ട്രെയ്‌നുകള്‍ വൈകി ഓടാന്‍ കാരണം ഇതാ…

ട്രെയ്‌നുകള്‍ വൈകി ഓടാന്‍ കാരണം ഇതാ…

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം ട്രെയ്‌നുകള്‍ വൈകി ഓടുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ടുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതികളിലെ ഗുരുതരമായ ചില പിഴവുകളാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

റെയ്ല്‍വേ സ്റ്റേഷനുകളില്‍ ട്രെയ്‌നുകള്‍ക്ക് മതിയായ ഇടമില്ലാത്തതാണ് ട്രെയ്‌നുകള്‍ വൈകി ഓടുന്നതിന്റെ പ്രധാന കാരണമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌റ്റേഷനുകളില്‍ ട്രെയ്‌നുകള്‍ക്ക് മതിയായ സ്ഥലസൗകര്യമില്ലാത്തതും ഇരുപത്തിനാലോ അതിലധികമോ കോച്ചുകളുള്ള ട്രെയ്‌നുകള്‍ക്ക് ആവശ്യമായത്ര ദൈര്‍ഘ്യമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇല്ലാത്തതും എങ്ങനെയാണ് ട്രെയ്‌നുകളുടെ സമയക്രമത്തെ ബാധിക്കുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

സ്‌റ്റേഷന്‍ വികസന/നവീകരണ പദ്ധതികള്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സ്റ്റേഷന്‍ പരിസരത്ത് യാത്രികര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിലും റെയ്ല്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്നതിലും മാത്രമാണ്. സ്‌റ്റേഷനുകളില്‍ ട്രെയ്‌നുകള്‍ കൃത്യസമയത്ത് പുറപ്പെടുന്നതും/എത്തുന്നതും ഉറപ്പാക്കുന്നതിനോ ഇതുസംബന്ധിച്ച തടസങ്ങള്‍ നീക്കം ചെയ്യുന്നതിനോ ഇത്തരം നവീകരണ പദ്ധതികളില്‍ ശ്രദ്ധകൊടുക്കാറില്ല. എന്നാല്‍, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനത്തിന്റെ ഗുണനിലാവരം അളക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ട്രെയ്‌നുകളുടെ കൃത്യനിഷ്ഠയായിരിക്കണമെന്നാണ് സിഎജി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.

സ്റ്റേഷനുകളില്‍ ട്രെയ്‌നുകള്‍ വൃത്തിയാക്കാനുള്ള സ്ഥലത്തിന്റെ പരിമിതിയാണ് ട്രെയ്‌നുകള്‍ വൈകി ഓടുന്നതിന്റെ മറ്റൊരു കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പത്ത് സോണല്‍ റെയ്ല്‍വേകളിലെ 15 സ്‌റ്റേഷനുകളിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സിഎജി പരിശോധന നടത്തിയത്. അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങനെയാണ് ട്രെയ്‌നുകളുടെ സമയക്രമത്തെ ബാധിക്കുന്നത് എന്ന് പഠിക്കുന്നതിനായി 2017 മാര്‍ച്ച് മാസത്തെ വിവരങ്ങളാണ് സിഎജി വിശകലനം ചെയ്തത്.

15 സ്റ്റേഷനുകളിലെ 164 പ്ലാറ്റ്‌ഫോമുകളില്‍ 100 എണ്ണത്തിനുമാത്രമാണ് 24ല്‍ കൂടുതല്‍ കോച്ചുകളുള്ള ട്രെയ്‌നുകളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളതെന്നും സിഎജി കണ്ടെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയ്ല്‍വേയുടെ കൃത്യനിഷ്ഠാ നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലായിരുന്നു. 30 ശതമാനം ട്രെയ്‌നുകളാണ് ഇക്കാലയളവില്‍ വൈകി ഓടിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മെയ്ല്‍, എക്‌സ്പ്രസ് ട്രെയ്‌നുകളുടെ കൃത്യനിഷ്ഠാ നിരക്ക് 71.39 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 76.69 ശതമാനമായിരുന്നു. 5.30 ശതമാനം ഇടിവാണ് ട്രെയ്‌നുകളുടെ കൃത്യനിഷ്ഠാ നിരക്കില്‍ ഉണ്ടായിട്ടുള്ളത്.

 

Comments

comments

Categories: FK News
Tags: CAG, Train

Related Articles