ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്ലിന് അര്‍ജന്റീനയില്‍ എതിര്‍പ്പ്

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്ലിന് അര്‍ജന്റീനയില്‍ എതിര്‍പ്പ്

ബ്യൂണസ് അയേഴ്‌സ്: ഗര്‍ഭകാലത്തിന്റെ ആദ്യ 14 ആഴ്ചകളില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്ലിനെ അര്‍ജന്റീനയില്‍ നിയമനിര്‍മാണ സഭയായ സെനറ്റ് എതിര്‍ത്തു.15 മണിക്കൂറിലേറെ നേരം സെനറ്റര്‍മാര്‍ ബില്ലിന്മേല്‍ ചര്‍ച്ച നടത്തി. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത് 31-നെതിരേ 38 സെനറ്റര്‍മാരാണു വോട്ട് രേഖപ്പെടുത്തിയത്. സെനറ്റില്‍ 42 പുരുഷന്മാരും 30 വനിതകളുമാണുള്ളത്. ഭൂരിഭാഗം പുരുഷ സെനറ്റര്‍മാരും ബില്ലിനെ എതിര്‍ത്താണു വോട്ടു ചെയ്തത്. പൊതുജനമദ്ധ്യത്തില്‍ പിന്തുണയുണ്ടെന്നു അവകാശപ്പെട്ടു കൊണ്ടാണ് ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. പക്ഷേ, ബില്‍ നിയമമാക്കാനുള്ള തീരുമാനം പാളി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയില്‍ ബില്‍ നിയമമാകാന്‍ തടസമായത് കത്തോലിക്ക ചര്‍ച്ചിന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് ബില്ലിനെ അനുകൂലിക്കുന്ന സംഘടനയായ Not one woman less ആരോപിച്ചു. ബില്‍ സെനറ്റ് തള്ളിയതോടെ, ഗര്‍ഭച്ഛിദ്രം നടത്തുന്നത് അര്‍ജന്റീനയില്‍ നിയമവിരുദ്ധമായി തന്നെ നിലനില്‍ക്കും. എന്നാല്‍ ഗര്‍ഭിണിയുടെ ആരോഗ്യം അപകടത്തിലാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. മാത്രമല്ല, ബലാല്‍സംഗവുമായി ബന്ധപ്പെട്ടും ഗര്‍ഭച്ഛിദ്രം അനുവദിക്കും.

ബില്‍ സെനറ്റ് തള്ളിയതോടെ, ഇനി ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കാന്‍ വര്‍ഷങ്ങളായി കഠിന പരിശ്രമത്തിലായിരുന്നു. അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കുന്ന നിയമം അനിവാര്യമാണെന്നാണു ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. കാരണം അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു സ്ത്രീകളാണ് ആശുപത്രിയില്‍ അനധികൃത ഗര്‍ഭച്ഛിദ്രത്തിനായെത്തുന്നത്. 2016-ല്‍ 43 സ്ത്രീകള്‍ മരണപ്പെടുകയും ചെയ്‌തെന്ന് അവര്‍ പറയുന്നു.

Comments

comments

Categories: World
Tags: Abortion