എതിര്‍ത്തവര്‍ കയ്യടിച്ചു, ലക്ഷങ്ങളുടെ വരുമാനവുമായി അല്‍ അമീന്‍ ഫിഷറീസ്

എതിര്‍ത്തവര്‍ കയ്യടിച്ചു, ലക്ഷങ്ങളുടെ വരുമാനവുമായി അല്‍ അമീന്‍ ഫിഷറീസ്

മൂന്ന് മാസം കൊണ്ട് പത്ത് ലക്ഷം രൂപയുടെ വരുമാനം. മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലിയും ബിസിനസ് പശ്ചാത്തലവും ഒന്നും കൂടാതെ, മത്സ്യകൃഷിയിലൂടെ മുഹമ്മദ് സലിം, മുഹമ്മദ് ഷെരീഫ് എന്നീ സഹോരദന്മാര്‍ കയ്യെത്തിപ്പിടിച്ച ഈ നേട്ടത്തിന് മുന്നില്‍ ഒരിക്കല്‍ എതിര്‍ത്ത നാട്ടുകാര്‍ കയ്യടിക്കുകയാണ്. വാടകക്കെടുത്ത ഒരു ചെറിയ കുളത്തില്‍ വിനോദത്തിനായി ആരംഭിച്ച മത്സ്യകൃഷി അല്‍ അമീന്‍ ഫിഷറീസ് എന്ന പേരില്‍ ഇന്ന് 21 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും മത്സ്യം, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയെ വിതരണം ചെയ്ത് മികച്ച വരുമാനം കൊയ്യുന്ന ഈ സഹോദരങ്ങള്‍ അധ്വാനിക്കാന്‍ മനസുള്ള ചെറുപ്പക്കാര്‍ക്ക് മാതൃകയാണ്

കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലാഭകരമായ കൃഷികളില്‍ ഒന്നാണ് മത്സ്യകൃഷി. സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് പ്രകൃതിദത്ത തടാകങ്ങളിലോ മനുഷ്യനിര്‍മിത ജലാശയങ്ങളിലോ എന്തിനേറെ പ്ലാസ്റ്റിക്ക് ടാങ്കുകളില്‍ വരെ മത്സ്യകൃഷി ചെയ്യാവുന്നതാണ്. പരിപാലനം എളുപ്പമാണ് എന്നത് തന്നെയാണ് യുവാക്കളെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. കേരളത്തിലെ 60 ശതമാനത്തിനു മുകളില്‍ ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതിനാല്‍ തന്നെ വിപണി ലഭിക്കുമോ എന്ന സംശയം വേണ്ട. കലര്‍പ്പോ മായാമോ കീടനാശിനികളോ ഇല്ലാത്ത മത്സ്യത്തിന് കേരളത്തിനകത്തും പുറത്തും മികച്ച വിപണി സാധ്യതയാണുള്ളത്. ട്രോളിംഗ് നിയന്ത്രണം ശക്തമാകുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ മികച്ച വരുമാനം നേടാന്‍ മനുഷ്യനിര്‍മിത തടാകങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കഴിയുന്നു.

ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഒത്തു ചേരുന്നതിനാലാണ് മുഹമ്മദ് സലിം, മുഹമ്മദ് ഷെരീഫ് എന്നീ സഹോരദന്മാര്‍ കണ്ണുമടച്ച് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. പാലക്കാട് സ്വദേശികളായ ഈ സഹോദരന്മാര്‍ക്ക് പഠനകാലം മുതല്‍ക്കേ മത്സ്യകൃഷിയില്‍ അതീവ താല്‍പര്യം ഉണ്ടായിരുന്നു.എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്നതിനെപ്പറ്റി അക്കാലത്ത് അവര്‍ ചിന്തിച്ചിരുന്നില്ല. ഒരു വിനോദം എന്ന നിലക്കായിരുന്നു സലീമും ഷെരീഫും മത്സ്യകൃഷി തുടങ്ങിയത്. കടലിന്റെ സാമിപ്യം ഇല്ലാത്തതിനാല്‍ പാലക്കാട് ജില്ലക്കാര്‍ ശുദ്ധമായ മീനിന് ആശ്രയിച്ചിരുന്നത് മത്സ്യകര്‍ഷകരെ തന്നെയായിരുന്നു. ഈ തിരിച്ചറിവ് സലീമിനും ഷെരീഫിനും ഉണ്ടായിരുന്നു. അത്യാവശ്യം കുറച്ചു കൃഷി ചെയ്യണം. അടുത്തുള്ള മാര്‍ക്കറ്റില്‍ വിറ്റ് ലാഭം നേടണം ഇത് മാത്രമായിരുന്നു തുടക്കത്തില്‍ ഇവരുടെ ചിന്ത.

