ഇ-സിഗരറ്റ് നിരോധിക്കാന്‍ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍

ഇ-സിഗരറ്റ് നിരോധിക്കാന്‍ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ്( ഇ-സിഗരറ്റ്) നിരോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള നടപടികളുമായി മുന്നോട്ട്‌പോവുകയാണെന്ന് ഡെല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഇ-സിഗരറ്റുകളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന എന്നിവ തടയാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. ഇ-സിഗരറ്റ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ഇ- സിഗരറ്റ്, നിക്കോട്ടിന്‍ അടങ്ങിയ ഇ-ലിക്വിഡ് എന്നിവയുടെ ഉല്‍പ്പാദനം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്(ഡിസിഎ) വിരുദ്ധമാണെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, വളരെ കുറച്ച് നിക്കോട്ടിന്‍ ഉപയോഗമാണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. ഇ-സിഗരറ്റ് ഉള്‍പ്പടെയുള്ളവ ഇതില്‍പ്പെടില്ല. എന്നാല്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവര്‍ മറ്റ് നിക്കോട്ടിന്‍ അടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു. അതിനാല്‍ ഇ-സിഗരറ്റിന്റെ ഉല്‍പ്പാദനവും, വിതരണവും, വില്‍പ്പനയും നിരോധിക്കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ഡെല്‍ഹി കോടതി ഹര്‍ജി വീണ്ടും 21 ന് പരിഗണിക്കും.

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ-സിഗരറ്റ്. കാഴ്ചയില്‍ യഥാര്‍ത്ഥ സിഗരറ്റ് പോലെയാണ്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും ചേര്‍ത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് വലിക്കുന്നത്.

Comments

comments

Categories: FK News, Health