പരിസ്ഥിതി പ്രകടന സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

പരിസ്ഥിതി പ്രകടന സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

ആഗോളതലത്തില്‍ 32ാം സ്ഥാനം

ദോഹ: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ മികവിന്റെ അംഗികാരം നേടി ഖത്തര്‍. ജിസിസി മേഖലയിലെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രകടന സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം മികച്ച രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് നടപ്പാക്കിയിരുന്നത്. ആഗോളതലത്തില്‍ അയല്‍രാജ്യങ്ങളെയൊന്നാകെ പിന്നിലാക്കി 32ാം സ്ഥാനത്തെത്തിയ ഖത്തര്‍ മുന്‍വര്‍ഷത്തേതില്‍ നിന്നും റാങ്കിംഗ് നില കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ രാജ്യം നടപ്പാക്കിയ വിവിധ വികസന പദ്ധതികളാണ് ഈ നേട്ടത്തിനു കാരണമായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയില്‍ തികച്ചും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പ്രകടന സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും രാജ്യത്തിനു കഴിയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 87ാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ 55 ഓളം സ്ഥാനങ്ങള്‍ മറികടന്നാണ് ഈ വര്‍ഷം 32ാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. 67.80 ആണ് ഈ വിഭാഗത്തില്‍ രാജ്യത്തിന്റെ സ്‌കോര്‍. പട്ടികയില്‍ തൊട്ടടുത്ത സ്ഥാനം കുവൈറ്റിനാണ്. ആഗോള തലത്തില്‍ 61ാം സ്ഥാനത്തുള്ള കുവൈറ്റിന്റെ സ്‌കോര്‍ 62.28 ആണ്. പട്ടികയില്‍ യുഎഇയുടെ സ്ഥാനം വളരെ പിന്നിലാണ്. 77ാം സഥാനത്തുള്ള യുഎഇയ്ക്ക് 58.90 സ്‌കോര്‍ ലഭിച്ചപ്പോള്‍ 57.47 സ്‌കോറുമായി സൗദി അറേബ്യക്ക് 86ാം റാങ്കും 55.15 സ്‌കോറുമായി ബഹ്‌റിന് 96ാം സ്ഥനവും ലഭിച്ചു. 24 ഓളം വിവിധ വിഭാഗങ്ങളിലെ പ്രകടനങ്ങള്‍ കണക്കിലെടുത്തു തയാറാക്കിയ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.

പാരിസ്ഥിതിക നിലവാരം ഉയര്‍ത്താനും പ്രകൃതിക്ക് ദോഷകരമാകുന്ന വിവിധ വസ്തുക്കള്‍ പുറംതള്ളുന്നതിലും രാജ്യം മെച്ചപ്പട്ട നടപടികള്‍ കൈക്കൊള്ളുന്നതായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈദ്യുതി, ഊര്‍ജ മേഖലകളിലെ പുറംതള്ളല്‍ 2013ലെ 46 ശതമാനത്തില്‍ നിന്നും 2016ല്‍ 40 രാജ്യമായി കുറച്ചു. വൃക്ഷഫലസസ്യാദികള്‍ ഉള്‍പ്പെടുന്ന പച്ചപ്പ് സംരക്ഷിക്കാന്‍ രാജ്യത്ത് പ്രത്യേക പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹരിതസ്ഥലങ്ങളുടെ വിസ്തീര്‍ണത്തിലും മികച്ച വര്‍ധനവ് രേഖപ്പെടുത്തുകയുണ്ടായി.

രാജ്യത്ത് പുതിയ പാര്‍ക്കുകള്‍ സ്ഥാപിച്ചതോടെയാണ് ഹരിത വിസ്തീര്‍ണം കൂടാനിടയായത്. കണ്ടല്‍ക്കാടുകളുടെ വിസ്തീര്‍ണം 2010ലെ 7.3 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിന്നും 9.3 സ്‌ക്വയര്‍ കിലോമീറ്ററായി വര്‍ധിച്ചു. ഈ വര്‍ഷം രാജ്യത്ത് മൊത്തത്തിലുള്ള കണ്ടല്‍ക്കാടുകളുടെ വിസ്തീര്‍ണ്ണം 21.6 സ്‌ക്വയര്‍ കിലോമീറ്ററാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യാന്തര കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജ്യത്ത് വിവിധ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റിയൂഷനുകളും സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തെ കര, പരിസ്ഥിതി വിഭാഗ സംരക്ഷണം, മരുഭൂമിവല്‍ക്കരണം തടയല്‍, ജൈവവൈവിധ്യജാലം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ എന്നിവയെല്ലാം രാജ്യം കൈക്കൊണ്ട വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Arabia
Tags: Qatar