പട്ടിണിയും പോഷകക്കുറവും തുടച്ചു നീക്കാന്‍ ഏറെ സഞ്ചരിക്കേണ്ടി വരും

പട്ടിണിയും പോഷകക്കുറവും തുടച്ചു നീക്കാന്‍ ഏറെ സഞ്ചരിക്കേണ്ടി വരും

ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ആഗോള ശക്തികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലും ആഗോള തലത്തില്‍ പട്ടിണിയും പോഷക ദാരിദ്ര്യവും വര്‍ധിച്ചു വരികയാണ്്. മനുഷ്യ നിര്‍മിത ദുരന്തങ്ങളുടെ അനന്തര ഫലം തന്നെയാണ് ഈ ദുരവസ്ഥകള്‍. കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തര സംഘര്‍ഷങ്ങളും തകര്‍ത്ത ഭൂമികകളില്‍ ദുരന്തം നടമാടിക്കൊണ്ടിരിക്കുകയാണ്. അടിയന്തരമായി പരിഹാരം കാണേണ്ട ഈ വിഷയത്തിലക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലേഖകന്‍

 

സുസ്ഥിര ഭാവിക്കായി 2030 ഓടെ നേടിയെടുക്കേണ്ട 17 ലക്ഷ്യങ്ങളില്‍ ഒന്നായി പട്ടിണി നിര്‍മാര്‍ജനത്തെ യുഎന്‍ സസ്‌സ്റ്റെയ്‌നബിള്‍ ഡെവലപ്പ്‌മെന്റ് ഗോള്‍സ് (എസ്ഡിജി -സുസ്ഥിര വികസന ലക്ഷ്യങ്ങള്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും ലോകത്തു നിന്ന് ഇല്ലാതാക്കുക എന്നത്, ദാരിദ്ര്യ നിര്‍മാര്‍ജനം, നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക, ആജീവനാന്ത പഠനം, സുസ്ഥിര സാമ്പത്തിക വളര്‍ച്ച, തൊഴില്‍, മികച്ച ആരോഗ്യം, ക്ഷേമം തുടങ്ങി നിരവധിയായ മറ്റു ലക്ഷ്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന വസ്തുത ഈ ലക്ഷ്യത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു.

2030 ഓടെ പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ വരുന്ന ഏതൊരു പരാജയവും മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനും ലോകത്തിലെ സാമൂഹിക പുരോഗതിയെ തടസപ്പെടുത്തുന്നതിനും ഇടയാക്കാം. വിശപ്പ് ഇല്ലാതാക്കുന്നതില്‍ ലോകം ഇതുവരെ നേടിയ പുരോഗതി നോക്കുക. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2000 ല്‍ 900 ദശലക്ഷമായിരുന്നത് 2013 എത്തിയപ്പോഴേക്കും 775 ദശലക്ഷമായി കുറഞ്ഞു. എന്നാല്‍ 2015 ല്‍ 777 ദശലക്ഷമായും 2016 ല്‍ 815 ദശലക്ഷമായും ഇത് വര്‍ധിക്കുകയാണുണ്ടായത്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയോട് ചേര്‍ന്ന പ്രദേശങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ പോഷകാഹാരക്കുറവിന്റെ ആധിക്യമാണ് ഈ വര്‍ധനയുടെ പ്രധാന കാരണം.

ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സബ് സഹാറന്‍ ആഫ്രിക്കയിലെ പോഷകക്കുറവ് അഭിമുഖീകരിക്കുന്ന ജനസംഖ്യയുടെ അനുപാതം 2015 ലെ 20.8 ശതമാനത്തില്‍ നിന്നും 2016 ആകുമ്പോഴേക്കും 22.7 ശതമാനമായി. തെക്കു കിഴക്കന്‍ ഏഷ്യയില്‍, 2015 ലെ 9.4 ശതമാനത്തില്‍ നിന്നും ഇത് 2016 ല്‍ 11.5 ശതമാനത്തിലേക്ക് എത്തി. സബ് സഹാറന്‍ ആഫ്രിക്കയില്‍ 224 ദശലക്ഷം പേരിലാണ് ന്യൂനപോഷണമുള്ളത്. ലോകത്തില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനതയുടെ 25 ശതമാനം വരുമിത്. തെക്കു കിഴക്കന്‍ ഏഷ്യയില്‍ 74 ദശലക്ഷം ന്യൂനപോഷണമുള്ള ആളുകളാണുള്ളത്. പോഷകാഹാരം വേണ്ട അളവില്‍ ലഭിക്കാത്ത ആകെ ലോക ജനസംഖ്യയുടെ ഒന്‍പത് ശതമാനത്തോളം വരുമിത്. (എഫ്എഒയുടെ 2017 ലെ കണക്കുകള്‍ പ്രകാരം).

