ബംഗാളില്‍ 550 കോടി രൂപ നിക്ഷേപവുമായി എക്‌സൈഡ്

ബംഗാളില്‍ 550 കോടി രൂപ നിക്ഷേപവുമായി എക്‌സൈഡ്

ഉന്നത ശേഷിയുള്ള നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ നിര്‍മിക്കാന്‍ ജപ്പാനിലെ ഫുറൂകാവ കമ്പനിയുമായി സഹകരിക്കും

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് പദ്ധതികളിലായി എക്‌സൈഡ് ഇന്‍ഡസ്ട്രീസ് 550 കോടി രൂപ നിക്ഷേപിക്കും. റീസൈക്കഌംഗ് ബാറ്ററി പ്ലാന്റ് സ്ഥാപിക്കാനും ബുള്ളറ്റ് ട്രെയ്‌നുകളിലും മെട്രോ റെയ്‌ലുകളിലും ഉപയോഗിക്കാവുന്ന നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ നിര്‍മിക്കുന്നതിന് നിലവിലെ പ്ലാന്റ് വിപുലീകരിക്കുന്നതിനുമായാണ് നിക്ഷേപം.

ജപ്പാനിലെ ഫുറൂകാവ കമ്പനിയുമായുള്ള സാങ്കേതിക സഹകരണത്തില്‍ ഉന്നത ശേഷിയുള്ള നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ നിര്‍മിക്കാനാണ് വിപുലീകരണ പദ്ധതി വഴി പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ഗൗതം ചാറ്റര്‍ജി പറഞ്ഞു. ആസിഡ് ബാറ്ററികളും പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കും. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ രണ്ട് പദ്ധതികളും പൂര്‍ത്തിയാകും. പശ്ചിമ ബംഗാള്‍ ഗതാഗത, പരിസ്ഥിതി വകുപ്പ് മന്ത്രിയും ഹാല്‍ദിയ വികസന അതോറിറ്റിയുടെ ചെയര്‍മാനുമായ സുവേന്ദു അധികാരി പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് അനുവദിച്ച 20 ഏക്കര്‍ ഭൂമിയിലാണ് പുതിയ ഉല്‍പ്പാദന സംവിധാനം നിര്‍മിക്കുക. പ്രതിമാസം 1.2 ലക്ഷം ബാറ്ററി ഉല്‍പ്പാദന ശേഷി ഇതിനുണ്ടാകും. ഒരു മെഗാ ചാര്‍ജിംഗ് സ്റ്റേഷനും ഇതിനൊപ്പം ഉണ്ടാകും. യൂറോപ്യന്‍ സാങ്കേതികവിദ്യയോടെയുള്ള ഗ്രീന്‍ഫീല്‍ഡ് ബാറ്ററി റീ സൈക്കിളിംഗ് പ്ലാന്റ് ഹാല്‍ദിയ വികസന അതോറിറ്റി അനുവദിച്ച മറ്റൊരു 20 ഏക്കര്‍ പ്രദേശത്താണ് സ്ഥാപിക്കുക എന്ന് ചാറ്റര്‍ജി പറഞ്ഞു. പ്രതിമാസം 15,000 മെട്രിക് ടണ്‍ ശേഷിയുള്ള പ്ലാന്റ് രാജ്യത്തെ ഏറ്റവും വലിയ റീസൈക്കിളിംഗ് പ്ലാന്റായിരിക്കും. പൂനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ക്ക് സമീപം നിലവില്‍ തന്നെ രണ്ട് റീസൈക്കിളിംഗ് പ്ലാന്റുകള്‍ കമ്പനിക്കുണ്ട്. ഇവക്ക് രണ്ടിനും കൂടി 11,500 മെട്രിക് ടണ്‍ ശേഷിയാണുള്ളത്.

Comments

comments

Categories: Business & Economy
Tags: Exide