രണ്ടാം കരട് നയം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തിറക്കും

രണ്ടാം കരട് നയം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തിറക്കും

എത്രയും വേഗം ഇ-കൊമേഴ്‌സ് നയം പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ നിന്ന് സ്വരൂപിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇ-കൊമേഴ്‌സ് നയത്തിന്റെ രണ്ടാം കരട് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പുറത്തുവിടും.

ഇ-കൊമേഴ്‌സ് നയം കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ ജോയ്ന്റ് സെക്രട്ടറി സുധാന്‍ഷു പാണ്ഡെ പറഞ്ഞു. നയത്തിനോട് തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-കൊമേഴ്‌സ് മേഖലയിലുള്ള ദേശീയ വ്യാപാര നയത്തിന്റെ കരട് രൂപം കഴിഞ്ഞ മാസം അവസാനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് മേഖലയിലെ ബന്ധപ്പെട്ടവരില്‍ നിന്നും നയത്തിന്മേലുള്ള അഭിപ്രായം തേടിയിരുന്നു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില നിര്‍ണയ രീതികള്‍ക്ക് നിശ്ചിത ദിവസം സമയപരിധി ഏര്‍പ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും റീട്ടെയ്‌ലറിന്റെ ഗ്രൂപ്പ് കമ്പനിയെ അവരുടെ പ്ലാറ്റ്‌ഫോമില്‍ ഉല്‍പ്പന്നങ്ങളുടെ വില അല്ലെങ്കില്‍ വില്‍പ്പനയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാന്‍ അനുവദിക്കില്ലെന്ന് നയത്തില്‍ പറയുന്നു. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പ്പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വാണിജ്യ, വ്യവസായ, ഐടി, ഇലക്ട്രോണിക് മന്ത്രാലയങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ചേര്‍ന്നാണ് കരട് നയം തയാറാക്കിയത്.

ഇ-കൊമേഴ്‌സ് നയത്തിന്റെ ദേശീയ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവെ മേഖലയിലെ മത്സരാന്തരീക്ഷം ഉറപ്പാക്കാനും ഡാറ്റ സുരക്ഷയ്ക്കും ഇ-കൊമേഴ്‌സ് ബിസിനസില്‍ സൂക്ഷ്മ ചെറുകിട മേഖലയുടെ സാന്നിധ്യം ശ്കമാക്കുന്നതിനും വേണ്ടിയുള്ള മികച്ച നയം വേണമെന്നാണ് വ്യാപാര-വ്യവസായ മേധാവികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Comments

comments