പൊതുമാപ്പ്: അപേക്ഷകരുടെ എണ്ണം 11000 കവിഞ്ഞു

പൊതുമാപ്പ്: അപേക്ഷകരുടെ എണ്ണം 11000 കവിഞ്ഞു

ദുബായ് എമിഗ്രേഷന്‍ കേന്ദ്രത്തിലെത്തിയത് 10797 അപേക്ഷകള്‍

ദുബായ്: യുഎഇ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പൊതുമാപ്പില്‍ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ ഇതുവരെ കൈകാര്യം ചെയ്തത് 10797 അപേക്ഷകള്‍. ടെല്‍ അവീറിലെയും അതിനോടനുബന്ധിച്ച മറ്റ് സഹായ കേന്ദ്രങ്ങളിലെയും കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കൈകാര്യം ചെയ്ത അപേക്ഷകളില്‍ 3422 പേര്‍ താമസ വിസ പുതുക്കിയപ്പോള്‍ 2809 ഓളം ആളുകള്‍ക്കാണ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് പോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് (ഔട്ട് പാസ്) ലഭ്യമായതെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ഓഗസ്റ്റ് 1 നാണ് ആരംഭിച്ചത്. ഇത് ഒക്ടോബര്‍ 31 വരെ നീളും. അബുദാബിയിലെയും യുഎഇയുടെ മറ്റും ഭാഗങ്ങളിലെയും അപേക്ഷകരുടെ കണക്കുകള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആദ്യത്തെ അഞ്ചു ദിവസത്തില്‍ മാത്രം പത്ത് ദശലക്ഷത്തിലധികം പിഴയാണ് നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പിലൂടെ അധികൃതര്‍ ഒഴിവാക്കി നല്‍കിയത്. പൊതുമാപ്പ് ദിവസങ്ങളില്‍ പുതിയ സ്‌പോണ്‍സറുടെ സഹായം തേടി വിസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് 2107 പേരാണ്. ഇതോടൊപ്പം വിവിധ ആംനെസ്റ്റി കേന്ദ്രങ്ങളില്‍ ഇതു സംബന്ധിച്ച് സഹായം ആവശ്യപ്പെട്ടവരുടെ എണ്ണം 2809 ആണെന്നും അധികൃതര്‍ വെളിപ്പെടുത്തി. മികച്ച സേവനങ്ങളാണ് പൊതുമാപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിച്ചതെന്ന് കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗെയ്ത്ത് അറിയിച്ചു. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തു നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ലഭിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റിന്റെ കാലാവധി 21 ദിവസം മാത്രമാണ്. ഈ കാലയളവിനുള്ളില്‍ വ്യക്തികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമാപ്പ് സേവനങ്ങള്‍ വളരെ കൃത്യതയോടുകൂടി നടപ്പിലാക്കാന്‍ നിരവധി സേവന സൗകര്യങ്ങളാണ് അവീറിലെ ആംനെസ്റ്റി കേന്ദ്രത്തില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പൊതുമാപ്പ് ആരംഭിച്ചിരുന്ന ആദ്യദിനത്തില്‍ തന്നെ 1534 അപേക്ഷകളാണ് കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. രണ്ടാം ദിനം ലഭിച്ചത് 2464 അപേക്ഷകളും.

യുഎഇ രാഷ്ട്രപിതാവ് ഷേഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യന്‍ അബുദാബിയുടെ ഭരണമേറ്റെടുത്ത് 52 വര്‍ഷം തികയുന്നതോടനുബന്ധിച്ച് ഈ വര്‍ഷം സയ്യിദ് വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ കാരണങ്ങളാല്‍ താമസ കുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് രാജ്യത്ത് താമസിച്ചിരുന്നവര്‍ക്ക് പിഴയോ മറ്റു ശിക്ഷാനടപടികളോ നേരിടാതെ രാജ്യത്തു നിന്നുകൊണ്ടുതന്നെ താമസരേഖകള്‍ ശരിയാക്കാനോ അല്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനോ ഇതുവഴി കഴിയും.

അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കി സ്വയം സംരക്ഷിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ പൊതുമാപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തേക്കുള്ള മടങ്ങിവരവ് നിഷേധിക്കുന്ന തരത്തിലുള്ള മുദ്ര പതിപ്പിക്കാതെ പുറത്തുപോകാം. മടങ്ങിപ്പോയവര്‍ക്ക് താല്‍പ്പര്യമുണ്ടേല്‍ യുഎഇയിലേക്ക് തിരികെ വരാനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. രാജ്യത്ത് നിന്നുകൊണ്ടുതന്നെ പുതിയ വിസ എടുക്കാനും കഴിയും. മാനവവിഭവശേഷി എമിറേറ്റിവല്‍ക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വെര്‍ച്വല്‍ ലേബര്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മികച്ച തൊഴിലവസരവും ഒപ്പം താമസാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സുപ്രധാന സൗകര്യങ്ങള്‍ യഥാസമയം പ്രയോജനപ്പെടുത്തി ജനങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ വേഗത്തില്‍ ശരിയാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അവീറില്‍ എത്താല്‍ സര്‍ക്കാര്‍ പ്രത്യേക ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെലവ് കുറവുള്ള ഭക്ഷണശാല, മെഡിക്കല്‍ സൗകര്യം, സൗജന്യ കുടിവെള്ള വിതരണം എന്നിവയെല്ലാം വിവിധ സേവനങ്ങള്‍ക്കായി ആംനെസ്റ്റി കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു.

Comments

comments

Categories: Arabia
Tags: Dubai