ബിഎംഡബ്ല്യു കാറുകളും ബൈക്കുകളും മിനിയും ഇനി ഒരേ ഡീലര്‍ഷിപ്പില്‍

ബിഎംഡബ്ല്യു കാറുകളും ബൈക്കുകളും മിനിയും ഇനി ഒരേ ഡീലര്‍ഷിപ്പില്‍

ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ് എന്ന പേരില്‍ ഇന്ത്യയില്‍ ഏകീകൃത ഡീലര്‍ഷിപ്പ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇനി ബിഎംഡബ്ല്യു കാറുകളും ബൈക്കുകളും ‘മിനി’ കാറുകളും ഒരേ ഡീലര്‍ഷിപ്പില്‍ ലഭിക്കും. ഇന്ത്യയില്‍ ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ് എന്ന പേരില്‍ ഏകീകൃത ഡീലര്‍ഷിപ്പ് ബിഎംഡബ്ല്യു ഗ്രൂപ്പ് ആരംഭിച്ചു. ഇതോടെ ഗ്രൂപ്പിന് കീഴിലെ ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നീ മൂന്ന് ബ്രാന്‍ഡുകളും ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍വന്നു. പുതിയ ഡീലര്‍ പാര്‍ട്ണറായ കൃഷ്ണ ഓട്ടോമൊബീല്‍സ് ചണ്ഡീഗഢിലാണ് രാജ്യത്തെ ആദ്യ ഏകീകൃത ഔട്ട്‌ലെറ്റ് തുറന്നത്.

50,500 ചതുരശ്ര അടി വലുപ്പമുള്ളതാണ് ചണ്ഡീഗഢിലെ ഏകീകൃത ബിഎംഡബ്ല്യു ഡീലര്‍ഷിപ്പ്. ഔട്ട്‌ലെറ്റില്‍ ഏഴ് കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയും. കൂടാതെ ബിഎംഡബ്ല്യു പ്രീമിയം സെലക്ഷന്‍ വിഭാഗത്തില്‍ നാല് കാറുകളും പ്രദര്‍ശിപ്പിക്കാം. മൂന്ന് കാറുകള്‍ പ്രദര്‍ശിപ്പിക്കന്‍ കഴിയുന്നതാണ് മിനി ബ്രാന്‍ഡിന് അനുവദിച്ച സ്ഥലം. മിനി ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് ആക്‌സസറികളും ഇവിടെ ഡിസ്‌പ്ലേ ചെയ്യും. ബിഎംഡബ്ല്യു മോട്ടോറാഡ് ഏരിയയില്‍ 12 മോട്ടോര്‍സൈക്കിളുകള്‍ പ്രദര്‍ശിപ്പിക്കും. ലൈഫ്‌സ്റ്റൈല്‍ മെര്‍ച്ചന്‍ഡൈസ്, ആക്‌സസറികള്‍ എന്നിവയുമുണ്ട്.

ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ് ഡീലര്‍ഷിപ്പിലൂടെ പുതിയൊരു വില്‍പ്പനാന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ചെയര്‍മാന്‍ വിക്രം പാവ പറഞ്ഞു. പുതിയ ആശയം ബിഎംഡബ്ല്യു ഉപയോക്താക്കള്‍ക്ക് സൗകര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മറ്റിടങ്ങളിലും ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto
Tags: BMW