വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും

വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും

ജെനസിസ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവെച്ചു

ബെംഗളൂരു : ഇന്ത്യന്‍ ഐടി സര്‍വീസസ് കമ്പനിയായ വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും. ഇതിനായി മുംബൈ ആസ്ഥാനമായ ജെനസിസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓട്ടോണമസ് കാര്‍ രംഗത്തെ അവസരങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ധാരണപത്രമനുസരിച്ച് എച്ച്ഡി മാപ്പുകള്‍, കണ്ടന്റ് എന്നിവ ജെനസിസ് ഇന്റര്‍നാഷണല്‍ വികസിപ്പിക്കും. അതേസമയം വിപ്രോയുടെ ഉത്തരവാദിത്തം ഓട്ടോണമസ് സിസ്റ്റത്തിനായി നാവിഗേഷന്‍, കണ്‍ട്രോള്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ബെംഗളൂരുവിലെ വിപ്രോ കാംപസിന്റെ എച്ച്ഡി മാപ്പ് സൃഷ്ടിക്കും. സ്വയം നിയന്ത്രിതമായി ക്യാംപസില്‍ ഡ്രൈവ് ചെയ്യുന്നതിന് വിപ്രോ നേരത്തേ ഒരു പരീക്ഷണ വാഹനം വികസിപ്പിച്ചിരുന്നു.

ജെനസിസുമായുള്ള പങ്കാളിത്തത്തിലൂടെ ഓട്ടോണമസ് വാഹനങ്ങളുമായി ബന്ധപ്പെട്ട ഈ സൊലൂഷനുകള്‍ പരീക്ഷിക്കാന്‍ കഴിയുമെന്ന് വിപ്രോ ചീഫ് ടെക്‌നോളജി ഓഫീസര്‍ കെആര്‍ സഞ്ജീവ് പറഞ്ഞു. ഓട്ടോണമസ് ഡ്രൈവിംഗിനായി എച്ച്ഡി മാപ്പിംഗ് വികസിപ്പിക്കുന്നതിന് അതിയായ സന്തോഷമുണ്ടെന്ന് ജെനസിസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര തംഹാനേ അഭിപ്രായപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍ എച്ച്ഡി മാപ്പുകളും കണ്ടന്റും വികസിപ്പിക്കാന്‍ ജെനസിസിന് കഴിയും. ഓട്ടോണമസ് ഡ്രൈവിംഗ് പ്രൊജക്റ്റിനായി ജെനസിസ് ഈയിടെ 1200 കിലോമീറ്റര്‍ നീളം വരുന്ന റോഡ്, സ്ട്രീറ്റ് ശൃംഖലയുടെ എച്ച്ഡി മാപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വയോജനങ്ങള്‍ താമസിക്കുന്ന റിട്ടയര്‍മെന്റ് കമ്യൂണിറ്റിയിലെ റോഡുകളുടെയും തെരുവീഥികളുടെയും എച്ച്ഡി മാപ്പുകളാണ് സൃഷ്ടിച്ചത്. സ്വന്തം വീട്ടുപടിക്കലേക്ക് സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വിളിച്ചുവരുത്തുന്നതിന് ഈ കമ്യൂണിറ്റിയിലെ ഒന്നേകാല്‍ ലക്ഷം താമസക്കാര്‍ക്ക് കഴിയും. ഒരോ വീട്ടുപടിക്കലും ഡോര്‍-ടു-ഡോര്‍ സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സി സര്‍വീസ് നടത്താന്‍ കഴിയുമെന്നര്‍ത്ഥം. ഈ കമ്യൂണിറ്റിയിലെ 1200 കിലോമീറ്ററില്‍ തികച്ചും ഓട്ടോണമസായി യാത്ര ചെയ്യാന്‍ കഴിയും.

Comments

comments

Categories: Auto