ഏഷ്യയുടെ മറ്റ് ഉപ മേഖലകള്‍, പ്രധാനമായും കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലാണ് ലോകത്ത് ന്യൂനപോഷണമുള്ളവരില്‍ 51 ശതമാനവുമുള്ളത്. ജനസംഖ്യാ വര്‍ധനവും ഈ മേഖലകളില്‍ ന്യൂനപോഷണമുള്ളവരുടെ പ്രാമുഖ്യത്തിന് കാരണമാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഇത് കിഴക്കന്‍ ഏഷ്യയില്‍ ന്യൂനപോഷണമുള്ള ആളുകളുടെ എണ്ണം 2010 ലെ 178.4 ദശലക്ഷത്തില്‍ നിന്നും 2016 ആകുമ്പോഴേക്കും 145.5 ദശലക്ഷമായി കുറച്ചു. തെക്കന്‍ ഏഷ്യയിലും മതിയായ പോഷണം ലഭിക്കാത്ത ആളുകളുടെ എണ്ണം 2010ലെ 271.4 ദശലക്ഷത്തില്‍ നിന്നും 2016ല്‍ 266.8 ദശലക്ഷമായി കുറച്ചു (എഫ്എഒയുടെ 2017ലെ കണക്കുകള്‍ പ്രകാരം).

അതേസമയം ശക്തമായ സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പത്തിന്റെ കുറഞ്ഞതും സുസ്ഥിരവുമായ നിരക്കും കിഴക്കന്‍, തെക്കന്‍ ഏഷ്യാ മേഖലകളില്‍ ഭക്ഷ്യ സുരക്ഷ വര്‍ധിക്കുന്നതിലേക്ക് നയിച്ചു. തല്‍ഫലമായി ഈ മേഖലകളില്‍ പോഷകക്കുറവിന് അല്‍പം ആശ്വാസമുണ്ടായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വിതരണത്തിലുണ്ടായ ആഘാതത്തിനൊപ്പം അക്രമങ്ങളും കലഹങ്ങളും വര്‍ധിച്ചതും സബ് സഹാറന്‍ ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ തുടങ്ങിയ മേഖലകളെ ബാധിച്ചു. സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശങ്ങളിലെ ഭക്ഷ്യ സുരക്ഷ വഷളാകുകയും ചെയ്തിട്ടുണ്ട്.

തെക്കു കിഴക്കന്‍ ഏഷ്യയില്‍ വിയറ്റ്‌നാം, മ്യാന്‍മര്‍, ഇന്തോനേഷ്യ, മംഗോളിയ, ടിമോര്‍-ലെസ്‌റ്റെ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട മോശം കാലാവസ്ഥ കാരണം കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന നഷ്ടം അഭിമുഖീകരിച്ചു. കാലാവസ്ഥാ മാറ്റങ്ങളുടെ കോട്ടം ഏശാത്ത രീതിയില്‍ കാര്‍ഷിക മേഖലയെ നവീകരിക്കുന്നത് ഭക്ഷ്യ അരക്ഷിതത്വവും പോഷകക്കുറവിന്റെ ആധിക്യവും കുറക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് മോചിതമായി പെട്ടെന്ന് പൂര്‍വ സ്ഥിതി പ്രാപിക്കാന്‍ സാധിക്കുന്ന തരത്തില്‍ കാര്‍ഷിക മേഖലയെ പരിവര്‍ത്തനപ്പെടുത്താനാണ് നിലവില്‍ ഈ രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്. കര്‍ഷകരെ ഉപദേശിക്കാനും വിവരങ്ങള്‍ നല്‍കാനുമുള്ള പദ്ധതികള്‍ വര്‍ധിപ്പിക്കുക, ജല മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, അത്യുല്‍പ്പാദന ശേഷിയുള്ള വിള വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക, കൊടുങ്കാറ്റുകളെ ചെറുക്കാന്‍ ഭക്ഷ്യ സംഭരണശാലകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നിവയിലൂടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങളില്‍ നിന്ന് പരിരക്ഷണം നല്‍കാനുള്ള പദ്ധതികള്‍ അടിയന്തരമായി ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്.

