കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വീസ് തുടങ്ങി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വീസ് തുടങ്ങി

2022 ഓടുകൂടി യാത്രക്കാരുടെ എണ്ണം 25 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ബഹറിനിലേക്കായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞ മാസം നാലാം തിയതി കുവൈറ്റ് അമീര്‍ ഷേഖ് സബാഹ് അല്‍ അഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെര്‍മിനലിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചിരുന്നു. 2022 ഓടുകൂടി കുവൈറ്റ് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നും യാത്രക്കാരുടെ എണ്ണം 25 ദശലക്ഷത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തന നടപടികള്‍ക്ക് തുടക്കമിട്ടത്.

രാജ്യത്തെ വ്യോമയാന മേഖല പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ പുതിയ നാഴികക്കല്ലിലൂടെ സാധിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. നയാഫ് അല്‍ ഹജിരാഫ് പറഞ്ഞു. പുതിയ ടെര്‍മിനല്‍ നിലവില്‍ വന്നതോടുകൂടി യാത്രക്കാരുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നതായും അതു കുവൈറ്റ് എയര്‍വേസിനു ഗുണകരമാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം കുവൈറ്റ് എയര്‍വേസ് വാണിജ്യ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേസ് ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസിം അറിയിച്ചു.

രണ്ടു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട ടെര്‍മിനല്‍ നിര്‍ദിഷ്ട കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാനായി. പ്രതിവര്‍ഷം 4.5 മില്യണ്‍ അധിക യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ടെര്‍മിനലില്‍ ആകെ പതിനാലു ഗേറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഡ്യൂട്ടി ഫ്രീ റീട്ടെയ്ല്‍ ഏരിയ ഉള്‍പ്പെടുന്ന പുതിയ ടെര്‍മിനലില്‍ 2450 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയും. 55,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണി കഴിപ്പിച്ച ടെര്‍മിനലില്‍ 20 ചെക്കിംഗ് കൗണ്ടറുകളാണ് ഉള്ളത്. ടെര്‍മിനലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 2016ല്‍ കൊറിയന്‍, കുവൈറ്റ്, കമ്പനികളുമായി 172. 3 മില്യണ്‍ ഡോളറിന്റെ കരാര്‍ കുവൈറ്റ് ഒപ്പുവെച്ചിരുന്നു. കുവൈറ്റ് 2035 വിഷന്റെ ഭാഗമായാണ് പുതിയ ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കിയത്. കുവൈറ്റ് എയര്‍വേസ് 26 രാജ്യങ്ങളിലെ 43 നഗരങ്ങളിലായി 3300 സര്‍വീസുകള്‍ പ്രതിവര്‍ഷം നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy