ഓണ്‍ലൈന്‍ വിപണിയെ വിഴുങ്ങാന്‍ ഫ്ലിപ്കാർട്; പോരാട്ടവുമായി വ്യാപാരികള്‍

ഓണ്‍ലൈന്‍ വിപണിയെ വിഴുങ്ങാന്‍ ഫ്ലിപ്കാർട്; പോരാട്ടവുമായി വ്യാപാരികള്‍

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റെടുക്കല്‍ കരാറിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കഴിഞ്ഞ ദിവസം അന്തിമ അനുമതി നല്‍കിയതോടെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരരംഗം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും ഇതോടെ മാറി. 16 ബില്യണ്‍ ഡോളറിനാണ് ഫല്‍പ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.

ഫ്ലിപ്കാർട്ടിലെ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളും തെരഞ്ഞെടുത്ത വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന മുന്‍ഗണനാടിസ്ഥാനത്തിലുള്ള പരിഗണനയും സംബന്ധിച്ച ആശങ്കകള്‍ പന്ത്രണ്ട് പേജുള്ള ഉത്തരവില്‍ മൂന്നംഗ സിസിഐ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിപണി മത്സരവുമായി ബന്ധപ്പെട്ട കാഴ്ചപാടില്‍ നിന്നുകൊണ്ട് ഇത്തരം ആശങ്കകള്‍ പരിശോധിക്കുമെന്നും എന്നാല്‍, കരാറിന് അനുമതി നല്‍കുന്നതിന് ഇവ പരിഗണിക്കേണ്ടതില്ലെന്നും സിസിഐ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യന്‍ ഇകൊമേഴ്‌സ് വിപണിയില്‍ നിലവിലുള്ള മത്സരസ്വഭാവം തകര്‍ക്കുന്നതിന് വാള്‍മാര്‍ട്ട്-ഫ്ലിപ്കാർട് കരാര്‍ കാരണമായേക്കില്ലെന്നാണ് സിസിഐയുടെ അഭിപ്രായം. കോംപറ്റീഷന്‍ നിയമത്തിലെ 31(1) വകുപ്പ് പ്രകാരമാണ് കരാറിന് അനുമതി നല്‍കിയിട്ടുള്ളതെന്നും സിസിഐ ഉത്തരവില്‍ പറഞ്ഞു.

ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ലയന ഏറ്റെടുക്കല്‍ കരാറുകള്‍ക്കും സിസിഐ അനുമതി ആവശ്യമാണ്. ഈ വര്‍ഷം മേയിലാണ് ഫ്ലിപ്കാർട്ഏറ്റെടുക്കാനുള്ള നീക്കം വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചത്.

ഫ്ലിപ്കാർട്ടിന്റെ 5177 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനാണ് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് സിസിഐയില്‍ നിന്നും അനുമതി തേടിയത്. കരാറിന് അനുമതി നല്‍കികൊണ്ടുള്ള സിസിഐ തീരുമാനം സ്വാഗതം ചെയ്യുന്നതായി വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

റീട്ടെയ്ല്‍ രംഗത്ത് വാള്‍മാര്‍ട്ടിന്റെ ആഗോള പരിചയ സമ്പത്ത്  കരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയത്തിലെത്തിക്കാന്‍ സഹായിക്കുമെന്നും വാള്‍മാര്‍ട്ട് വ്യക്തമാക്കി. പുതിയ സംയുക്ത സംരംഭത്തിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മികച്ച രീതിയില്‍ സംഭവന ചെയ്യാന്‍ സാധിക്കുമെന്നും യുഎസ് കമ്പനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയിലെ ചില വ്യാപാര സംഘടനകള്‍ കരാറിനെതിരാണ്. സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) പോലുള്ള പ്രസ്ഥാനങ്ങളും കുത്തകവല്‍ക്കരണത്തിന്റെ പേരില്‍ കരാറിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായ സ്വദേശി സാമ്പത്തിക പ്രസ്ഥാനം എസ്‌ജെഎമ്മിന്റെ ആശങ്കകള്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം എസ്‌ജെഎം സഹകണ്‍വീനറായ എസ് ഗുരുമൂര്‍ത്തിയെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ ഭാഗിക ഡയറക്റ്ററായി നിയമിച്ചുവെന്നതും ശ്രദ്ധേയമാണ്.

കരാറിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അറിയിച്ചിട്ടുള്ളത്. തങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് സിസിഐ കരാറിന് അനുമതി നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ ഡെല്‍ഹി ഹൈകോടതിയെ സമീപിക്കുമെന്നും സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സിസിഐ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സിഎഐടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

സിസിഐ ഉത്തരവില്‍ വിശദീകരിച്ചിട്ടുള്ളതുപോലെ നിലവിലുള്ള മത്സര വിരുദ്ധ നടപടികളും എഫ്ഡിഐ നയ ലംഘനവും ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രശ്‌നമായേക്കുമെന്നാണ് ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്‍ഡേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. തങ്ങളുടെ നടപടികള്‍ക്കു പുറത്താണ് ഇത്തരം കാര്യങ്ങളെന്നാണ് സിസിഐ കരുതുന്നത്. ഫല്‍പ്കാര്‍ട്ടിനെ ആമസോണ്‍ ഏറ്റെടുത്തതോടു കൂടി ഇന്ത്യയിലെ ഇകൊമേഴ്‌സ് രംഗത്ത് മത്സരം തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസിന്റെ കീഴിലുള്ള ആമസോണിനെ വെല്ലുവിളിക്കാന്‍ ഫല്‍പ്കാര്‍ട്ടിന് സാധിക്കുമോയെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

എന്തായാലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം കിട്ടുന്ന രീതിയിലാകും ഇകൊമേഴ്‌സ് കമ്പനികളുടെ മത്സരമെന്നാണ് വിലയിരുത്തല്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മുകേഷ് അംബാനി കൂടി ഇകൊമേഴ്‌സില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ തീര്‍ത്ത പോലൊരു ‘ഡിസ്‌റപ്ഷന്‍’ ഇകൊമേഴ്‌സില്‍ വന്നാല്‍ ഫല്‍പ്കാര്‍ട്ടിനെയും ആമസോണിനെയും അത് ഒരുപോലെ ബാധിക്കും.

 

Comments

comments

Tags: Flipkart, Walmart