വാടകക്കെടുത്ത കുളത്തില്‍ നിന്നും തുടക്കം

മത്സ്യകൃഷിയോടുള്ള താല്‍പര്യം വര്‍ധിച്ചപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാരനായ ഒരു വ്യക്തിയുടെ കുളം വാടകക്ക് എടുത്ത് മമ്പറം എന്ന സ്ഥലത്ത് മത്സ്യകൃഷി ആരംഭിച്ചു. വിളവെടുക്കുമ്പോള്‍ മത്സ്യത്തിന്റെ ഒരു ഭാഗം നല്‍കാം എന്നായിരുന്നു കരാര്‍. അത് പ്രകാരം കൃഷിയും തുടങ്ങി. തിലാപ്പിയ, വാള തുടങ്ങിയിനം മത്സ്യങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അല്ലാതെ മറ്റു തീറ്റകള്‍ ഒന്നും നല്‍കിയിരുന്നില്ല. തികച്ചും പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ന്നു. നാല് മാസം കൊണ്ട് വിളവെടുപ്പ് പ്രാ
യമായി. സലീമും ഷെരീഫും ചേര്‍ന്ന് തന്നെയാണ് മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തിയത്. വളരെ ചെറിയ രീതിയില്‍ നടത്തിയ കൃഷി ആയിരുന്നുവെങ്കിലും ഇരുവര്‍ക്കും മികച്ച വിളവ് ലഭിച്ചു. ഒരു ഭാഗം മത്സ്യം കുളത്തിന്റെ ഉടമയ്ക്ക് നല്‍കി, ബാക്കി പാലക്കാട് മാര്‍ക്കറ്റില്‍ വിറ്റഴിച്ചു. കിട്ടിയ ലാഭത്തില്‍ നിന്നും 1000 രൂപ ഇവര്‍ മാറ്റി വച്ചു. കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുക , വീണ്ടും കൃഷി ചെയ്യുക അതായിരുന്നു ഉദ്ദേശം.

ഏതെല്ലാം മത്സ്യങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചവ, ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ഏതിനം മത്സ്യങ്ങളാണ് ലാഭകരമാകുക, കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, വെള്ളത്തിന്റെ പിഎച്ച് മൂല്യം എങ്ങനെ നിലനിര്‍ത്താം, തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, എന്തൊക്കെ തീറ്റയാണ് നല്‍കേണ്ടത്, മിക്‌സഡ് ഫാമിംഗ് എങ്ങനെ നടപ്പിലാക്കാം, വിപണി എങ്ങനെ കണ്ടെത്താം, മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പ്പന എങ്ങനെ നടത്താം തുടങ്ങി വിവിധ കാര്യങ്ങള്‍ പഠിച്ചത് ഫിഷറീസ് വകുപ്പിന് കീഴില്‍ നിന്നും ലഭിച്ച ട്രെയിനിംഗിലൂടെയാണ്‌

