ഇന്ദ്രാ നൂയിയടക്കം കോര്‍പറേറ്റ് നേതാക്കള്‍ക്ക് ട്രംപിന്റെ വിരുന്ന്

ഇന്ദ്രാ നൂയിയടക്കം കോര്‍പറേറ്റ് നേതാക്കള്‍ക്ക് ട്രംപിന്റെ വിരുന്ന്

ന്യൂജേഴ്‌സിയിലെ സ്വകാര്യ ഗോള്‍ഫ് ക്ലബ്ബിലാണ് വിരുന്ന് ഒരുക്കിയത്; ഫിയറ്റ് സിഇഒ മൈക്കല്‍ മാന്‍ലി അടക്കം 15 പ്രമുഖ ബിസിനസ് മേധാവികള്‍ സംബന്ധിച്ചു

 

ന്യൂയോര്‍ക്ക്: പെപ്‌സികോയില്‍ നിന്ന് പുറത്തേക്ക് പോകുന്ന സിഇഒ ഇന്ദ്ര നൂയി, മാസ്റ്റര്‍ കാര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് അജയ് ബംഗ തുടങ്ങിയ ഏതാനും കോര്‍പറേറ്റ് നേതാക്കള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിരുന്നൊരുക്കി. ന്യൂജേഴ്‌സിയിലെ തന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബ്ബില്‍ നടത്തിയ വിരുന്നില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഈ നേതാക്കളുടെ കാഴ്ചപ്പാട് ട്രംപ് കേട്ടു. സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഈ കോര്‍പ്പറേറ്റ് തലവന്‍മാരുടെ കാഴ്ചപ്പാടില്‍ വിലയിരുത്താനും അവരുടെ മുന്‍ഗണനകള്‍ എന്തെന്ന് മനസിലാക്കാനുമുള്ള അവസരമാണ് ഈ വിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. നൂയിയുടെ ഭര്‍ത്താവ് രാജ് നൂയി, ബംഗയുടെ ഭാര്യ റിതു ബംഗ തുടങ്ങിയവരും പ്രസിഡന്റിന്റെ വിരുന്നില്‍ പങ്കെടുത്തു.

ഫിയറ്റ് സിഇഒ മൈക്കല്‍ മാന്‍ലി, ഫെഡ്എക്‌സ് പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് സ്മിത്, ബോയിംഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡെന്നീസ് മിലന്‍ ബര്‍ഗ് എന്നിവരും വിരുന്നില്‍ പങ്കെടുത്ത 15 പ്രമുഖ ബിസിനസ് മേധാവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജേര്‍ഡ് കുഷ്ണര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളിലൊരാള്‍ എന്ന് ട്രംപ്, നൂയിയെ വിശേഷിപ്പിച്ചെന്ന് വൈറ്റ് ഹൗസ് പൂള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ബിസിനസ് നേതാക്കളെയാണ് താന്‍ കൂടിക്കാണുന്നതെന്നും അദ്ദേഹം വിരുന്നിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തന്റെ നയങ്ങളുടെ ഏറ്റവും വലി ഗുണഭോക്താക്കളാണ് ഈ സംഘമെന്ന് അദ്ദേഹം പറഞ്ഞു. പല സാഹചര്യങ്ങളിലും ഇവര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ജിഡിപിയും തൊഴിലുമായി ബന്ധപ്പെട്ട കണക്കുകളെ അധികരിച്ചും അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചു.

 

Comments

comments

Categories: Slider, World
Tags: Trump