ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനലായി പരിഗണിക്കുമെന്ന് കേന്ദ്രം

ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനലായി പരിഗണിക്കുമെന്ന് കേന്ദ്രം

 

ഡ്രൈവിംഗ് ലൈസന്‍സും മറ്റ് രേഖകളും ഡിജിലോക്കറിലോ എംപരിവഹന്‍ മൊബീല്‍ ആപ്പിലോ സൂക്ഷിക്കാം

ന്യൂഡെല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മുതലായവ ഡിജിലോക്കറിലോ എംപരിവഹന്‍ മൊബീല്‍ ആപ്പിലോ സൂക്ഷിക്കുന്നത് നിയമാനുസൃതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനമിറക്കി. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഹന രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് സൂക്ഷിക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. ഐടി നിയമമനുസരിച്ച് ഡിജിലോക്കറിലെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനല്‍ രേഖകളായി പരിഗണിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പല സംസ്ഥാനങ്ങളും ഡിജിലോക്കറിലെ രേഖകള്‍ നിയമപരമായി സ്വീകരിച്ചുതുടങ്ങി.

ഡിജിലോക്കര്‍, എംപരിവഹന്‍ ആപ്പ് എന്നിവയിലൊന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡ്രൈവിംഗ് ലൈസന്‍സും റജിസ്‌ട്രേഷന്‍ രേഖകളും മറ്റും അതില്‍ സൂക്ഷിക്കാവുന്നതാണ്. ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും മറ്റ് അധികൃതരും രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിച്ചാല്‍ മതിയാകും. സര്‍ക്കാരിന്റെ വാഹന്‍, സാരഥി ഡാറ്റബേസില്‍നിന്ന് ഇ-ചലാന്‍ വഴി വിവരങ്ങള്‍ തേടാനും ഇവര്‍ക്ക് കഴിയും. യഥാര്‍ത്ഥ രേഖകള്‍ പിടിച്ചെടുക്കേണ്ട ആവശ്യം വരില്ല.

ഡിജിറ്റലായി കാണിക്കുന്ന രേഖകള്‍ ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിഗണിക്കുന്നില്ലെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. പുതിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ എന്നിവയെല്ലാം ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് (ഐഐബി) യഥാസമയം വാഹന്‍ ഡാറ്റബേസില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇവ എംപരിവഹന്‍, ഇചലാന്‍ ആപ്പില്‍ ലഭിക്കും.

Comments

comments

Categories: Auto