കമ്പനിയായി തുടരുന്നത് ടെസ്ലയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സ്വകാര്യ കമ്പനിയാക്കുന്നതിനായുള്ള നിക്ഷേപം താന്‍ ഉറപ്പിച്ചിട്ടുണ്ടെന്ന്് മസ്‌ക്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആരാണ് പിന്തുണയ്ക്കാന്‍ എത്തുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരാത്തത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

വിപണിക്ക് അയാളില്‍ വിശ്വാസമില്ലെന്ന തരത്തില്‍ മസ്‌ക്കിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് കാര്യമാക്കേണ്ടതില്ല, മസ്‌ക്കിന്റെ ദൗത്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ടെസ്ലയെ സ്വകാര്യ കമ്പനിയാക്കുന്നത് തന്നെയായിരിക്കും ഇപ്പോള്‍ നല്ലത്.

Comments

comments

Categories: Editorial, Slider
Tags: Musk