രണ്ടാം തവണ കൃഷിയിറക്കുമ്പോള്‍ കുളത്തിന്റെ ഉടമയ്ക്ക് വാടകയായി 5000 രൂപ പറഞ്ഞുറപ്പിച്ചിരുന്നു. ഇക്കുറി തിലാപ്പിയ എന്ന ഇനത്തെ മാത്രമാണ് കൃഷി ചെയ്തത്. ഏത് കാലാവസ്ഥയോടും ഇണങ്ങി വളരുന്നതും കുറച്ചു സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യാന്‍ കഴിയുന്നതുമായ മീന്‍ ആണ് തിലാപ്പിയ എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. മാത്രമല്ല, മരണ നിരക്ക്, രോഗങ്ങള്‍ എന്നിവയും താരതമ്യേന കുറവായിരുന്നു. രണ്ടാം തവണത്തെ കൃഷിയും വിജയകരമായിരുന്നു. 5000 രൂപ കുളത്തിന്റെ വാടകയും മീന്‍പിടിക്കാന്‍ വന്നവരുടെ കൂലിയും എല്ലാം കഴിഞ്ഞപ്പോള്‍ നല്ലൊരു തുക ലാഭം കിട്ടി. അങ്ങനെയാണ്, വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യകൃഷി തുടങ്ങുന്നതിനെ പറ്റി സലീമും ഷെരീഫും ചിന്തിക്കുന്നത്.

ഫിഷറീസ് വകുപ്പിന് കീഴില്‍ പരിശീലനം

വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യകൃഷി തുടങ്ങണം എങ്കില്‍ തങ്ങള്‍ക്കുള്ള അറിവ് പര്യാപ്തമല്ല എന്ന് മനസിലാക്കിയ ഈ സഹോദരന്മാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യകൃഷിയുടെ പരിശീലനം നേടി. ”ഏതെല്ലാം മത്സ്യങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചവ, ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ഏതിനം മത്സ്യങ്ങളാണ് ലാഭകരമാകുക, കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, വെള്ളത്തിന്റെ പിഎച്ച് മൂല്യം എങ്ങനെ നിലനിര്‍ത്താം, തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, എന്തൊക്കെ തീറ്റയാണ് നല്‍കേണ്ടത്, മിക്‌സഡ് ഫാമിംഗ് എങ്ങനെ നടപ്പിലാക്കാം, വിപണി എങ്ങനെ കണ്ടെത്താം, മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പ്പന എങ്ങനെ നടത്താം തുടങ്ങി നിരവധി കാര്യങ്ങള്‍ പഠിച്ചത് ഫിഷറീസ് വകുപ്പിന് കീഴില്‍ നിന്നും ലഭിച്ച ട്രെയിനിംഗിലൂടെയാണ്” സലിം പറയുന്നു.

ട്രെയിനിംഗ് പൂര്‍ത്തിയായതോടെ കൂടുതല്‍ കുളങ്ങള്‍ പാട്ടത്തിനു എടുത്ത് കൃഷി തുടങ്ങി. അങ്ങനെ ഒന്‍പതാം കഌസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ മത്സ്യകൃഷിയോടുള്ള പ്രണയം ഈ സഹോദരന്മാരെ മത്സ്യകര്ഷകരാക്കി മാറ്റുകയായിരുന്നു. ഈ സമയത്ത് മത്സ്യകൃഷി പഠിക്കുന്നതിനായി നിരവധി യുവാക്കള്‍ ഈ സഹോദരന്മാരെ തേടിയെത്തി. തങ്ങളെ സമീപിക്കുന്ന എല്ലാവര്‍ക്കും തൃപ്തികരമാകുന്ന രീതിയില്‍ തന്നെ സലീമും ഷെരീഫും പരിശീലനം നല്‍കി. പയ്യെ പയ്യെ മത്സ്യകൃഷി വികസിച്ചു. കാര്‍പ്പ്, രോഹു, കട്‌ല, തിലാപ്പിയ, വാള തുടങ്ങി അനേകം വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെ കൃഷി ചെയ്തു എങ്കിലും ഒടുവില്‍ ഏറ്റവും ലാഭകരം എന്ന് മനസിലാക്കി തിലാപ്പിയ, വാള എന്നീ രണ്ടിനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി കൃഷി വികസിപ്പിച്ചു. അല്‍ അമീന്‍ ഫിഷറീസ് എന്ന പേരിലാണ് സലീമും ഷെരീഫും തങ്ങളുടെ മത്സ്യകൃഷി വിപുലപ്പെടുത്തിയായത്. കിലോക്ക് 250 രൂപയോളം വില വരും തിലാപ്പിയക്ക്. വാളയും ഏകദേശം അതെ നിരക്കില്‍ തന്നെ വിറ്റു പോകുന്നു. എന്നാല്‍ ചില സീസണില്‍ വില നന്നായി കുറയുകയും ചെയ്യും. ഈ കാലഘട്ടത്തില്‍ മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പ്പനയിലാണ് അല്‍ അമീന്‍ ഫിഷറീസ് ശ്രദ്ധിക്കുന്നത്.

