പരസ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ 25,000 കോടി രൂപയിലെത്തും

പരസ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ 25,000 കോടി രൂപയിലെത്തും

മുന്‍ വര്‍ഷത്തെ ഉത്സവ സീസണിനെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികളുടെ പരസ്യങ്ങള്‍ക്കായുള്ള ചെലവിടലില്‍ 10 ശതമാനം വര്‍ധനയുണ്ടാകും

ന്യൂഡെല്‍ഹി: ഉത്സവ സീസണില്‍ പരസ്യം, വിപണനം, പ്രമോഷനുകള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ കമ്പനികള്‍ ചെലവിടുക 25000 കോടി രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനികള്‍ നടത്തിയ ചെലവിടലിനെ അപേക്ഷിച്ച് 10 ശതമാനം അധികമായിരിക്കും ഇതെന്ന് മീഡിയ പ്ലാനിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ മികച്ച, ആരോഗ്യകരമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൊത്തത്തില്‍ 10-12 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്-ഡെന്റ്‌സു ഏജിസ് നെറ്റ്‌വര്‍ക് ദക്ഷിണേഷ്യ സിഇഒ ആശിഷ് ഭാസിന്‍ പറയുന്നു. ജൂണ്‍ പാദം മികച്ചതായിരുന്നുവെന്നും ഉപഭോക്തൃ ചെലവിടല്‍ വര്‍ധിച്ചുവെന്നും ജനങ്ങളുടെ വാങ്ങല്‍ മനോഭാവത്തില്‍ പോസിറ്റീവ് മാറ്റം പ്രകടമാണെന്നും മാഡിസണ്‍ വേള്‍ഡ് ചെയര്‍മാന്‍ സാം ബല്‍സാര അഭിപ്രായപ്പെട്ടു.

2016 നവംബറിലെ നോട്ട് അസാധുവാക്കല്‍, 2017 ജൂലൈ 1 മുതല്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതി എന്നിവയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഉത്സവ സീസണുകളിലും ഇടിവ് പ്രകടിപ്പിച്ച ഉപഭോക്തൃ മനോഭാവത്തില്‍ നിലവില്‍ ഉണര്‍വിന്റെ സൂചനകളാണുള്ളത്. മാത്രമല്ല മികച്ച മണ്‍സൂണാണ് ഈ വര്‍ഷത്തത് എന്നതും ഗുണം ചെയ്തു. ഇതുമൂലം വിള ഉല്‍പ്പാദനം ഉയരുന്നത് വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഗ്രാമീണ വിപണിയിലെ ആവശ്യകതയില്‍ ഉണര്‍വുണ്ടായതിനാല്‍ നിരവധി അനുബന്ധ മേഖലകള്‍ വളരും-ഗ്രൂപ്പ് എമ്മിന്റെ സൗത്ത് ഏഷ്യ ചീഫ് ഗ്രോത്ത് ഓഫീസര്‍ ലക്ഷ്മി നരസിംഹന്‍ പറഞ്ഞു.

ഗ്രാമീണ ആവശ്യകതയിലെ വര്‍ധന, മികച്ച മണ്‍സൂണ്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്), ഓട്ടോമൊബീല്‍, ഇരു ചക്ര വാഹനങ്ങള്‍, ഹാന്‍ഡ്‌സെറ്റുകള്‍ തുടങ്ങിയ മേഖലകള്‍ കൂടുതല്‍ വളര്‍ച്ച നേടും.പ്രത്യേകിച്ച് ഉത്സവ സീസണില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി മികച്ച വളര്‍ച്ചയാണ് ഇവയിലുണ്ടാവുക.

സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ പരസ്യ ചെയ്യാന്‍ കൂടുതല്‍ പുതിയ കമ്പനികളെത്തും എന്നാണ് വിലയിരുത്തല്‍. നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനികളും ഈ വര്‍ഷം പരസ്യങ്ങള്‍ക്കായി കൂടുതല്‍ ചെലവിടല്‍ നടത്താനാണ് സാധ്യത, പ്രത്യേകിച്ചും ഉല്‍സവസീസണില്‍-ഭാസിന്‍ പറയുന്നു.

കമ്പനികളുടെ വാര്‍ഷിക വില്‍പ്പനയുടെ 40 ശതമാനം സംഭാവന ചെയ്യുന്നത് ഉത്സവ സീസണാണ്. അതിനാല്‍ തന്നെ ഉല്‍സവ സീസണ്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കമ്പനികള്‍ പ്രൊമോഷനുകള്‍ക്ക് വലിയ തുക തന്നെ ചെലവിടാനാണ് സാധ്യത. എല്ലാ വര്‍ഷത്തെയും പരസ്യ ചെലവിടലിന്റെ വലിയൊരു പങ്ക് ഉത്സവ സീസണാണ് സംഭാവന ചെയ്യുന്നത്. ഗണേശ ചതുര്‍ത്ഥി, ഓണം എന്നിവയോടെ ആരംഭിക്കുന്ന ഉത്സവ സീസണ്‍ ദീപാവലിയില്‍ കൂടുതല്‍ ഉയരത്തിലെത്തുകയും ക്രിസ്മസ് വരെ ആ തലത്തില്‍ തുടരുകയും ചെയ്യുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. .

Comments

comments

Categories: Business & Economy
Tags: Ad Amounts