എന്നുമാത്രമല്ല, സാര്‍വത്രിക വിള ഇന്‍ഷുറന്‍സ്, പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കുന്ന സുരക്ഷാ പദ്ധതികള്‍ എന്നിവ കൊണ്ടുവരാനുള്ള നടപടികളും മുന്നോട്ടു വെക്കണം. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍, പര്യാപ്തമായ വ്യവസ്ഥാപിത പരിതസ്ഥിതിക്കൊപ്പം കാലാവസ്ഥയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് സാങ്കേതികവിദ്യകളില്‍ പൊതു സ്വകാര്യ നിക്ഷേപം ഉറപ്പാക്കണം.

എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട പ്രതികൂല കാലാവസ്ഥക്കൊപ്പം വര്‍ധിച്ച അക്രമസംഭവങ്ങളും ദോഷകരമായി ബാധിച്ച സബ് സഹാറന്‍ രാജ്യങ്ങള്‍, താറുമാറായ ഭക്ഷ്യോല്‍പ്പാദനം മൂലം വളരുന്ന ഭക്ഷ്യ അസുരക്ഷിതത്വം, തല്‍ഫലമായി ജനങ്ങളിലുണ്ടാകുന്ന വര്‍ധിച്ച തോതിലുള്ള പോഷകക്കുറവ് എന്നിവ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നൈജീരിയ, ദക്ഷിണ സുഡാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങളുടെ വിനാശകരമായ ഫലങ്ങള്‍ ഗുരുതരമാണ്. 15.8 ദശലക്ഷം ജനങ്ങളാണ് ഇവിടെ ഭക്ഷ്യ അസുരക്ഷിതത്വം അഭിമുഖീകരിക്കുന്നത്. സംഘര്‍ഷങ്ങള്‍ ഭക്ഷ്യ അരക്ഷിതത്വത്തിനു മേലുണ്ടാക്കുന്ന ഹാനികരമായ പ്രത്യാഘാതങ്ങള്‍ക്ക് പുറമേ, ഭക്ഷ്യ അസുരക്ഷിതത്വം, പോഷകാഹാരക്കുറവ് എന്നിവ മൂലമുള്ള സംഘര്‍ഷങ്ങളും ഈ രാജ്യങ്ങളില്‍ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും വിശപ്പ് ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം ഒരിക്കലും നേടിയെടുക്കാന്‍ സാധിക്കാത്ത ഒന്നാണെന്ന് തോന്നുന്നില്ല. അതിലേക്ക് നയിക്കുന്ന സുദീര്‍ഘമായ ഒരു പാതയുണ്ട്. പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങളാല്‍ തിരിച്ചടിയേറ്റ്, അങ്ങേയറ്റം അസ്വസ്ഥരായ കര്‍ഷകരുടെ ആശങ്കകള്‍ അഭിസംബോധന ചെയ്യുകയോ സംഘര്‍ഷ ബാധിതരായ ജനങ്ങള്‍ക്ക് സഹായം നല്‍കുകയോ ചെയ്യുന്നത് ഭക്ഷ്യ, പോഷണ സുരക്ഷ നേടിയെടുക്കുന്നതില്‍ നിര്‍ണായകമാണ്. അതേസമയം, കിഴക്കന്‍ ഏഷ്യന്‍, ദക്ഷിണേഷ്യന്‍ ഉപ പ്രദേശങ്ങളില്‍ പോഷകക്കുറവിന്റെ വ്യാപനം കുറക്കുന്നതിന് ശക്തമായ സാമ്പത്തിക വളര്‍ച്ച അത്യാവശ്യമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം കാണേണ്ടതും ലോകത്ത് നിന്ന് പട്ടിണി തുടച്ചു മാറ്റുന്നതിന് അനിവാര്യമാണ്.

 

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider
Tags: Poverty