ടാറ്റ നെക്‌സോണില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

ടാറ്റ നെക്‌സോണില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

 

എക്‌സ്ഇസഡ്, എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകളിലാണ് ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നത്

ന്യൂഡെല്‍ഹി : ടാറ്റ നെക്‌സോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സോഫ്റ്റ്‌വെയറായ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നു. ഓഗസ്റ്റ് പകുതിയോടെ സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കിത്തുടങ്ങും. എന്നാല്‍ ഔദ്യോഗിക ലോഞ്ചിന് മുമ്പ് ആപ്പിള്‍ കാര്‍പ്ലേ വേണമെന്ന് ആഗ്രഹിക്കുന്ന നിലവിലെ നെക്‌സോണ്‍ ഉടമകള്‍ക്കും ഉപയോക്താക്കള്‍ക്കും ഡീലര്‍ഷിപ്പില്‍ പോയി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ആവശ്യപ്പെടാം. ടാറ്റ നെക്‌സോണിന്റെ എക്‌സ്ഇസഡ്, എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകളിലാണ് ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ടാറ്റ നെക്‌സോണിന്റെ ഇന്ത്യന്‍ വിപണിയിലെ ലോഞ്ച്. വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് കഴിയുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങളില്‍ ടിയാഗോ ഹാച്ച്ബാക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റുപോകുന്നത് നെക്‌സോണ്‍ എസ്‌യുവിയാണ്. ശരാശരി 4,500 യൂണിറ്റാണ് പ്രതിമാസ വില്‍പ്പന.

ഈ വര്‍ഷം മെയ് മാസത്തില്‍ എസ്‌യുവിയുടെ എഎംടി പതിപ്പ് പുറത്തിറക്കിയിരുന്നു. ഇസഡ്എക്‌സ്എ പ്ലസ് എന്ന ടോപ് വേരിയന്റിലാണ് ആദ്യം എഎംടി നല്‍കിയതെങ്കില്‍ കഴിഞ്ഞ മാസം എക്‌സ്എം എന്ന മിഡ് സ്‌പെക് വേരിയന്റിലും ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കി. ടാറ്റ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വേര്‍ഷനുകള്‍ 50:50 അനുപാതത്തിലാണ് വിറ്റുപോകുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് ഈയിടെ അറിയിച്ചിരുന്നു.

നെക്‌സോണിന്റെ മേല്‍പ്പറഞ്ഞ വേരിയന്റുകളിലെ ഡാഷ് ടോപ്പില്‍ 6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ടെക്‌സ്റ്റ് & വാട്ട്‌സ്ആപ്പ് റീഡ്ഔട്ട് ആന്‍ഡ് റിപ്ലൈ, വോയ്‌സ് കമാന്‍ഡ്, നാവിഗേഷന്‍ മുതലായവയാണ് സിസ്റ്റത്തില നിലവിലെ ഫീച്ചറുകള്‍. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ്, സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളും. ഗ്ലോബല്‍ എന്‍സിഎപി ഈയിടെ നടത്തിയ ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്‌സോണ്‍ ഓവറോള്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ടാറ്റ നെക്‌സോണിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 170 എന്‍എം പീക്ക് ടോര്‍ക്കും ഡീസല്‍ മോട്ടോര്‍ 108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഹൈപ്പര്‍ഡ്രൈവ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

 

Comments

comments

Categories: Auto
Tags: Tata nexon