ഇന്ത്യ 8% ജിഡിപി വളര്‍ച്ച നേടുന്ന കാലം വിദൂരമല്ലെന്ന് ഫിക്കി

ഇന്ത്യ 8% ജിഡിപി വളര്‍ച്ച നേടുന്ന കാലം വിദൂരമല്ലെന്ന് ഫിക്കി

മോദി സര്‍ക്കാരിന്റെ നിലവിലെ പരിഷ്‌കരണങ്ങള്‍ തുടര്‍ന്നാല്‍ വളരെ എളുപ്പത്തില്‍ എട്ട് ശതമാനം വളര്‍ച്ച കൈവരിക്കാമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ 8 ശതമാനമെത്ത നേട്ടത്തിലേക്ക് ഇന്ത്യയെത്തുന്ന കാലം വിദൂരമല്ലെന്ന് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) പ്രസിഡന്റ് റഷെഷ് ഷാ. ഇന്ത്യ 7.75 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഷായുടെ നിരീക്ഷണം.

ചരക്ക് സേവന നികുതി(ജിഎസ്ടി)യടക്കമുള്ള ഇന്ത്യയുടെ പരിഷ്‌കരണങ്ങളെ അടുത്തിടെ ഐഎംഎഫ് പ്രശംസിച്ചിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പരിഷ്‌കരണ നടപടികള്‍ തുടരുകയാണെങ്കില്‍ 8 ശതമാനം ജിഡിപി വളര്‍ച്ചയിലേക്ക് ഇന്ത്യക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കുമെന്ന് ഫിക്കി നിരീക്ഷിക്കുന്നു.

ചരക്ക് സേവന നികുതി, പാപ്പരത്ത നിയമം (ഐബിസി), തൊഴില്‍ നിയമങ്ങള്‍ മുതലായവയിലൂടെ പരിഷ്‌കരണങ്ങളുടെ വേഗത നിലനിര്‍ത്തുന്നത് വഴി ഉയര്‍ന്ന വളര്‍ച്ചാ പാതയിലെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ഷാ ട്വിറ്ററില്‍ കുറിച്ചു. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ തയാറെടുത്തിരിക്കുകയാണെന്നും പരിഷ്‌കരണങ്ങള്‍ വഴി ഇതിനുള്ള തുടക്കം കുറിച്ചുവെന്നും ഐഎംഎഫിന്റെ ഇന്ത്യന്‍ മിഷന്‍ തലവന്‍ രണില്‍ സാന്‍ഗാഡൊ പറഞ്ഞിരുന്നു.

2018-19ല്‍ ഇന്ത്യ 7.3-7.5 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2015-16ല്‍ 8.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്. 2016-17ല്‍ ഇത് 7.1 ശതമാനത്തിലേക്കും 2017-18ല്‍ 6.7 ശതമാനത്തിലേക്കും താഴ്ന്നു. ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവയുടെ താല്‍ക്കാലിക പ്രത്യാഘാതങ്ങളാണ് ജിഡിപിയില്‍ ഇടിവുണ്ടാക്കിയത്.

പുതിയ ഘടനയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക തടസങ്ങള്‍ നീങ്ങിയെന്നും പരിഷ്‌കരണങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള പ്രയോജനം ഇന്ത്യക്ക് ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജിഡിപി വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്ക് തടസങ്ങളുണ്ടാകില്ലെങ്കിലും എണ്ണ വിലയിലെ അസ്ഥിരതയും രൂക്ഷമാകുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യ ഗൗരവത്തിലെടുക്കണമെന്ന മുന്നറിയിപ്പും വിപണി നിരീക്ഷകര്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: FK News, Slider
Tags: GDP