സിഎസ്ആര്‍ ഫണ്ട് പട്ടേല്‍ പ്രതിമക്ക് വകമാറ്റിയ എണ്ണക്കമ്പനികള്‍ക്ക് സിഎജിയുടെ ശകാരം

സിഎസ്ആര്‍ ഫണ്ട് പട്ടേല്‍ പ്രതിമക്ക് വകമാറ്റിയ എണ്ണക്കമ്പനികള്‍ക്ക് സിഎജിയുടെ ശകാരം

ഒഎന്‍ജിസി 50 കോടി രൂപയും ഇന്ത്യന്‍ ഓയില്‍ 21,83 കോടിയും ബിപിസിഎല്‍, എച്ച്പിസിഎല്‍, ഓയില്‍ ഇന്ത്യ എന്നിവ 25 കോടി രൂപ വീതവുമാണ് നല്‍കിയത്; പട്ടേല്‍ പ്രതിമ ഒരു പൈതൃക ആസ്തിയല്ലാത്തതിനാല്‍ ഏഴാം ഷെഡ്യൂള്‍ ബാധകമാവില്ലെന്ന് സിഎജി

 

ന്യൂഡെല്‍ഹി: ലാഭവിഹിതത്തില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് (സിഎസ്ആര്‍) ഗുജറാത്തിലെ നര്‍മദാ നദീതീരത്ത് പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സര്‍ദാല്‍ പട്ടേല്‍ പ്രതിമക്കായി നല്‍കിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മേല്‍ കംപ്‌ട്രോണര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പിടി വീണു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോൡം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് സിഎസ്ആര്‍ ഫണ്ട് ‘സ്റ്റാച്യൂ ഫോര്‍ യൂണിറ്റി’യുടെ നിര്‍മാണത്തിനായി കൈമാറിയെന്ന് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ നിര്‍മാണത്തിലേക്ക് 146.83 കോടി രൂപയാണ് കമ്പനികള്‍ എല്ലാം ചേര്‍ന്ന് നല്‍കിയിരിക്കുന്നത്. ഒഎന്‍ജിസി 50 കോടി രൂപയും ഇന്ത്യന്‍ ഓയില്‍ 21,83 കോടിയും ബിപിസിഎല്‍, എച്ച്പിസിഎല്‍, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ 25 കോടി രൂപ വീതവുമാണ് 2016-17 കാലഘട്ടത്തില്‍ കൈമാറിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റാണ് പണത്തിന്റെ ഗുണഭോക്താവ്. ദേശീയ പൈതൃകം, കല, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ ചെലവാക്കിയ പണമായി ഇതിനെ കാണാനാവില്ലെന്ന് സിഎജി പറയുന്നു. 2013 ലെ കമ്പനി നിയമപ്രകാരം ഷെഡ്യൂള്‍ ഏഴില്‍ വരുന്നതാണ് ഇത്തരം ചെലവിടലുകള്‍. എന്നാല്‍ പട്ടേല്‍ പ്രതിമ ഒരു പൈതൃക ആസ്തിയല്ലാത്തതിനാല്‍ ഏഴാം ഷെഡ്യൂള്‍ ബാധകമാവില്ലെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിഎജി പാര്‍ലമെന്റിന് നല്‍കുകയായിരുന്നു.

2,989 കോടി രൂപ മുതല്‍ മുടക്കില്‍ നര്‍മദ തീരത്ത് നിര്‍മിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെയും ഒപ്പം ഏകത സ്മാരകത്തിന്റെയും ഉദ്യാനത്തിന്റെയും നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശ്രേഷ്ഠ് ഭാരത് ഭവന്‍ എന്ന പേരില്‍ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കുന്നുണ്ട്. ആദ്യം 2063 കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കാക്കിയിരുന്നത്. എന്നാല്‍ ലേലത്തില്‍ പങ്കെടുത്ത് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത എല്‍ ആന്‍ഡ് ടി കമ്പനി 2,989 കോടി രൂപയാണ് ക്വോട്ട് ചെയ്തത്. 780 കോടി രൂപയുടെ അധിക ചെലവ് വന്നതോടെ രാഷ്ട്രീയ ഏകതാ ട്രസ്റ്റ് പൊതുമേഖലാ കമ്പനികളുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നെന്ന് സിഎജി വ്യക്തമാക്കുന്നു. 2014 ഒക്ടോബറിലാണ് എല്‍ ആന്‍ഡ് ടി പണി ആരംഭിച്ചത്. 2018 ഒക്‌റ്റോബറിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. കര്‍ഷകരില്‍ നിന്നും കൃഷി ഉപകരണങ്ങളുടെ ഭാഗമായ ലോഹം ശേഖരിച്ച് പ്രതിമ നിര്‍മിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. വന്‍ പ്രചാരണത്തിന്റെ അകമ്പടിയോടെ 1,69,000 ആളുകളില്‍ നിന്ന് ഇതിന്റെ ഭാഗമായി ലോഹം ശേഖരിക്കുകയും ചെയ്തിരുന്നു.

 

അതേസമയം സിഎസ്ആര്‍ തുക പട്ടേല്‍ പ്രതിമാ നിര്‍മാണത്തിന് സംഭാവന ചെയ്ത നടപടിയെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ന്യായീകരിച്ചു. വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നര്‍മദാ നദീതീരത്തിന്റെ വികസനവും സംരക്ഷണവും എന്നീ പരിപാടികള്‍ ഉള്‍പ്പെട്ടതാണ് പദ്ധതിയെന്ന് ഒഎന്‍ജിസി പ്രതികരിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം 2014 ല്‍ ഇറക്കിയ 21ാം നമ്പര്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് തുക ചെലവഴിച്ചതെന്ന് ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ സിഎജിക്ക് മറുപടി നല്‍കി. 77 കേന്ദ്ര പൊതുമേഖലാ സ്ഥാനപങ്ങളുടെ സിഎസ്ആര്‍ ചെലവഴിക്കലാണ് സിഎജി പരിശോധിച്ചത്. 2016-17 ല്‍ ഇത്രയും കമ്പനികള്‍ ചേര്‍ന്ന് 2761.5 കോടി രൂപ ചലവഴിച്ചതായാണ് കണ്ടെത്തിയത്. 41 കമ്പനികള്‍ നിര്‍ദ്ധാരണം ചെയ്ത രണ്ട് ശതമാനം തുകയേക്കാള്‍ അധികം ചെലവാക്കി.

 

Comments

comments

Categories: FK News
Tags: CSR Fund