കളിയാക്കിയ നാട്ടുകാര്‍ ഒടുവില്‍ കൈയടിച്ചു

നാലക്ഷരം പഠിക്കേണ്ട പ്രായത്തില്‍ മീന്‍ പിടുത്തവും കൃഷിയുമായി നടക്കുന്നു എന്നതായിരുന്നു സലീമും ഷെരീഫും ചെറുപ്പം മുതല്‍ കേട്ടിരുന്ന പഴി. വാടകക്ക് എടുത്ത കുളത്തില്‍ മീന്‍ വളര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ എതിര്‍ത്തവ ധാരാളം. ”തുടക്കകാലത്ത് മീന്‍ തീറ്റ വാങ്ങുന്നതിനായുള്ള പണമൊന്നും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമെല്ലാം പച്ചക്കറിയുടെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങള്‍ ശേഖരിച്ചാണ് ഞങ്ങള്‍ മീനിന് തീറ്റയായി നല്‍കിയിരുന്നത്. ഇത്തരത്തില്‍ അവശിഷ്ടങ്ങള്‍ ശേഖരിച്ചു വരുന്നത് കാണുമ്പോള്‍ ഞങ്ങളെ കളിയാക്കി ചിരിച്ചവര്‍ അനവധിയാണ്. പലതരത്തിലുള്ള അവഗണയും പുച്ഛവും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ഞങ്ങളുടെ മനസ്സ് മടുത്തില്ല. ആദ്യഘട്ട വിളവെടുപ്പോടെ ഇതാണ് ഞങ്ങളുടെ വഴി എന്ന് മനസിലായി. പിന്നീട് ആരുടേയും വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ നിന്നിട്ടില്ല. ഒരു കാലത്ത് ഞങ്ങളുടെ പ്രവര്‍ത്തികളെ എതിര്‍ത്തവരില്‍ പലരും പിന്നീട് അല്‍ അമീന്‍ ഫാമില്‍ ജോലി തേടി വന്നപ്പോള്‍ അത് ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് തോന്നിയത്” മുഹമ്മദ് സലിം പറയുന്നു. മീന്‍ വളര്‍ത്തലില്‍ തിരിച്ചടി നേരിട്ടത് പാലക്കാട്, തത്തമംഗലം ഭാഗത്ത് കൃഷി ചെയ്യാത്തപ്പോള്‍ മാത്രമാണ്. പരിസ്ഥി പ്രശ്‌നങ്ങളും പരിസരവാസികളില്‍ നിന്നുള്ള ഇടപെടലുകളുമെല്ലാം നിമിത്തം തത്തമംഗലം ഭാഗത്തെ കൃഷി നിന്നു.എന്നാല്‍ ഒരു വഴി അടഞ്ഞാല്‍ ഒന്‍പത് വഴി തുറക്കും എന്ന് വിശ്വസിക്കുന്നവരാണ് ഈ സഹോദരന്മാര്‍. അതിനാല്‍ ഉടനടി മറ്റിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. പാലക്കാട് ജില്ലയില്‍ തന്നെ ഉപ്പുംപാടം എന്ന സ്ഥലത്ത് കുളങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കി. കൃഷി തുടങ്ങിയ കാലം മുതല്‍ക്ക് ഇന്ന് വരെ മികച്ച ലാഭമാണ് ആ പ്രദേശത്ത് നിന്നും ലഭിച്ചിട്ടുള്ളത്.

