ഗോള്‍ഡ് പ്ലസ് ഗ്ലാസില്‍ 400 കോടി നിക്ഷേപിച്ച് അസിം പ്രേംജി

ഗോള്‍ഡ് പ്ലസ് ഗ്ലാസില്‍ 400 കോടി നിക്ഷേപിച്ച് അസിം പ്രേംജി

രാജ്യത്തെ ഫ്‌ളോട്ട് ഗ്ലാസ് വിപണിയില്‍ 16 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് ഗോള്‍ഡ് പ്ലസ്; പ്രേംജിയുടെ നിക്ഷേപത്തോടെ ഉല്‍പ്പാദനശേഷി 7,30,000 ടണ്‍ ആയി ഉയരും

 

മുംബൈ: വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള പ്രേംജി ഇന്‍വെസ്റ്റ്, ആഭ്യന്തര ഫ്‌ളോട്ട് ഗ്ലാസ് (ഷീറ്റ് ഗ്ലാസ്) നിര്‍മാണ വിപണിയിലെ പ്രമുഖരായ ഗോള്‍ഡ് പ്ലസ് ഇന്‍ഡസ്ട്രി ലിമിറ്റഡില്‍ 400 കോടി രൂപ നിക്ഷേപിച്ചു. ആര്‍കിടെക്ച്ചറല്‍ ഗ്ലാസ് വിഭാഗത്തിലും ലോക വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ഗോള്‍ഡ് പ്ലസ്. നിലവില്‍ രണ്ട് ഫ്‌ളോട്ട് ഗ്ലാസ് ലൈനുകള്‍ (പ്ലെയ്ന്‍ കളറും ഷേഡ് ഉള്ളവയും) ആണ് ഗോള്‍ഡ് പ്ലസ് നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 4,27,000 ടണ്‍ ശേഷിയാണ് ഇവക്ക് രണ്ടിനും കൂടിയുള്ളത്. രാജ്യത്തെ ഫ്‌ളോട്ട് ഗ്ലാസ് വിപണിയില്‍ 16 ശതമാനം പങ്കാളിത്തമാണ് ഗോള്‍ഡ് പ്ലസിനുള്ളത്.

 

പ്രേംജി ഇന്‍വെസ്റ്റിന്റെ വന്‍ നിക്ഷേപത്തോടെ നിലവിലുള്ള ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 7,30,000 ടണ്ണായി ഉയര്‍ത്താനാകും. വരുന്ന മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പുതിയ രണ്ട് ഫ്‌ളോട്ട് ഗ്ലാസ് ഉല്‍പ്പാദന ശാലകള്‍ സ്ഥാപിക്കുന്നതിന് 2,000 രൂപ അധികമായി നിക്ഷേപിക്കുമെന്നും ഗോള്‍ഡ് പ്ലസ് വ്യക്തമാക്കി.

‘ഞങ്ങളുടെ വിപുലീകരണ വേഗത വര്‍ധിപ്പിക്കാന്‍ പ്രേംജി ഇന്‍വെസ്റ്റിന്റെ നിക്ഷേപം കൊണ്ട് സാധിക്കും. ഒപ്പം വിപണി വിഹിതത്തിലും വര്‍ധനവ് കൈവരിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഫ്‌ളോട്ട് ഗ്ലാസിന്റെ ആവശ്യകതയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുഭാഷ് ത്യാഗി പറഞ്ഞു. പൊതു സ്വകാര്യ മേഖലകൡലായി ചുരുങ്ങിയത് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ പ്രേംജി ഇന്‍വെസ്റ്റ് കൈകാര്യം ചെയ്യുന്നുണ്ട്.

ജൂണില്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയല്‍ ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ 250 ദശലക്ഷം ഡോളറിന് പ്രേംജി ഇന്‍വെസ്റ്റ് സ്വന്തമാക്കിയിരുന്നു. ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍ ലിമിറ്റഡിലും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭത്തിലും നാല് ശതമാനം ഓഹരി പങ്കാളിത്തം പ്രേംജിക്കുണ്ട്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫഌപ്പ്കാര്‍ട്ട്, ഫാബ് ഇന്ത്യ, ലെന്‍സ്‌കാര്‍ട്ട്, വൈല്‍ഡ്ക്രാഫ്റ്റ് ഇന്ത്യ തുടങ്ങിയവയിലും ബെംഗളൂരു ആസ്ഥാനമായുള്ള പ്രേംജി ഇന്‍വെസ്റ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.

 

Comments

comments

Categories: Business & Economy