രണ്ട് സെന്റ് കുളത്തില്‍ നിന്നും 21 ഏക്കറിലേക്ക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാടകക്കെടുത്ത രണ്ടു സെന്റ് വലുപ്പമുള്ള കുളത്തിലായിരുന്നു അല്‍ അമീന്‍ ഫിഷറീസിന്റെ തുടക്കം. അന്ന് കിട്ടിയ വരുമാനമാകട്ടെ 12000 രൂപയും. ചിട്ടയായ കൃഷിരീതികള്‍, കഠിനാധ്വാനം, വിപണി വികസനം എന്നിവയിലൂടെ ഇപ്പോള്‍ പാ
ലക്കാട് ജില്ലയില്‍ 21 ഏക്കര്‍ സ്ഥലത്താണ് ഈ സഹോദരന്മാര്‍ മത്സ്യകൃഷി ചെയ്യുന്നത്. സീസണുകള്‍ അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും മൂന്ന് മാസം കൂടുമ്പോള്‍ ശരാശരി പത്ത് ലക്ഷം രൂപയുടെ വരുമാനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സലീമും ഷെരീഫും പറയുന്നു. ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിച്ച 12 ലക്ഷം രൂപയുടെ പലിശരഹിത ലോണ്‍ ആണ് നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതില്‍ ഈ സഹോദരന്മാര്‍ക്ക് കൈത്താങ്ങായത്.20 വര്‍ഷത്തെ കാലാവധിക്കുള്ളില്‍ അടച്ചു തീര്‍ക്കേണ്ട ഈ തുകയെ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചത്. പാലക്കാട് മൂന്നര ഏക്കര്‍ സ്ഥലത്ത് വാളയെ മാത്രമാണ് കൃഷി ചെയ്യുന്നത്. ഉപ്പുംപാടത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് തിലാപ്പിയ കൃഷി ചെയ്യുന്നു. മാമ്പറത്ത് 15 ഏക്കര്‍ സ്ഥലത്തും മികച്ച രീതിയില്‍ തന്നെ കൃഷി നടക്കുന്നുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് വിളവെടുപ്പ് നടത്തുന്നത്.

”1000 രൂപയുടെ മീന്‍കുഞ്ഞുങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ തുടക്കം. കഠിന പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയൊക്കെ ആവാന്‍ കഴിഞ്ഞത്. ഇപ്പോള്‍ കേരളത്തിന് പുറത്തേക്കും മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിലുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഇതിനായി തമിഴ്‌നാട്ടില്‍ 30 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.മത്സ്യകൃഷിയിലേക്ക് വന്നില്ലായിരുന്നു എങ്കില്‍ ഒരു ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പ് നടത്തി നിശ്ചിത വരുമാനത്തില്‍ ജീവിക്കേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്. ചേട്ടന്‍ ബിഎസ്എഫിലേക്ക് സെലക്ഷന്‍ കിട്ടിയിട്ട് അത് വേണ്ടെന്നു വച്ചാണ് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു മത്സ്യകൃഷി തുടങ്ങാമെന്നത്.എക്‌സ്‌പോര്‍ട്ട് വര്‍ധിപ്പിക്കുക, കൂടുതല്‍ സ്ഥലങ്ങളിലേക്ക് അല്‍ അമീന്‍ ഫിഷറീസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക, കേരളത്തിലൊട്ടാകെ നിറ സാന്നിധ്യമാകുക, ജനങ്ങള്‍ക്ക് എന്നും നല്ല ഫ്രഷ് മീന്‍ എത്തിക്കുക എന്നതെല്ലാമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു.”സലിം പറയുന്നു
വൈറ്റ് കോളര്‍ ജോലിയില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന യുവതലമുറക്ക് മുന്നില്‍ മികച്ചൊരു മാതൃകയാണ് അല്‍ അമീന്‍ ഫിഷറീസിലൂടെ മുഹമ്മദ് സലീമും മുഹമ്മദ് ഷെരീഫും മുന്നോട്ട് വയ്ക്കുന്നത്.

Comments

comments

Categories: Business & Economy